തൊടുപുഴ: ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡും (യു.ഡി.ഐ.ഡി) മെഡിക്കൽ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും ലഭ്യമാക്കുന്നത് ഊർജിതമാക്കാൻ സാമൂഹികനീതി വകുപ്പ് ജില്ല കാമ്പയിന് തുടക്കംകുറിച്ചു. അക്ഷയകേന്ദ്രങ്ങൾ, ജനസേവ കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ സെന്‍ററുകൾ എന്നിവ മുഖേനയും സ്മാർട്ട് ഫോൺ വഴി സ്വന്തമായും രജിസ്റ്റർ ചെയ്യാം. അപേക്ഷകർ നേരിട്ട് ഹാജരാകണമെന്നില്ല. അപേക്ഷയും അപ്ലോഡ് ചെയ്യേണ്ട ഫോട്ടോ, ഒപ്പ്/വിരലടയാളം, ആധാർ കാർഡ് എന്നിവയുമായി മറ്റാരെങ്കിലും എത്തിയും രജിസ്ട്രേഷൻ നടത്താം. www.swavalmbancard.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മെഡിക്കൽ ബോർഡ് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് യു.ഡി.ഐ.ഡി കാർഡ് അവരവരുടെ വീടുകളിൽ ഇല്ലാത്തവർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എടുക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ലഭിക്കുകയും ചെയ്യും.
അംഗപരിമിതിയുള്ള ആർക്കും അപേക്ഷ സമർപ്പിക്കാം. മുമ്പ് നൽകിയ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിഞ്ഞവർക്കും അപേക്ഷിക്കാം. യു.ഡി.ഐ.ഡി കാർഡ് ലഭിച്ചവരും ഇതിനുവേണ്ടി ഓൺലൈനായി അപേക്ഷിച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷയുടെ നിലവിലെ സ്ഥിതി മൊബൈൽ നമ്പർ/ആധാർ നമ്പർ ഉപയോഗിച്ച് വെബ്സൈറ്റിൽ നേരിട്ട് പരിശോധിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നത് സംബന്ധിച്ച് സാമൂഹിക സുരക്ഷ മിഷൻ യൂട്യൂബ് വിഡിയോയും നൽകിയിട്ടുണ്ട് (ലിങ്ക്: https://youtu.be/vG_5QU_O_0k). മേയ് 31നകം എല്ലാ അംഗപരിമിതരും രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ, അംഗൻവാടികൾ, ആരോഗ്യവകുപ്പ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ലഭിക്കും. കാമ്പയിൻ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ് നിർവഹിച്ചു.