അക്കരെയിക്കരെ നിന്നാലെങ്ങനെ റോഡ് തീരും...?
text_fieldsപണി പൂർത്തിയായ മാരിയിൽ കലുങ്ക് പാലം
തൊടുപുഴ: ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ ചൊല്ല്...പക്ഷേ, മാരിയിൽ കലുങ്ക് പാലത്തിന്റെ കാര്യത്തിൽ അത് ഒട്ടുമങ്ങോട്ട് ശരിയാവില്ല. ഈ പാലം ഒരിടത്തോട്ട് മാത്രമേയുള്ളു. അതുകൊണ്ടുതന്നെ വെറുതെ കാണാനും വൈകുന്നേരം വന്നിരുന്ന് ഇത്തിരി കാറ്റുകൊള്ളാനുമല്ലാതെ വലിയ പ്രയോജനമൊന്നുമില്ലാതെ പാലമങ്ങനെ നീണ്ടുനിവർന്നു കിടപ്പുണ്ട്.അതിലും വലിയ കോമഡിയായി പാലത്തിന്റെ പടിഞ്ഞാറേ കരയിൽ കഴിഞ്ഞ ദിവസം ടാറിങ് പൂർത്തിയാക്കിയ അപ്രോച്ച് റോഡ് കറുത്തു മിന്നുന്നു. എന്നാൽ, പാലത്തിലൂടെ അക്കരയ്ക്ക് പോയേക്കാം എന്നു കരുതിയാൽ കഥ അവിടെ കഴിയും.
മാരിയിൽ കലുങ്ക് പാലത്തിന്റെ കിഴക്കേ കരയിൽ കാഞ്ഞിരമറ്റം ഭാഗത്ത് അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലം കാടുപിടിച്ചുകിടക്കുന്നു
പാലത്തിനപ്പുറം ശൂന്യമായ അന്തരീക്ഷത്തിലേക്കാവും കാല് വെയ്ക്കുക. അവിടെ വഴിയുമില്ല, റോഡുമില്ല. കാത്തിരിക്കുന്നത് വലിയൊരു ഗർത്തം. അതിനുമപ്പുറം കാടുപിടിച്ച കുറേ സ്ഥലം മാത്രം. ഏറ്റെടുത്ത ആ സ്ഥലത്തെ കുഴിയൊക്കെ നികത്തണം. കാടുംപടലുമൊക്കെ വെട്ടിവെടിപ്പാക്കണം. റോഡ് പണിയണം. എങ്കിലേ പാലം കൊണ്ട് പ്രയോജനമുണ്ടാകൂ. അല്ലെങ്കിൽ കോടികൾ ചെലവഴിച്ചുണ്ടാക്കിയ മാരിയിൽ കലുങ്ക് പാലം വെറുമൊരു നടപ്പാത മാത്രമാകും.
കോടികൾ കൊണ്ടൊരു നോക്കുകുത്തി
നഗരത്തിലെ തിരക്ക് കുറക്കാനാണ് 2015ൽ തൊടുപുഴയാറിനു കുറുകെ മാരിയിൽ കലുങ്ക് ഭാഗത്തുനിന്ന് കാഞ്ഞിരമറ്റത്തേക്ക് പൊതുമരാമത്ത് വകുപ്പ് പാലം പണിയാൻ തുടങ്ങിയത്. രണ്ട് വർഷം കൊണ്ട് പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുത്തിരുന്നില്ല. രണ്ട് ഘട്ടത്തിലായി 9.38 കോടി മുടക്കി 12 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിട്ട് രണ്ടു വർഷം കഴിഞ്ഞു.
