കൂറുമാറ്റം: കരിമണ്ണൂര്‍ പഞ്ചായത്ത് അംഗം ഡി. ദേവസ്യയെ അയോഗ്യനാക്കി
text_fieldsഡി. ദേവസ്യ
തൊടുപുഴ: കരിമണ്ണൂര്‍ പഞ്ചായത്ത് അംഗം ഡി.ദേവസ്യയെ കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് അയോഗ്യനാക്കി. 2015ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചതിനു ശേഷം പാര്‍ട്ടി വിപ്പ് ലംഘിച്ച് എല്‍.ഡി.എഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായതാണ് അയോഗ്യതക്ക് കാരണമായത്. യു.ഡി.എഫ് ധാരണപ്രകാരം കേരള കോൺഗ്രസിലെ ടോജോ പോൾ രാജിവെച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിലാണ് അട്ടിമറി നടന്നത്. ഇതോടെ യു.ഡി.എഫിന് ഭരണവും നഷ്ടപ്പെട്ടു.
അന്ന് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന സിബി കുഴിക്കാട്ടിലാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. 2015ല്‍ കരിമണ്ണൂര്‍ ടൗണ്‍ വാര്‍ഡിനെയാണ് ഡി. ദേവസ്യ പ്രതിനിധീകരിച്ചത്. അന്ന് യു.ഡി.എഫ് എട്ട്, എൽ.ഡി.എഫ് ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. കോൺഗ്രസുകാരനായ ഡി. ദേവസ്യ കൂറുമാറി എൽ.ഡി.എഫിൽ എത്തി പ്രസിഡന്റ് സ്ഥാനാർഥിയായി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരുവർക്കും തുല്യ വോട്ട് കിട്ടുകയും തുടർന്ന് നറുക്കെടുപ്പിലൂടെ ഡി. ദേവസ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് സ്വതന്ത്രനായി ഒമ്പതാംവാര്‍ഡ് പന്നൂരില്നിന്നുമാണ് വിജയിച്ചത്. അയോഗ്യനാക്കപ്പെട്ടതോടെ ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. നിലവിലെ പഞ്ചായത്ത് അംഗത്വം നഷ്ടമാകും. 14അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫ് എട്ട്, യു.ഡി.എഫ് ആറ് എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. ഡി. ദേവസ്യ അയോഗ്യനായെങ്കിലും ഒരീ അംഗത്തിന്റെ ഭൂരിപക്ഷമുള്ളതിനാൽ എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടില്ല. അയോഗ്യനാക്കിയ വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ദേവസ്യ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.