ഹൈടെക് തട്ടിപ്പുകാർ വിലസുന്നു; വേണം ജാഗ്രത
text_fieldsതൊടുപുഴ: സൈബർ നിരീക്ഷണങ്ങളും നടപടികളും ശക്തമാക്കുമ്പോഴും തട്ടിപ്പിൽ വീഴുന്നവരുടെ എണ്ണം വർധിക്കുന്നു. സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ചും സമ്മാനത്തിന്റെ കസ്റ്റംസ് ക്ലിയറൻസിന് പണം ആവശ്യപ്പെട്ടും ഒ.ടി.പി ചോർത്തിയുമൊക്കെയാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്. ഒന്നരമാസത്തിനുള്ളിൽ തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം റിപ്പോർട്ട് ചെയ്തത് ഒരുകോടിയോളം രൂപയുടെ തട്ടിപ്പാണ്.
ഓൺലൈനായും അല്ലാതെയുമുള്ള തട്ടിപ്പുകളുണ്ട് ഇതിൽ. ആളുകളുടെ അശ്രദ്ധയും അറിവില്ലായ്മയും മുതലെടുത്താണ് തട്ടിപ്പുകൾ നടത്തുന്നത്. വിദ്യാസമ്പന്നരായവർ ഉൾപ്പെട്ട തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നത്. ചെറുതും വലുതുമായ നൂറുകണക്കിന് തട്ടിപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പലരും അപമാനഭയം മൂലം സംഭവം പുറത്തുപറയാറുമില്ല.
തട്ടിപ്പുകൾ പലവിധം
കെ.വൈ.സി പൂരിപ്പിച്ച് നൽകാത്തതിനെ തുടർന്ന് അക്കൗണ്ട് മരവിപ്പിച്ചെന്നും വിവരങ്ങൾ നൽകിയാൽ പുതുക്കാമെന്നും ലക്ഷങ്ങൾ ലോട്ടറിയടിച്ചുവെന്നും അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ പണം നൽകാമെന്നും പറഞ്ഞുള്ള തട്ടിപ്പുകൾക്ക് പുറമെ ഒ.ടി.ടി വാങ്ങിയുള്ള തട്ടിപ്പ്, സമൂഹമാധ്യമങ്ങൾ വഴി ആൾമാറാട്ടം നടത്തിയുള്ള തട്ടിപ്പുകളും സജീവമാണ്.
കേരളത്തിന് പുറത്തുനിന്നുള്ളവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലേക്കാണ് പലപ്പോഴും അന്വേഷണം എത്തിനിൽക്കുന്നത്. എന്നാൽ, ഇവർക്കൊന്നും സംഭവവുമായി ബന്ധമുണ്ടാകാറുമില്ല. ഇത് അന്വേഷണത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പരാതിയുമായി എത്തിയ രണ്ട് കേസുകളിൽ ഒരാഴ്ചക്കിടെ രണ്ട് വലിയ തട്ടിപ്പുകാരെ തൊടുപുഴ പൊലീസ് പിടികൂടിയിരുന്നു.
എസ്.എം.എസ്,
ടെലഗ്രാം, വാട്സ്ആപ്
എസ്.എം.എസ്, ടെലഗ്രാം, വാട്സ്ആപ് തുടങ്ങിയവയിലൂടെയാണ് ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്. അടുത്തിടെ 10ലക്ഷം രൂപ നഷ്ടപ്പെട്ട പെരിമ്പിള്ളിച്ചിറ സ്വദേശിയായ കച്ചവടക്കാരന് ആദ്യം എസ്.എം.എസാണ് വന്നത്.
ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ വായ്പ വാഗ്ദാനം ചെയ്ത് ഒരു കൂട്ടർ തിരിച്ചുവിളിച്ചു. തുടർന്ന് യോനോ ആപ്പിന്റെ ഒ.ടി.പി മൂന്ന് വട്ടം പറഞ്ഞുകൊടുത്ത് തട്ടിപ്പുകാരുടെ പണി ഇദ്ദേഹം എളുപ്പമാക്കി. തട്ടിപ്പ് നടത്തിയ ബിഹാർ സ്വദേശിയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ടാസ്ക് നൽകി
കവർന്നത്
അഞ്ചുലക്ഷം
മറ്റൊരാൾക്ക് ടെലഗ്രാമിലാണ് മെസേജ് വന്നത്. ചൂതാട്ടത്തിന് സമാനമായി ഒരു ഗെയിമെന്ന രീതിയിലാണ് പരിചയപ്പെടുത്തിയത്. ഒമ്പത് ടാസ്കുകൾ നൽകും. ഇതിനായി ആദ്യം 500 രൂപ നൽകണം.
