കരാട്ടേ മുതൽ നീന്തൽ വരെ; കുട്ടികൾക്കായി അവധിക്കാല ക്യാമ്പുകൾ സജീവം
text_fieldsതൊടുപുഴ മുനിസിപ്പൽ ബിൽഡിങ്ങിൽ ആരംഭിച്ച കരാട്ടെ ബ്ലാക്ക് ബെൽറ്റ് പരിശീലനത്തിൽ കരാട്ടെ അക്കാദമി ചീഫ് ബേബി എബ്രഹാമും തൊടുപുഴ പൊലീസ് സബ് ഇൻസ്പെക്ടർ ജോബിയും
തൊടുപുഴ: പരീക്ഷക്കാലം കഴിഞ്ഞതോടെ കായിക വിനോദങ്ങളും പഠനക്കളരികളുമൊക്കെയായി സജീവമാകുകയാണ് ജില്ലയിലെ അക്കാദമികളും കായിക സംഘടനകളും. ഏപ്രിലായതോടെ പല ക്യാമ്പുകളും സജീവമായി. നീന്തൽ, ഫുട്ബാൾ, കരാട്ടേ എന്നിവയിൽ പരിശീലന ക്ലാസും തുടങ്ങിക്കഴിഞ്ഞു.
ജില്ല ഹാൻഡ്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ സമ്മർ പരിശീലന ക്യാമ്പിന് ഞായറാഴ്ച തൊടുപുഴ കുമാരമംഗലം എം.കെ.എൻ.എം എച്ച്.എസ് സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ജില്ല സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ അവധിക്കാല കോച്ചിങ് ക്യാമ്പും ഉടൻ ആരംഭിക്കുന്നുണ്ട്. പത്ത് വയസ്സ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഈമാസം 10 മുതൽ 25 വരെ തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിലും 16 മുതൽ 25 വരെ വണ്ടന്മേട് എം.ഇ.എസ് എച്ച്.എസ്.എസി.ലുമാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഫോൺ: 9447173843.
സമ്മർ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് ഉദ്ഘാടനത്തിനെത്തിയ ഒളിമ്പ്യൻ ഷൈനി വിൽസൺ കുട്ടികൾക്കൊപ്പം
തൊടുപുഴ സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടന്നുവരുന്ന സമ്മർ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് ഉദ്ഘാടനം ഒളിമ്പ്യനും പത്മ അവാർഡ് ജേതാവുമായ ഷൈനി വിൽസൺ നിർവഹിച്ചു. മുൻ ദേശീയ നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിൽസൺ ചെറിയാൻ മുഖ്യാതിഥിയായി. കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ടോം ജോസ് കുന്നേൽ അധ്യക്ഷത വഹിച്ചു.
ജില്ല റോളർ സ്കേറ്റിങ് അസോസിയേഷന്റെയും ജില്ല സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തൊടുപുഴ മുനിസിപ്പൽ യു.പി സ്കൂളിൽ റോളർ സ്കേറ്റിങ് പരിശീലനത്തിനും തുടക്കമായി. മേയ് 28 വരെ എല്ലാ ദിവസവും ക്യാമ്പ് ഉണ്ടായിരിക്കും. പരിശീലനം ആഗ്രഹിക്കുന്ന കുട്ടികൾ അസോസിയേഷനുമായോ 9447828361 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ജില്ല അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവധിക്കാല നീന്തൽ പരിശീലനവും വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ ആരംഭിച്ചു.
രാവിലെയും വൈകീട്ടും വിവിധ ബാച്ചായാണ് പരിശീലനം. പെൺകുട്ടികൾക്കു മാത്രമായി പ്രത്യേക ബാച്ച് ഉണ്ടാകും. രണ്ട് മുതൽ എട്ടു വയസ്സു വരെയുള്ള കുട്ടികൾക്കായി പ്രത്യേകം സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്. ദേശീയ, അന്തർദേശീയ താരങ്ങൾ പരിശീലന പരിപാടികൾക്കു നേതൃത്വം നൽകും. ഫോൺ: 9447223674.
ജില്ല ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തിൽ 17 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. തൊടുപുഴ(9074670264), കട്ടപ്പന (9562626781), വണ്ടിപ്പെരിയാർ (9633559874), കുമളി (9656864616), രാജാക്കാട് (9605092370), നെടുങ്കണ്ടം (9747452545) എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്.
തൊടുപുഴ മുനിസിപ്പൽ ബിൽഡിങ്ങിൽ കരാട്ടേ ബ്ലാക്ക് ബെൽറ്റ് കോച്ചിങ് ക്യാമ്പും ആരംഭിച്ചു. കരാട്ടേ സ്പോർട്സ് അക്കാദമിയുടെ കീഴിലുള്ള ഈ വർഷത്തെ കരാട്ടേ ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ്ങിനുള്ള കുട്ടികളുടെ ക്യാമ്പാണ് ആരംഭിച്ചത്. തൊടുപുഴ, കരിമണ്ണൂർ, പന്നിമറ്റം, മൂവാറ്റുപുഴ എന്നീ വിവധ ബ്രാഞ്ചുകളിൽനിന്നും 150ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, തൊടുപുഴ പൊലീസ് സബ് ഇൻസ്പെക്ടർ ജോബി എന്നിവർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെയാണ് പരിശീലനം.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ്. തൊടുപുഴ(9074670264), കട്ടപ്പന (9562626781), വണ്ടിപ്പെരിയാർ (9633559874),കുമളി (9656864616), രാജാക്കാട് (9605092370), നെടുങ്കണ്ടം (9747452545)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

