അംഗീകാരത്തിന് സജ്ജമായി ഇടുക്കി മെഡിക്കൽ കോളജ്
text_fieldsജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന അവലോകന യോഗം
തൊടുപുഴ: ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണ -പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു. മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ് ജൂലൈയില്‍ കിട്ടുമെന്നും മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികള്‍ക്കുള്ള പഠന മുറികള്‍, ഹോസ്റ്റല്‍ തുടങ്ങിയവയെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. അക്കാദമിക് ബ്ലോക്ക്, ഹോസ്പിറ്റല്‍ ബ്ലോക്ക്, ലാബുകള്‍, വിവിധ വകുപ്പുകള്‍, മ്യൂസിയം, ലിഫ്റ്റ്, ഹോസ്റ്റല്‍ കെട്ടിടങ്ങള്‍, ജീവനക്കാരുടെ ലഭ്യത തുടങ്ങിയവയും മൊത്തത്തിലുള്ള പ്രവര്‍ത്തന പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. കൂടാതെ മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കിറ്റ്കോ പ്രതിനിധികളോട് കമീഷണര്‍ നിർദേശിച്ചു.
മന്ത്രിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ച കാര്യങ്ങളുടെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു. ജൂലൈ 31 നകം അത്യാഹിത വിഭാഗമടക്കമുള്ള വകുപ്പുകള്‍ക്ക് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് നിര്‍മാണ ഏജന്‍സികള്‍ അറിയിച്ചു.ഓരോ വിഭാഗത്തിനും ആവശ്യമുള്ളതെന്തൊക്കെയെന്ന് വകുപ്പ് മേധാവികള്‍ യോഗത്തില്‍ വ്യക്തമാക്കി.
പുതിയതായി കൈമാറി ലഭിച്ച 50 ഏക്കര്‍ സ്ഥലത്തിന്റെ സ്‌കെച്ചും പ്ലാനും പൂര്‍ത്തിയായെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടൻ കലക്ടര്‍ക്ക് കൈമാറണമെന്നും ജില്ല വികസന കമീഷണര്‍ ഇടുക്കി തഹസില്‍ദാറിനോട് നിർദേശിച്ചു. യോഗത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. ഷീല, ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ്, തഹസില്‍ദാര്‍ (ഭൂരേഖ ) മിനി.കെ. ജോണ്‍, വിവിധ വകുപ്പ് മേധാവികള്‍, ഡോക്ടര്‍മാര്‍, കിറ്റ്കോ, കെ.എസ്.ഇ.ബി, നിര്‍മിതി കേന്ദ്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.