പാലത്തിന്റെ പണി കഴിഞ്ഞപ്പോൾ ഫണ്ടിൽനിന്ന് ബാക്കി വന്ന 90 ലക്ഷം രൂപ ഉപയോഗിച്ച് കാഞ്ഞിരമറ്റം ഭാഗത്ത് റോഡ് നിർമിക്കാനും പടിഞ്ഞാറേ കരയിലെ റോഡിന് സ്ഥലം എം.എൽ.എ പി.ജെ ജോസഫിന്റെ ഫണ്ടിൽനിന്ന് 1.8 കോടി അനുവദിക്കാനും തീരുമാനിച്ചിരുന്നതായി വാർഡ് മെംബർ അഡ്വ. ജോസഫ് ജോൺ പറയുന്നു. ഇതുപ്രകാരം എം.എൽ.എ ഫണ്ടിലെ തുക ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം മാരിയിൽ കലുങ്കിന്റെ പടിഞ്ഞാറ് ഭാഗത്തെ അപ്രോച്ച് റോഡ് ടാർ ചെയ്ത് പണി പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മാരിയിൽ കലുങ്ക് പാലത്തിന്റെ പടിഞ്ഞാറേ കരയിലെ അപ്രോച്ച് റോഡ് ടാറിങ് പൂർത്തിയാക്കിയ നിലയിൽ
കാഞ്ഞിരമറ്റം ഭാഗത്ത് റോഡ് നിർമിക്കാൻ പുതുക്കിയ എസ്റ്റിമേറ്റിന് അപേക്ഷ കൊടുത്തെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് എസ്റ്റിമേറ്റ് പുതുക്കി ലഭിച്ചു. പാലം പണിത കരാറുകാരനു തന്നെയാണ് അപ്രോച്ച് റോഡിന്റെ നിർമാണ ചുമതലയും നൽകിയത്. എന്നാൽ, കരാറുകാരനുമായി ധാരണപത്രത്തിൽ ഒപ്പിടുന്നതിനായി പേപ്പർ തയാറാക്കിയെങ്കിലും ചീഫ് എൻജിനീയറുടെയും സൂപ്രണ്ട് എൻജിനീയറുടെയും മേശപ്പുറത്ത് കറങ്ങിയിറങ്ങുകയാണ്. 400 മീറ്റർ നീളമുള്ള റോഡ് പണിയാൻ കഴിയാത്തിടത്തോളം പാലം കോടികൾ മുടക്കിയ വെറുമൊരു നോക്കുകുത്തിയായി മാറുകയേ ഉള്ളു. പേപ്പർ ശരിയായാൽ അടുത്ത ദിവസം റോഡിന്റെ പണി തുടങ്ങുമെന്ന് വാർഡ് മെംബർ തറപ്പിച്ചു പറയുന്നു.
മാരിവില്ലു പോലൊരു സ്വപ്നം
ഇടവെട്ടി, കുമ്മങ്കല്ല്, കാരിക്കോട് ഭാഗത്തുള്ളവർക്ക് നഗരത്തിൽ പ്രവേശിക്കാതെ കാഞ്ഞിരമറ്റം വഴി ഒളമറ്റത്തെത്തി കട്ടപ്പന റൂട്ടിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് മാരിയിൽ കലുങ്ക് പാലം. 10 വർഷമായി പാലമെന്ന ആശയുമായി നാട്ടുകാർ അക്കരെയിക്കരെ നിൽക്കാൻ തുടങ്ങിയിട്ട്. ഒരു വർഷം മുമ്പ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി അപ്രോച്ച് റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണമെന്ന് നിർദേശം നൽകി പോയതാണ്. എന്തായാലും പാലത്തിന് ഒരു കരയിലെങ്കിലും അപ്രോച്ച് റോഡുണ്ടായല്ലോ എന്ന സമാധാനമുണ്ട് നാട്ടുകാർക്ക്. തങ്ങളുടെ മക്കളുടെ കാലത്തെങ്കിലും മറുകരയിലും റോഡ് വരുമെന്ന് ആശ്വസിക്കാമെന്ന് മാരിയിൽ കലുങ്കിലിരുന്ന് നാട്ടുവിശേഷം പങ്കിടുന്നവർ തമാശ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.