വരുന്നു...ചക്കയുടെ സുവർണ കാലം
text_fieldsതൊടുപുഴ: ഗ്രാമീണ ജനതയുടെ ഇഷ്ടവിഭവങ്ങളിലൊന്നായ ചക്കക്ക് ഇപ്പോൾ നാട്ടിലും മറുനാട്ടിലും ആവശ്യക്കാരേറെ. ജനുവരി മുതൽ ചക്കയുടെ സീസൺ ആരംഭിച്ചതോടെ ഡിമാൻഡ് കൂടി.
ഹൈറേഞ്ചിലും ലോ റേഞ്ചിലുമുളള പ്ലാവുകളിൽ നിന്നുമായി സംസ്ഥാനത്തിനകത്തും പുറത്തുമായി ടൺകണക്കിന് ചക്കയാണ് വിപണിയിൽ എത്തുന്നത്. നേരത്തെ ആവശ്യക്കാരില്ലാതെ ഗ്രാമങ്ങളിൽ പഴുത്ത് ചീഞ്ഞ് ചാടിയിരുന്ന ചക്കകളുടെ സ്ഥാനത്ത് ഇപ്പോൾ മൂപ്പെത്തും മുമ്പേ കച്ചവടക്കാർ ചക്ക വിലപറഞ്ഞ് സ്വന്തമാക്കുന്നു.
ചുള മുതൽ കുരുവരെ വൻ ഡിമാൻഡ്
ചക്കയുടെ ചുളമുതൽ കുരുവരെയുളള മുഴുവൻ സാധനങ്ങൾക്കും ഡിമാൻഡ് വർധിച്ചു. ചക്ക മുഴുവനായും ചുളകളായുമെല്ലാം മാർക്കറ്റിൽ സുലഭമാണ്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസമാണ് ചക്ക കിട്ടുന്നത്. മഴക്കാലത്തും ചുരുങ്ങിയ തോതില്‍ ചക്ക കിട്ടാറുണ്ട്. സംസ്ഥാനത്തെ മറ്റ് ഇടങ്ങളിലെ ചക്കയേക്കാൾ പ്രത്യേകതയുളളതാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ചക്ക.
പ്രത്യേകിച്ച് മറയൂർ മേഖലയിലെ ചക്കകൾക്ക് വൻ ഡിമാൻഡാണ്. മധുരമേറിയതിനാലാണ് ഇൗ ചക്കകൾ പ്രിയങ്കരമാകുന്നത്. കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രേത്യകതകതളുമാണ് ചക്കക്ക് മധുരമേറാൻ കാരണം. ഓരോ ചക്ക സീസണിലും ടൺ കണക്കിന് ചക്കകളാണ് അതിർത്തി കടക്കുന്നത്. വീടുകളിൽനിന്ന് ചെറിയ വിലകളിൽ വാങ്ങുന്ന ചക്കകൾ വിപണിയിലെത്തിയാൽ പിന്നെ മോഹവിലയാണ്.
സംരംഭക സാധ്യതകൾ തുറന്ന് ചക്ക വിപണി
വിപണിയിലെ താരമായതോടെ സംരംഭകർക്ക് വിശാല സാധ്യതകളാണ് ചക്ക നൽകുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്താൽ വലിയ വരുമാനം നേടാമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. തൊടുപുഴയിലെ കർഷക കൂട്ടായ്മയായ കാഡ്സ് ഈ രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വർഷങ്ങളായി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സീസൺ ആരംഭിച്ചതോടെ ഇത്തവണയും അവർ ചക്ക വിപണി ആരംഭിച്ച് കഴിഞ്ഞു. കാഡ്സ് കർഷക ഓപൺ മാർക്കറ്റിൽ വരിക്കച്ചക്ക കിലോക്ക് 30 രൂപക്കും ചക്കച്ചള (കൂഴയും, വരിക്കയും) 100 രൂപക്കും ചക്കച്ചുള അരിഞ്ഞത് 110 രൂപക്കുമാണ് കർഷകരിൽനിന്ന് സംഭരിക്കുന്നത്.
ചക്കക്കുരു 50 രൂപക്കും സംഭരിക്കും. കൂടാതെ മുരിങ്ങയില കിലോഗ്രാമിന് 40 രൂപ, നാടൻ കറിവേപ്പില (തണ്ടില്ലാതെ) 50, കസ്തൂരി മഞ്ഞൾ 50 എന്നിവ ഇവിടെ സംഭരിക്കുന്നുണ്ട്. മികച്ച വിപണനം നടത്തുന്ന കർഷകർക്ക് ‘ചക്കശ്രീ’ പുരസ്കാരവും നൽകുന്നു. ഏറ്റവും കൂടുതൽ ചക്കച്ചുള വിൽക്കുന്നവർക്കാണിത്. കഴിഞ്ഞവർഷം 1,36,000 രൂപയുടെ ചക്കച്ചുള വിൽപന നടത്തിയ കർഷകന് ഇൗ ബഹുമതി ലഭിച്ചു. ഒരു ലക്ഷം രൂപയുടെ ചക്കച്ചുളകളാണ് രണ്ടാം സ്ഥാനത്തെത്തിയ കർഷകൻ മാർക്കറ്റിൽ വിൽപന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

