ഇ.എസ്.എ പരിധി; പ്രതിഷേധച്ചൂടിൽ ഇടുക്കി
text_fieldsതൊടുപുഴ: ഇ.എസ്.എ പരിധിയിൽനിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയിൽ പ്രതിഷേധം പുകയുന്നു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് ജില്ലയിൽ പ്രതിഷേധം ശക്തമായത്. സംസ്ഥാനത്തിന്‍റേതടക്കം ഭേദഗതി നിർദേശങ്ങൾ പരിഗണിക്കാതെയാണ് പുതിയ കരട് പുറത്തിറക്കിയതെന്നാണ് ആക്ഷേപം. ഇപ്പോഴത്തെ നിലയിൽ വിജ്ഞാപനം പ്രാബല്യത്തിൽ വരുന്നതോടെ ജില്ലയിലെ 50ലധികം റവന്യൂ വില്ലേജുകൾ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുമെന്നാണ് വിവിധ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. ഹൈറേഞ്ചിലെ കാർഷിക മേഖലകളും പരമ്പരാഗത ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടുന്നത് മലയോര മേഖലയുടെ വികസനത്തെയും ജന ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഇവർ പറയുന്നു.
പ്രതിഷേധവുമായി ജനപ്രതിനിധികളും സംഘടനകളും
കരട് പുറത്തിറങ്ങിയതോടെ പ്രതിഷേധവുമായി ജില്ലയിലെ ജനപ്രതിനിധികളും വിവിധ സംഘടനകളും രംഗത്ത് വന്നു. സംസ്ഥാന സർക്കാരിന്‍റെയും എം.പി അടക്കമുളള ജനപ്രതിനിധികളുടേയും വീഴ്ചയായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുൻ സർക്കാർ പ്രശ്നം കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നാണ് ഭരണപക്ഷം മറുപടി നൽകുന്നത്. ഇപ്പോഴത്തെ കരടിൽ ഭേദഗതി നിർദേശം സമർപ്പിക്കാൻ മൂന്നാഴ്ച മാത്രം ശേഷിക്കേ പ്രശ്നത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാഷ്ട്രീയ പാർട്ടികൾക്ക് പുറമേ മർച്ചന്‍റ്സ് അസോസിയേഷൻ അടക്കമുളള വിവിധ സാമൂഹിക, സാംസ്കാരിക സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിവേദനം നൽകാൻ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങിൽ ഇടുക്കി ബിഷപ്പ് ആശങ്ക ചൂണ്ടിക്കാട്ടിയിരുന്നു. ആശങ്ക പരിഹരിക്കുന്നതിനുളള നടപടി സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി മറുപടി നൽകി.
ഒഴിയാതെ ആശങ്കകൾ
വനേതര പ്രദേശങ്ങളും പതിറ്റാണ്ടുകളായി ജനങ്ങൾ താമസിച്ച് കൃഷി ചെയ്തുവരുന്ന ഭൂമിയും കരടിലെ നിർദ്ദിഷ്ട അതിർത്തിക്കുള്ളിൽ കടന്നുകൂടിയിട്ടുണ്ടന്നാണ് പ്രധാന പരാതി. ഇതോടൊപ്പം വാണിജ്യ ആവശ്യങ്ങൾക്കുള്ള പുതിയ നിർമാണ പ്രവർത്തനങ്ങൾ, വൻകിട പദ്ധതികൾ, വിനോദസഞ്ചാര മേഖലയിലെ വികസനം എന്നിവക്ക് കർശന നിയന്ത്രണങ്ങൾ വരുന്നത് പ്രദേശത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകർക്കുമെന്ന് വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. ഇ.എസ്.എ പരിധിയിൽ വരുന്നത് ഭൂമിയുടെ വിപണി മൂല്യം കുറയ്ക്കുമെന്നും ബാങ്ക് വായ്പകൾ ലഭിക്കുന്നത് തടസ്സപ്പെടുത്തുമെന്നും ആശങ്കയുണ്ട്. കരട് വിജ്ഞാപനത്തിന്മേൽ പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ കേന്ദ്ര സർക്കാർ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ഈ സമയപരിധിക്കുള്ളിൽ സംസ്ഥാന സർക്കാരും രാഷ്ട്രീയ ജനപ്രതിനിധികളും ശക്തമായി ഇടപെടണമെന്നാണ് ഉയർന്നുവരുന്ന ആവശ്യം. പഞ്ചായത്ത് തലത്തിൽ ഉപഗ്രഹ ഭൂപടങ്ങൾ പരിശോധിച്ച് കൃത്യമായ അതിർത്തി നിർണയം നടത്തി തർക്കങ്ങൾ പരിഹരിക്കണമെന്നും, ജനവാസ കേന്ദ്രങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും സമരസമിതികൾ ആവശ്യപ്പെടുന്നു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

