തൊടുപുഴ: പി.എസ്.സി പരീക്ഷയുടെ ചോദ്യപേപ്പർ തമിഴിലേക്ക് മൊഴിമാറ്റുമ്പോൾ സംഭവിക്കുന്ന തർജമപ്പിഴവ് പരിഹരിക്കാൻ അതത് ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയിൽകൂടി ചോദ്യങ്ങൾ ചോദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് പി.എസ്.സി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. തമിഴ് മീഡിയം ചോദ്യപേപ്പറുകളിൽ തർജമപ്പിശകുകളും അക്ഷരത്തെറ്റുകളും സംഭവിക്കുന്നതു കാരണം ജോലിക്കുള്ള അവസരം നഷ്ടമാവുകയാണെന്ന പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് പി.എസ്.സി സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. തർജമപ്പിശകുകൾ കമീഷെൻറ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പി.എസ്.സി സമ്മതിച്ചു.
മലയാളം, തമിഴ്, കന്നട ഭാഷകളിൽ നടത്തുന്ന പരീക്ഷകൾക്കാണ് ഇംഗ്ലീഷ് ചോദ്യങ്ങൾകൂടി നൽകാൻ ആലോചിക്കുന്നത്. വണ്ടിപ്പെരിയാർ സ്വദേശികളായ ഉദ്യോഗാർഥികൾ സമർപ്പിച്ച പരാതിയിലാണ് നടപടി.