അനധികൃത കരിങ്കല്ല് വിൽപന; ലോറികൾ പിടികൂടി
text_fieldsപൊലീസ് പിടികൂടിയ ലോറികൾ, അനധികൃതമായി സംഭരിച്ച കരിങ്കല്ല്
തൊടുപുഴ: കെട്ടിട നിർമാണത്തിന്‍റെ മറവിൽ ക്വാറികളിൽനിന്ന് കരിങ്കല്ല് അനധികൃതമായി സംഭരിച്ച് വിൽപന നടത്തുന്ന കേന്ദ്രത്തിൽ പൊലീസ് പരിശോധന. ടൺ കണക്കിന് കരിങ്കല്ലും മൂന്ന് ടോറസ് ലോറികളും പിടിച്ചെടുത്തു.തൊടുപുഴ ഷാപ്പുംപടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തോട് ചേർന്നായിരുന്നു അനധികൃത കരിങ്കല്ല് സംഭരണവും വിതരണവും.
ക്വാറികളിൽനിന്ന് എത്തിക്കുന്ന കല്ല് ഇവിടെ പൊട്ടിച്ച് ചെറിക കഷണങ്ങളാക്കിയാണ് വിൽപന നടത്തുന്നത്. ഇവിടെ നിന്ന് സമീപ ജില്ലകളിലേക്കടക്കം കരിങ്കല്ല് കടത്തുന്നതായി തൊടുപുഴ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
പൊലീസ് പരിശോധനയിൽ പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറികളെന്ന് കണ്ടെത്തി. കെട്ടിടം നിർമാണം നടക്കുന്നതിനാൽ അതിനായാണ് പാറ എത്തിക്കുന്നതെന്നായിരുന്നു നാട്ടുകാർ കരുതിയിരുന്നത്. കൂടാതെ സംഭരണ കേന്ദ്രത്തിന്റെ ചുറ്റും പച്ച നെറ്റ് ഉപയോഗിച്ച് മറച്ചിരുന്നു.
പരിശോധനക്കെത്തിയ പൊലീസ് സംഘത്തെ കണ്ട് ലോറി ഡ്രൈവർമാർ കടന്നുകളഞ്ഞു. നിലവിൽ നൂറ് ലോഡിലേറെ കരിങ്കല്ല് സ്ഥലത്ത് സംഭരിച്ചിട്ടുണ്ട്. കെട്ടിട നിർമാണത്തിന്റെ ഭാഗമായി ഡി.ആർ കെട്ടുന്നതിനാണ് പാറ എത്തിച്ചതെന്നാണ് സൈറ്റ് എൻജിനീയർ പൊലീസിന് നൽകിയ വിശദീകരണം. എന്നാൽ പാറ എത്തിക്കുന്നതിന് പാസോ, മറ്റ് രേഖകളോ ഇവരിൽ നിന്നോ, ലോറികളിൽ നിന്നോ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