ഇതിൽ ജയിച്ചാൽ കൂടുതൽ തുക ലഭിക്കും. അങ്ങിനെ ഏഴ് ടാസ്കുകൾ കഴിഞ്ഞപ്പോൾ കുറച്ചധികം തുക അക്കൗണ്ടിലെത്തി. അടുത്ത ടാസ്കിൽ അഞ്ചുലക്ഷം അവർ ആവശ്യപ്പെട്ടത്. അതിൽ വിജയിച്ചെങ്കിലും പണം പിന്നെ തിരിച്ചുകിട്ടിയില്ല. അന്വേഷണത്തിൽ ഝാർഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, മുർഷിദാബാദ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
സൗഹൃദം സ്ഥാപിക്കും;
കോടീശ്വരനെന്ന്
അറിയിക്കും
സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദത്തിലായും തട്ടിപ്പ് നടത്തിയിട്ടുണ്ട്. വിദേശത്തെ കോടീശ്വരനാണെന്ന പേരിൽ ചിലർ സൗഹൃദത്തിന് വരും. ഏറെനാൾ ഒരു പ്രശ്നവുമില്ലാതെ ചാറ്റ് ചെയ്യും. ഇതിനിടെ എന്തെങ്കിലും പ്രശ്നമുണ്ടായെന്നും കുറച്ച് തുക വേണമെന്നും ആവശ്യപ്പെടും. കൊടുത്തുകഴിഞ്ഞാൽ തിരിച്ച് കൂടുതൽ തുക നൽകും. വീണ്ടും കുറച്ചേറെ തുക ആവശ്യപ്പെടും. കൂടുതൽ തുക ലഭിക്കുമെന്ന് കരുതി പണം കൊടുത്താൽ കുടുങ്ങും. പിന്നെ പൊടിപോലും ഉണ്ടാകില്ല. ഇത്തരം ഒരുകേസും തൊടുപുഴ പരിധിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗഹൃദത്തിന്റെ പേരിൽ വിലകൂടിയ ഐഫോണും ആഭരണം വിദേശത്തുനിന്ന് അയച്ചിട്ടുണ്ടെന്ന് പറഞ്ഞും തട്ടിപ്പ് നടന്നിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാൽ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്നും കുറച്ച് പണം ഇന്ന അക്കൗണ്ടിലേക്ക് അയച്ചൽ വിട്ടുകിട്ടുമെന്നും അറിയിച്ചു. സമ്മാനങ്ങളുടെ ഫോട്ടോയും അയച്ചു. പണം അടച്ചെങ്കിലും സമ്മാനം കിട്ടിയില്ല. ലക്ഷക്കണക്കിന് രൂപ ഒരാൾക്ക് അങ്ങനെ നഷ്ടമായി. ചികിത്സ സഹായത്തിന്റെ പേരിലും തട്ടിപ്പ് നടന്നിട്ടുണ്ട്. പാസ്റ്ററിനെ വിളിച്ച് കുട്ടി ആശുപത്രിയിലാണെന്നുംപറഞ്ഞ് പണംവാങ്ങി. തിരിച്ചു വിളിച്ചപ്പോൾ തട്ടിപ്പുകാരൻ പാസ്റ്ററിനെ വിളിച്ചകാര്യം മറന്നിരുന്നു.
ജോലി വാഗ്ദാനം നൽകിയും നിരവധി തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്. കോലാനിയിൽ ഗ്രാമസേവ കേന്ദ്ര എന്ന പേരിൽ തട്ടിപ്പ് കമ്പനിയുണ്ടാക്കി ജോലി വാഗ്ദാനം ചെയ്ത് 40ൽ അധികം സ്ത്രീകളെയാണ് ഒരാൾ പറ്റിച്ചത്. ഇയാൾ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

