ഹരിത കുപ്പിയില്‍ കുടിവെള്ളം എത്തിക്കാൻ ഹില്ലി അക്വ
text_fieldsതൊടുപുഴ: ഹരിത കുപ്പികളില്‍ കുടിവെള്ളം വിതരണംചെയ്യാൻ തയാറെടുത്ത് സര്‍ക്കാര്‍ കുപ്പിവെള്ളമായ ഹില്ലി അക്വ. നിലവിലെ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരമാണ് പുതിയരീതി പരീക്ഷിക്കുന്നത്. ജൈവികമായി നിര്‍മാര്‍ജനം ചെയ്യാവുന്ന ബയോ ഡീഗ്രേഡബിള്‍ ബോട്ടില്‍ പദ്ധതി പരീക്ഷണഘട്ടത്തിലാണ്. വിവിധ പരിശോധനകള്‍ക്ക് ശേഷമേ വിപണിയിലെത്തിക്കൂവെന്ന് അധികൃതർ പറഞ്ഞു.
നിലവില്‍ കുപ്പികള്‍ നിര്‍മിച്ച് ഒരാഴ്ചയോളം വെള്ളം നിറച്ചുവച്ചു. ശേഷം ഗുണനിലവാര പരിശോധനക്ക് അയച്ചിരിക്കയാണ്. എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടോ എന്ന് അറിയേണ്ടതുണ്ട്. ഒരാഴ്ചക്കകം പദ്ധതി അന്തിമ രൂപത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറഞ്ഞു. പ്രായോഗികമായാല് രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ തലത്തില്‍ ഹരിത കുപ്പികളില്‍ കുടിവെള്ളം വിതരണംചെയ്യുന്നത് ഹില്ലി അക്വ ആയിരിക്കും.
ചോളം, കരിമ്പ് എന്നിവയുടെ പശയില്നിന്നാണ് (സ്റ്റാര്‍ച്ച്) കുപ്പികള്‍ ഉൽപാദിപ്പിക്കുന്നത്. കാഴ്ചയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് സമാനമാണ്. പരിസ്ഥിതി സൗഹൃദത്തിന് പുറമേ ആറുമാസത്തിനുള്ളില്‍ പൂര്‍ണമായും ജീര്‍ണിച്ച് മണ്ണില്‍ ലയിക്കും. ജലസേചന വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് (കെ.ഐ.ഐ.ഡി.സി) നിര്‍മാണ ചുമതല. കുപ്പികള്‍ക്ക് പുറമേ അടപ്പും ലേബലും ഹരിതചട്ടം പാലിച്ചുള്ളതായിരിക്കും.
മന്ത്രി റോഷി അഗസ്റ്റിനാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്. കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കമ്പനിയാണ് കുപ്പികള്‍ നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ നല്‍കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ശബരിമല അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മെട്രോ നഗരങ്ങള്‍ തുടങ്ങി ഹരിതചട്ടം പാലിക്കപ്പെടേണ്ട എല്ലായിടങ്ങളിലും ഹരിത കുപ്പികളില്‍ ഹില്ലി അക്വയെത്തും.
ഭാവിയില്‍ പൂര്‍ണമായും ഹരിത കുപ്പികളിലേക്ക് മാറി പ്ലാസ്റ്റിക് കാരണമുള്ള പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുകയാണ് ലക്ഷ്യം. ആദ്യം ഒരു ലിറ്ററിന്റെ കുപ്പിയാണ് നിര്‍മിക്കുന്നത്. ചെറുതും വലുതുമായ ജാറുകളും ഭാവിയില്‍ നിര്‍മിച്ചേക്കും. കുപ്പിക്ക് നിര്‍മാണ ചെലവ് പ്ലാസ്റ്റിക്കിനേക്കാള്‍ കൂടുതലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

