കെ ഫോൺ; ഇടുക്കി ജില്ലക്ക് കുതിപ്പ്, 1323 സര്‍ക്കാര്‍ ഓഫിസുകളിൽ നെറ്റ്വര്‍ക്ക്
text_fieldsതൊടുപുഴ: വീടുകളിലും ഓഫിസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെ ഫോൺ കണക്ഷന് ജില്ലയില്‍ വര്‍ധന. ഡിജിറ്റൽ അടിസ്ഥാനസൗകര്യം ശക്തവും കാര്യക്ഷമവുമാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്വർക്ക്.
സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നുവെന്ന നിലയിലാണ് കെ ഫോണ്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത്. ജില്ലയില്‍ കെ ഫോണ്‍ പദ്ധതി വഴി 4789 കണക്ഷനുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. ഇതുവരെ 2065.519 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്.
കെ.എസ്.ഇ.ബി ട്രാന്സ്മിഷന് ടവറുകളിലൂടെ 302.117 കിലോമീറ്റര്‍ ഒ.പി.ജി.ഡബ്യു കേബിളുകളും 1763.402 കിലോമീറ്റര്‍ എഡി.എസ്.എസ് കേബിളുകള്‍ കെ.എസ്.ഇ.ബി പോസ്റ്റുകള്‍ വഴിയുമാണ് കേബിള്‍ സ്ഥാപിച്ചത്. ജില്ലയില്‍ കലക്ടറേറ്റ് ഉള്‍പ്പടെയുള്ള 1323 സര്‍ക്കാര്‍ ഓഫിസുകള്‍ ഇപ്പോള്‍ കെ ഫോണ്‍ നെറ്റ്വര്‍ക്കാണ് ഉപയോഗിക്കുന്നത്.
392 ബി.പി.എല്‍ വീടുകളില്‍ കെ ഫോണ്‍ കണക്ഷന്
ജില്ലയില്‍ ഇതിനകം ആകെ 392 ബി.പി.എല്‍ വീടുകളില്‍ കെ ഫോണ്‍ കണക്ഷന് നല്‍കിക്കഴിഞ്ഞു. 4263 വാണിജ്യ കണക്ഷനുകളും നല്കി. പ്രാദേശിക ഓപറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുക. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 124 ലോക്കല്‍ നെറ്റുവര്‍ക്ക് ഓപറേറ്റര്‍മാര്‍ കെ ഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
കണക്ഷനുകള്‍ക്ക് വേണ്ടി പുതിയ രജിസ്ട്രേഷനുകളും വരുന്നുണ്ട്. 21 ഹൈ വാല്യു കണക്ഷനുകളും ജില്ലയില്‍ നല്കി. പുതിയ ഗാര്‍ഹിക കണക്ഷന് എടുക്കാന്‍ എന്റെ കെ ഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ ഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.