പിഴ ഈടാക്കുമെന്ന് നഗരസഭ സെക്രട്ടറി; നഗരത്തിലെ അനധികൃത ബോർഡുകളും കൊടികളും നീക്കി
text_fieldsതൊടുപുഴ നഗരത്തിൽ സ്ഥാപിച്ച അനധികൃത ബോർഡുകളും കൊടികളും സഗരസഭ ജീവനക്കാർ നീക്കംചെയ്യുന്നു
തൊടുപുഴ: നഗരസഭ പരിധിയിൽ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും ബാനറുകളും കൊടികളും നഗരസഭ ഫ്ലക്സ് സ്ക്വാഡ് നീക്കം ചെയ്തു.
ഹൈകോടതി ഉത്തരവിന് വിരുദ്ധമായി പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും ബോർഡുകളും കൊടികളും കണ്ടെത്തിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ നഗരസഭ തൊടുപുഴ പൊലീസിന് ലിസ്റ്റ് സഹിതം കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദേവസേനന്റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം അനധികൃത ഫ്ലക്സ് ബോർഡുകളും കൊടികളും പൊലീസ് സാന്നിധ്യത്തിൽ നീക്കംചെയ്തത്. അനധികൃതമായി ബോർഡുകളും കൊടികളും സ്ഥാപിച്ചവരിൽനിന്ന് പിഴ ഈടാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. സി.പി.എം ജില്ല സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളും കൊടികളും നീക്കംചെയ്തവയിൽപെടുന്നു.
ഹൈകോടതി കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ തൊടുപുഴ ടൗണിൽ അനധികൃത ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് നഗരസഭ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇവർക്കെതിരെ ഫൈൻ ഉൾപ്പെടെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. അനുമതി ഇല്ലാതെ സ്ഥാപിക്കുന്ന ഓരോ ബോർഡിനും 5000 രൂപ പിഴയും നീക്കംചെയ്യുന്നതിന്റെ ചെലവും ഈടാക്കാനും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവ് ഉള്ളതായി അദ്ദേഹം അറിയിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ദേവസേനൻ, റവന്യൂ ഇൻസ്പെക്ടർ രാജേഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രജിത എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

