അഗ്നിരക്ഷാ സേനക്ക് തുണ ഫയർ ബീറ്ററും വടിയും ബക്കറ്റ് വെള്ളവും
text_fieldsതൊടുപുഴ ശാസ്താംപാറയിൽ എൽ.പി സ്കൂളിന് സമീപമുണ്ടായ തീപിടിത്തം ഫയർ ബീറ്റർ ഉപയോഗിച്ച്
അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അണക്കുന്നു
തൊടുപുഴ: ജില്ലയിൽ വേനൽ കനത്തതോടെ തീപിടിത്തവും വ്യാപകമാകുന്നു. അധികവും വാഹനങ്ങൾ എത്താത്ത സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടാകുന്നത്. ഇതുമൂലം തീയണക്കാനും അഗ്നിരക്ഷാ സേന അംഗങ്ങൾക്ക് പ്രയാസപ്പെടേണ്ടി വരുന്നു. ഫയർ ബീറ്ററും വടിയും ബക്കറ്റ് വെള്ളവുമാണ് പലപ്പോഴും ആശ്രയമായി മാറുന്നത്.
വെള്ളിയാഴ്ച വൈകീട്ട് ഇടവെട്ടി പഞ്ചായത്തിലെ മാർത്തോമ എസ്റ്റേറ്റിലും രാത്രി തൊടുപുഴ ശാസ്താംപാറയിലും കഴിഞ്ഞ ദിവസങ്ങളിൽ വണ്ണപ്പുറം പഞ്ചായത്തിലെ കമ്പകക്കാനത്തും അടിമാലിയിലും മാങ്കുളത്തെ ആനക്കുളത്തുമെല്ലാം തീപിടിത്തമുണ്ടായത് ഇത്തരം പ്രദേശങ്ങളിലായിരുന്നു. ഇവിടങ്ങളിലെല്ലാം ഫയർ ബീറ്ററും പച്ചിലക്കൂട്ടവും ബക്കറ്റ് വെള്ളവുമെല്ലാം ഉപയോഗിച്ചാണ് തീയണച്ചത്.
ഇടവെട്ടി പഞ്ചായത്തിലെ മാർത്തോമ എസ്റ്റേറ്റിലെ റബർ തോട്ടത്തിലുണ്ടായ അഗ്നിബാധ
ചൂട് കനത്തതോടെ അടിക്കാടുകൾക്കും കരിയിലകൾക്കും തീപിടിക്കുന്നതാണ് വ്യാപകം. പലപ്പോഴും ചവറുകൾക്ക് തീയിടുന്നത് വ്യാപിച്ച് വലിയ നാശവും ഉണ്ടാകുന്നുണ്ട്. ജില്ലയിലെ അഗ്നിരക്ഷാസേന യൂനിറ്റുകൾ മുഴുവൻ സമയവും പരിശ്രമിച്ചാണ് വലിയ അപകടങ്ങൾ ഒഴിവാക്കുന്നത്.
ശാസ്താംപാറയിൽ എൽ.പി സ്കൂളിനും ക്ഷേത്രത്തിനും സമീപം പ്രവർത്തനം നിർത്തിയ പാറമടക്ക് സമീപത്ത് പുല്ലിനും അടിക്കാടുകൾക്കുമാണ് വെള്ളിയാഴ്ച രാത്രി 10.45ഓടെ തീപിടിച്ചത്. ആനകെട്ടിപ്പറമ്പിൽ ജാഫറിന്റേതാണ് സ്ഥലം. അടിക്കാടുകൾ ഉണങ്ങിയ അവസ്ഥയിൽ ആയിരുന്നതിനാൽ തീ അതിവേഗം പടർന്നു. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരമറിഞ്ഞ് തൊടുപുഴയിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് സേന സ്ഥലത്തെത്തി. തീപിടിച്ച സ്ഥലത്തേക്ക് വാഹനം എത്താത്തതിനാൽ ജീവനക്കാർ നടന്നെത്തി ഫയർ ബീറ്റർ ഉപയോഗിച്ച് തീ തല്ലിക്കൊടുത്തവനുള്ള ശ്രമമാണ് ആരംഭിച്ചത്. സേന അംഗങ്ങൾ തന്നെ ബക്കറ്റിലും മറ്റും വെള്ളം സ്ഥലത്തെത്തിച്ച് അരമണിക്കൂറിനുള്ളിൽ തീപൂർണമായും അണച്ചു.
