അറുതിയില്ല; അതിക്രമങ്ങൾക്ക്...
text_fieldsതൊടുപുഴ: ജില്ലയിൽ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കുറവില്ല. ഓരോ വർഷത്തെയും കണക്കുകൾ പരിശോധിച്ചാൽ കേസുകൾ കൂടിവരുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 2024 ജനുവരി ഒന്നുമുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ജില്ലയിൽ 19,852 കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തത്. 14 കൊലപാതകങ്ങളും ഇക്കാലയളവിൽ ഉണ്ടായി. 15 കവർച്ച കേസുകളും 21 പീഡനക്കേസുകളും റിപ്പോർട്ട് ചെയ്തു. നൂറോളം മോഷണക്കേസുകളും റിപ്പോർട്ട് ചെയ്ത കൂട്ടത്തിലുണ്ട്.
മനഃസാക്ഷിയെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത് കഴിഞ്ഞ വർഷമാണ്. ഒരു മോഷണ ശ്രമത്തിൽനിന്ന് ചുരുളഴിഞ്ഞതാണ് കട്ടപ്പന കാഞ്ചിയാറിലെ ഇരട്ടക്കൊലപാതകം. കാഞ്ചിയാർ കക്കാട്ടികട നെല്ലാനിക്കൽ വിജയൻ, അദ്ദേഹത്തിന്റെ മകളുടെ ആൺകുഞ്ഞ് എന്നിവരാണ് കൊല്ലപ്പെട്ടത്.
2016ൽ പിഞ്ചുകുഞ്ഞിനേയും 2023ൽ അതിന്റെ മുത്തച്ഛനേയും കൊന്നു കുഴിച്ചുമൂടിയതായി ഒന്നാം പ്രതിയും കുഞ്ഞിന്റെ അച്ഛനുമായ പാറക്കടവ് പുത്തൻ പുരയ്ക്കൽ നീതീഷ് (രാജേഷ്-31) കട്ടപ്പന പൊലീസിനോട് സമ്മതിച്ചു. മന്ത്രവാദിയെന്ന പേരിൽ വിജയന്റെ കുടുംബവുമായി അടുത്ത നിതീഷ്, പൂജയുടെ ഫലപ്രാപ്തിയുടേ പേര് പറഞ്ഞ് കുടുംബത്തെ സമൂഹത്തിൽനിന്ന് അകറ്റി.
മകളുടെ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടി. ഇതിന് വിജയനും മകൻ വിഷ്ണുവും കൂട്ടുനിന്നു. പിന്നീട് പാറക്കടവിലെ ഇവരുടെ വീട് വിൽപ്പിച്ച് കാഞ്ചിയാറിലെ വാടകവീട്ടിലേക്ക് മാറി. വീട് വിറ്റ തുക നിതീഷ് കൈക്കലാക്കിയിരുന്നു. ഇത് തിരിച്ച് ചോദിച്ചപ്പോഴാണ് വിജയനെ അടിച്ച് കൊന്ന് വീടിന്റെ തറക്കുള്ളിൽ കുഴിച്ചിട്ടത്. വിജയന്റെ ഭാര്യയും മക്കളും ഇതിന് സാക്ഷികളായിരുന്നു. വിശ്വാസത്തിന്റെ പേരിലും പേടിച്ചും പിന്നെയും ഇവർ നിതീഷിനെ അനുസരിച്ചു. ഇവർക്ക് ഭക്ഷണം പോലും ആവശ്യത്തിന് കൊടുത്തിരുന്നില്ല. മാർച്ച് രണ്ടിന് കട്ടപ്പന നഗരത്തിലോ മോഷണം നടത്താൻ ശ്രമിച്ചപ്പോഴാണ് നിതീഷും വിജയന്റെ മകൻ വിഷ്ണുവും പിടിയിലായത്.
ഇതു കൂടാതെ ഭർതൃ പീഡനവുമായി ബന്ധപ്പട്ട് 43 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലൈംഗിക അതിക്രമവുകായി ബന്ധപ്പെട്ട് 24 കേസുകളും ഉണ്ടായി. വഞ്ചന കേസുകളാണ് 2024 ൽ കൂടുതലായി റിപ്പോർട്ട് ചെയ്തത്. 200 ലധികം കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തു. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഒരു മരണവും ജില്ലയിൽ ഉണ്ടായി.
കൊല്ലപ്പെട്ട സാജൻ കൊലക്കേസ് ഉൾപ്പെടെ കേസുകളിൽ പ്രതി
മൂലമറ്റം: മൂലമറ്റം തേക്കിൻകൂപ്പിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മേലുകാവ് എരുമാപ്ര സ്വദേശി പാറശ്ശേരിയിൽ സാജൻ സാമുവൽ (47) കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയെന്ന് പൊലീസ്. ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് സാജന്റെ മൃതദേഹം കണ്ടെത്തിയത്.
2018 മേയിൽ കോതമംഗലം മരിയ ബാറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് ഉൾപ്പെടെയണ് കേസുകൾ. വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോ എന്ന 27കാരനാണ് അന്ന് കുത്തേറ്റ് മരിച്ചത്. ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് സംഭവം. ശേഷം മുട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാറിലും കത്തിക്കുത്ത് നടത്തി. അന്ന് രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ കേസിലും വിചാരണ തുടരുകയാണ്.
മൂലമറ്റം തേക്കുംകൂപ്പിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് നായ് തിരച്ചിൽ നടത്തുന്നു
2022 ഫെബ്രുവരിയിൽ മുട്ടം ബാറിന് സമീപം വഴി തടസ്സപ്പെടുത്തി കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ ഇയാൾ വെടിയുതിർത്തിരുന്നു. ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം മാത്തപ്പാറക്ക് പോകുന്ന വഴി തടസ്സപ്പെടുത്തി നിർത്തിയ കാർ മാറ്റി ഇടാൻ നാട്ടുകാരൻ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടർന്ന് നടന്നുനീങ്ങിയപ്പോൾ പിറകെ വാഹനം ഇരപ്പിച്ച് എത്തുകയും ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിൽ നിന്ന് സാജൻ തോക്ക് എടുത്ത് നാട്ടുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു. എന്നാൽ, സംഭവത്തിൽ പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തില്ല.
2022 ആഗസ്റ്റിൽ ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരമായിരുന്നു നടപടി. കോട്ടയം ജില്ലയിലെ പൊൻകുന്നം, മരങ്ങാട്ടുപള്ളി, മേലുകാവ്, പാലാ സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ സ്റ്റേഷനുകളിലും കട്ടപ്പന, മുട്ടം, തൊടുപുഴ സ്റ്റേഷനുകളിലും കൊലപാതകം, വധശ്രമം, സംഘം ചേർന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ സാജൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

