തോരാതെ മഴ; ജില്ലയിൽ ഇതുവരെ ഭാഗികമായി തകർന്നത് 48 വീട്
text_fieldsബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൊടുപുഴ ധന്വന്തരി ബസ്സ്റ്റോപ്പിന് മുന്നിൽ മരം വീണത്
വെട്ടിമാറ്റാൻ എത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്
പരിക്കേറ്റതിനെത്തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
തൊടുപുഴ: ജില്ലയിൽ കനത്ത മഴയിൽ നാശനഷ്ടങ്ങൾ തുടരുന്നു. മരം വീണും മണ്ണിടിഞ്ഞുമാണ് വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ചയുമായി 23 വീടാണ് ഭാഗികമായി ജില്ലയിൽ തകർന്നത്. പലയിടങ്ങളിലും മഴയോടൊപ്പം കനത്ത കാറ്റും വീശുന്നുണ്ട്.
കാറ്റിൽ മരം വീണാണ് ഭൂരിഭാഗം വീടുകളും അപകടത്തിലായത്. ഇത്തവണ മഴ തുടങ്ങിയയതിന് ശേഷം ജില്ലയിൽ 48 വീടുകളാണ് ജില്ലയിൽ ഭാഗികമായി തകർന്നത്. ബുധനാഴ്ച കടശ്ശിക്കടവ് വാഴവീട് ഏലവനം എസ്റ്റേറ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളി മരിച്ചു. ശക്തമായ കാറ്റിൽ മരം ഒടിഞ്ഞ് വീണപ്പോൾ ഭയന്ന് ഹൃദയാഘാതം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ഇതോടെ ഈ മഴക്കാലത്ത് മരണം രണ്ടായി. ഉടുമ്പന്‍ചോല താലൂക്കിലും കഴിഞ്ഞയാഴ്ച ഒരു സ്ത്രീ മരം വീണ് പരിക്കേറ്റ് മരണപ്പെട്ടിരുന്നു.
ഇടുക്കി തൂക്കുപാലത്ത് വെസ്റ്റ് പാറ സ്വദേശി രവീന്ദ്രന്റെ വീട് മരം വീണ് തകർന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിനു സമീപം നിന്ന ഈട്ടി മരമാണ് കഴിഞ്ഞ രാത്രി കടപുഴകിയത്. ഉണങ്ങിയ മരം വെട്ടിമാറ്റാൻ കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് അനുമതി നൽകിയത്.
ജോലിക്കാരെ കിട്ടാത്തതിനാൽ മരം മുറിക്കാൻ സാധിച്ചില്ല. എസ്റ്റേറ്റ് പൂപ്പാറ ചെമ്പാല ഭാഗത്ത് പെമ്പിള്ളൈ ഒരുമ ഗോമതിയുടെ വീടിന് മുകളിലേക്ക് ചന്ദന വയമ്പ് മരം ഒടിഞ്ഞുവീണ് നാശമുണ്ടായി. മേൽക്കൂരക്ക് കാര്യമായ നാശനഷ്ടം ഉണ്ടായി. ആർക്കും പരിക്കില്ല.
തൊടുപുഴ: വെങ്ങല്ലൂർ മങ്ങാട്ടുകവല നാലുവരിപ്പാതയിൽ ബുള്ളറ്റ് ഷോറൂമിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. ശക്തമായ കാറ്റിൽ 40 ഇഞ്ച് വണ്ണമുള്ള ഞാവൽമരം വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ട അവസ്ഥയിലായിരുന്നു.
സമീപത്തെ കടയിലുള്ളവർ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചതിനെത്തുടർന്ന് തൊടുപുഴയിൽനിന്ന് സേന എത്തി അരമണിക്കൂറിലധികം പ്രയത്നിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പൂർവസ്ഥിതിയിലാക്കി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.എൻ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി.ജി. സജിവ്, ജയിംസ് നോബിൾ, ലിബിൻ ജയിംസ്, ഹോം ഗാർഡ് കെ.ആർ. പ്രമോദ് എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു.
ദേവികുളത്തും കനത്ത മഴ
തൊടുപുഴ: ജില്ലയിൽ കനത്ത മഴ പെയ്യുന്നത് ദേവികുളത്ത്. ബുധനാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് 102.4 മില്ലീമീറ്റർ മഴയാണ് ഇവിടെ പെയ്തത്. പീരുമേട്- 56.8, ഇടുക്കി- 43.6, തൊടുപുഴ- 24, ഉടുമ്പൻചോല- 21 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ പെയ്തിറങ്ങിയ മഴ. ദിവസങ്ങളായി ദേവികുളത്ത് കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്.
അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാര്‍ മൗണ്ട് കാർമല്‍ പാരീഷ് ഹാളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പില്‍ ആറ് കുടുംബങ്ങളിലെ 22 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യത്തിലല്ല. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാര്‍ ഗ്യാപ് റോഡില്‍ രാത്രി ഗതാഗതം ഈമാസം 30 വരെ നിരോധിച്ച് കലക്ടര്‍ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