ഇടവെട്ടി പഞ്ചായത്തിലെ മാർത്തോമ എസ്റ്റേറ്റിൽ റബർ തോട്ടത്തിലെ പുല്ലിനും അടിക്കാടുകൾക്കും വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് തീപിടിച്ചത്. മർത്തോമ സ്വദേശിയായ പിച്ചാട്ടുകുന്നേൽ ജലീലിന്റെ ഒരു ഏക്കറിലധികം വരുന്ന റബർ തോട്ടത്തിന്റെ ഏകദേശം 20 സെന്റ് സ്ഥലത്താണ് തീപടർന്നത്. തൊടുപുഴ അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി. ഇടുങ്ങിയ വഴി ആയതിനാൽ സേനയുടെ ചെറിയ വാഹനമായ വാട്ടർ മിസ്റ്റിൽ സ്ഥലത്തെത്തി. തുടർന്ന് ഫയർ ബീറ്റർ ഉപയോഗിച്ച് തല്ലിക്കെടുത്തുകയായിരുന്നു.
ദിവസങ്ങൾ മുമ്പ് ആനക്കുളത്ത് മരത്തിന് തീപിടിച്ചപ്പോഴും വാഹനം എത്തിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. തുടർന്ന് പുഴയിൽനിന്ന് വെള്ളം ഉപയോഗിച്ചാണ് തീയണച്ചത്. വാഹനവും വെള്ളവും ലഭ്യമാകാത്ത സ്ഥലങ്ങളിൽ തീപിടിച്ചാൽ അണക്കാൻ ഏറെ പ്രയാസപ്പെടുന്നതായും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറയുന്നു. മരത്തിന് തീപിടിച്ചാൽ ഫയർ ബീറ്റർ ഉപയോഗിക്കാനും സാധിക്കില്ല.
53 ദിവസം; 42 തീപിടിത്തം
തൊടുപുഴ അഗ്നിരക്ഷാസേന സ്റ്റേഷന്റെ പരിധിയിൽ 2025 പിറന്ന ശേഷം 53 ദിവസത്തിനിടെയുണ്ടായത് 42 തീപിടിത്തം. ഇത് അടക്കം 85 രക്ഷാ പ്രവർത്തനങ്ങളാണ് സേന ഈ വർഷം നടത്തിയത്. പലപ്പോഴും അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണ് തീ പടരാൻ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഒന്ന് കരുതൂ; അപകടങ്ങൾ ഒഴിവാക്കൂ
തൊടുപുഴയിൽ ഈ വർഷമുണ്ടായ തീപിടിത്തങ്ങളിൽ ബഹുഭൂരിഭാഗവും അശ്രദ്ധ വരുത്തിവെച്ചതാണ്. കനത്ത ചൂടിനും കാറ്റിനുമൊപ്പം അശ്രദ്ധയും കൂടിയായതോടെ പലയിടങ്ങളിലും തീപടർന്നു. അടിക്കാടുകൾ ഉണങ്ങി നിൽക്കുന്നതും റബർ തോട്ടങ്ങളിൽ അടക്കം കരിയിലകൾ കൂടിക്കിടക്കുന്നതും തീയെളുപ്പത്തിൽ പടരാൻ ഇടയാക്കുന്നു. ഈ സാഹചര്യത്തിൽ ചപ്പുചവറുകൾക്ക് തീയിടുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഉണർത്തുന്നു.
വെയിലും കാറ്റും ഇല്ലാത്ത സമയത്ത് മാത്രം ഉണങ്ങിയ ഇലകളും മറ്റും കത്തിക്കുക, വലിയ കൂനകളാക്കി കത്തിക്കുന്നത് ഒഴിവാക്കുക, തീ നിയന്ത്രണാതീതം ആയാൽ കെടുത്തുന്നതിന് വെള്ളവും പച്ചിലക്കൂട്ടവും കരുതിവെക്കുക തുടങ്ങിയ മുൻ കരുതലുകൾ കൈക്കൊള്ളണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.