പൊളിക്കാൻ അനുമതി നൽകാതെ ജില്ല പഞ്ചായത്ത്; അപകടഭീതിയുയർത്തി ആശുപത്രിക്കെട്ടിടം
text_fieldsജില്ല ആശുപത്രിയിലെ പഴയ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ ഇളകിയ നിലയിൽ
തൊടുപുഴ: കോട്ടയം മെഡിക്കൽ കോളജിൽ പഴയ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ചതോടെ ചർച്ചയായി ജില്ല ആശുപത്രിയിലെ അപകട ഭീതിയുയർത്തുന്ന കെട്ടിടം. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം പൊളിക്കാൻ അനുമതി നൽകാത്ത ജില്ല പഞ്ചായത്ത് നടപടി വിമർശനത്തിന് കാരണമായി. കാരിക്കോട് പ്രവർത്തിക്കുന്ന ജില്ല ആശുപത്രിയിലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം അപകട ഭീഷണിയുയർത്തി നിൽക്കുന്നത്.
പുതിയ കെട്ടിടം പ്രവർത്തനസജ്ജമായതോടെ പഴയത് പൊളിച്ചുമാറ്റാൻ അൺഫിറ്റ് സർട്ടിഫിക്കറ്റ് തേടി ജില്ല പഞ്ചായത്തിനെ സമീപിച്ചെങ്കിലും നൽകാത്തതാണ് കാരണം. സർട്ടിഫിക്കറ്റിനായി പലവട്ടം സമീപിച്ചെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കെട്ടിടം നാശോന്മുഖമായതോടെ മേൽക്കൂരയടക്കം തകർന്ന് ഏതുസമയവും നിലംപൊത്താവുന്ന നിലയിലാണ്. ഓടുകളാകട്ടെ പലപ്പോഴും അടർന്ന് വീഴുന്നുണ്ട്. ഇതിനോട് ചേർന്നാണ് ഒ.പി ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്.
കൂടാതെ ടി.ബി യൂനിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടം ശോച്യാവസ്ഥയിലായതോടെ നേരത്തേ ഇവിടെ പ്രവർത്തിച്ചിരുന്ന ഫാർമസി, പാലിയേറ്റിവ്, കാസ്പ് ഓഫിസുകളെല്ലാം ഇവിടെനിന്ന് മാറ്റിയിരുന്നു. കെട്ടിടത്തിനോട് ചേർന്ന ഭാഗം പാർക്കിങ് കേന്ദ്രമായി ഉപയോഗിക്കുന്നതിനാൽ നിരവധി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാനും ഉപയോഗിക്കുന്നുണ്ട്. കാലങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതാണ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ രൂക്ഷമാക്കിയത്. ഇതോടൊപ്പം പലഭാഗങ്ങളിലും മലിനജലം ഒഴുകിയെത്തുന്നത് മൂലം രോഗികളടക്കമുള്ളവർക്ക് ദുരിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

