കെ.എ. ജാഫർഖാന്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡൽ
text_fieldsജാഫർ ഖാൻ
തൊടുപുഴ: ദുരന്തമുഖങ്ങളിൽ പതറാതെ നടത്തിയ രക്ഷാപ്രവർത്തനത്തിന് ജാഫർഖാനെ തേടി രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡൽ നേട്ടം. കേരള അഗ്നിരക്ഷാസേനയിലെ ഗ്രേഡ് സ്റ്റേഷൻ ഓഫിസർ കെ.എ. ജാഫർഖാനാണ് 2026ലെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചത്. തൊടുപുഴ ഇടവെട്ടി സ്വദേശിയായ ജാഫർഖാൻ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിക്ഷോഭങ്ങളിലെല്ലാം മുൻനിരയിൽനിന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
2018ലെ പ്രളയസമയത്തെ പ്രവർത്തനത്തിന് ‘ബാഡ്ജ് ഓഫ് ഓണർ’ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 2019ൽ മലപ്പുറം കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ തുടർച്ചയായി 10 ദിവസം നടത്തിയ രക്ഷാപ്രവർത്തനത്തിന് ‘സദ്സേവന പത്രം’ ലഭിച്ചു. 2020 പെട്ടിമുടി ദുരന്തത്തിലും 2021 കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മണ്ണിടിച്ചിലിൽ പെട്ടവരെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾക്ക് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചു. 2022 കുടയത്തൂർ ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തതിന് സേവന പുരസ്കാരം തേടിയെത്തി.
ഇടവെട്ടി കോയിങ്കൽ അബ്ദുൽ കരീമിന്റെയും ആമിനയുടെയും മകനാണ് ജാഫർഖാൻ. ഷംജയാണ് ഭാര്യ. മകൻ: അയാൻ ജെ. ഖാൻ. 1999ലാണ് സർവിസിൽ കയറിയത്. നാലരവർഷമായി തൊടുപുഴ അഗ്നിരക്ഷാനിലയത്തിലായിരുന്നു. നിലവിൽ ഗ്രേഡ് സ്റ്റേഷൻ ഓഫിസറായി കാസർകോട്ടേക്ക് സ്ഥലംമാറ്റം ലഭിച്ചതിനോടൊപ്പമാണ് രാഷ്ട്രപതിയുടെ അംഗീകാരവും തേടിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

