ഇടുക്കി നഴ്സിങ് കോളജ്; ഹോസ്റ്റലിനായി പാറേമാവ് ക്വാർട്ടേഴ്സ് നൽകും
text_fieldsജില്ല കലക്ടർ വി. വിഘ്നേശ്വരിയുടെ അധ്യക്ഷതയിൽ നടന്ന ഇടുക്കി മെഡിക്കൽ കോളജ്
ആശുപത്രി വികസന സമിതി യോഗത്തിൽനിന്ന്
തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർഥികളുടെ താമസപ്രശ്നം പരിഹരിക്കുന്നതിന് പാറേമാവ് ക്വാർട്ടേഴ്സ് ഹോസ്റ്റലിന് വിട്ടുനൽകാൻ തീരുമാനം. ഇതിനുള്ള നടപടി ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാനും ജില്ല കലക്ടർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് നിർദേശം നൽകി. പാറേമാവിലെ പൊതുമരാമത്ത് മന്ദിരം നഴ്സിങ് വിദ്യാർഥികളുടെ താമസത്തിന് കൈമാറാൻ ഇതിനുമുമ്പ് നടന്ന ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനമെടുത്തെങ്കിലും നടപ്പായിരുന്നില്ല.
ഇതിനിടയിൽ പൈനാവിലെ പൊതുമരാമത്ത് ഹോസ്റ്റൽ നഴ്സിങ് വിദ്യാർഥികളുടെ താമസത്തിന് കൈമാറാനുള്ള നീക്കങ്ങളും നടന്നിരുന്നു. ഇവിടെ താമസമുള്ള ഡോക്ടർമാരെയും പ്രഫസർമാരെയും ഒഴിപ്പിച്ച് നഴ്സിങ് വിദ്യാർഥികളെ താമസിപ്പിക്കാനാണ് കഴിഞ്ഞയാഴ്ച നടന്ന അവലോകന യോഗത്തിൽ ചർച്ച നടന്നത്. ഇക്കാര്യം അംഗീകരിക്കില്ലെന്ന നിലപാടുമായി ഡോക്ടർമാരും രംഗത്തെത്തി.
ഇതോടെയാണ് ശനിയാഴ്ച നടന്ന ആശുപത്രി വികസന സമിതി യോഗത്തിൽ ഒരാഴ്ചക്കുള്ളിൽ നഴ്സിങ് വിദ്യാർഥികളെ പാറേമാവിലെ ക്വാർട്ടേഴ്സിലേക്ക് മാറ്റാൻ തീരുമാനിച്ചത്. മെഡിക്കൽ കോളജിനോട് ചേർന്ന സ്വകാര്യ ഹോസ്റ്റലിലെ പരിമിത സൗകര്യത്തിൽ 94 കുട്ടികളാണ് താമസിക്കുന്നത്.
ഇവരിൽ രണ്ടാം വർഷ വിദ്യാർഥികളായ 45 പേരെയാണ് പാറേമാവിലേക്ക് നേരത്തേ തീരുമാനിച്ചിട്ടുള്ളത്. പാറേമാവിൽ 12 ഫാമിലി ക്വാർട്ടേഴ്സുകളിൽ ജീവനക്കാരാണ് താമസിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ഇവരെ മാറ്റിത്താമസിപ്പിക്കേണ്ടിവരും. ജില്ല കലക്ടർ വി. വിഘ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ ആശുപത്രി നിർമാണം വേഗത്തിലാക്കാൻ കരാർ ഏജൻസിയായ കിറ്റ്കോ മാനേജിങ് ഡയറക്ടറെ നേരിട്ട് വിളിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മോഡുലാർ ഓപറേഷൻ തിയറ്റർ നിർമാണം മൂന്നുമാസംകൊണ്ട് പൂർത്തിയാക്കാനും തീരുമാനിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ടോമി മാപ്പലാക്കയിൽ, ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് വർഗീസ്, സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

