മാലിന്യം വലിച്ചെറിഞ്ഞാൽ കുടുങ്ങും; കർശന നടപടിയുമായി ഇടുക്കി ജില്ല ഭരണകൂടം
text_fieldsകലക്ടർ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിൽ ചേര്‍ന്ന ആരോഗ്യ ജാഗ്രത കോര്‍ കമ്മിറ്റി യോഗം
തൊടുപുഴ: പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി ജില്ല ഭരണകൂടം. കുടിവെള്ള പദ്ധതികള്‍ക്ക് ഉള്‍പ്പെടെ ആശ്രയിക്കപ്പെടുന്ന ഡാമില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബാധകമാകുന്ന എല്ലാ വകുപ്പുകള്‍ക്കും പുറമെ 1993ലെ ജലസേചന-ജലസംരക്ഷണ നിയമത്തിലെ വകുപ്പ് 70 (3 ) 72 സി , 1974ലെ ജലമലിനീകരണ നിയമത്തിലെ വകുപ്പ് 43, 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, പഞ്ചായത്തീരാജ് നിയമത്തിലെ വകുപ്പ് 219 എസ്, 219 ടി, മുനിസിപ്പാലിറ്റി ആക്ടിലെ, വകുപ്പ് 340 എന്നിവ അനുസരിച്ച് നടപടി സ്വീകരിക്കും.
ഇത്തരത്തില്‍ ഡാമുകളുടെ പരിസരത്തും വനപ്രദേശങ്ങളിലും മാലിന്യം തള്ളുന്നത് നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പരിശോധന കര്‍ശനമാക്കാന്‍ പൊലീസിനോടും വനം വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനൊപ്പം രാത്രി പട്രോളിങ്ങും ശക്തമാക്കുമെന്ന് കലക്ടർ ഷീബ ജോർജ് പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മഴക്കാലപൂര്‍വ ശുചീകരണ-വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്റെ ഭാഗമായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടർ.