ഇടുക്കിയിൽ കനത്ത മഴ; വ്യാപക മണ്ണിടിച്ചിൽ
text_fieldsദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട നിലയിൽ
തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ല മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീതിയിൽ. തിങ്കളാഴ്ച മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ച് ഹൈറേഞ്ചിൽ പല മേഖലകളിലും ഗതാഗതം മുടങ്ങി. പീരുമേട് താലൂക്കിൽ ദേശീയപാതയിൽ നാലിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
വണ്ണപ്പുറം- കോട്ടപ്പാറ റോഡിലേക്ക് കൂറ്റൻ കല്ല് വീണ് ഗതാഗതം തടസ്സപ്പെട്ടു. തലക്കോട്- മുള്ളരിങ്ങാട് റോഡിൽ അമേൽതൊട്ടി ഭാഗത്ത് റോഡിന്റെ അരികിടിഞ്ഞു. കുട്ടിക്കാനം പൊലീസ് ക്യാമ്പിന് സമീപം ദേശീയപാതയിൽ ഒരു വശത്ത് സംരക്ഷണഭിത്തിയുടെ കെട്ടിടിഞ്ഞു. പന്നിമറ്റം- കുളമാവ് റോഡിൽ കോഴിപ്പള്ളി ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.
തിങ്കളാഴ്ച ജില്ലയിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ജില്ലയിലെമ്പാടും കനത്ത മഴയാണ് ലഭിച്ചത്- 40.88 മില്ലി മീറ്റർ. ഇടുക്കി താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്- 89 മില്ലി മീറ്റർ.
ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കൊക്കയാർ, വടക്കേമല മേഖലയിൽ മഴ ശക്തമായതോടെ നാല് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. കൊക്കയാർ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മുക്കുളം, പൂവഞ്ചി, കുറ്റിപ്ലങ്ങാട് എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്.
അടിയന്തര സാഹചര്യങ്ങളിൽ വിളിക്കാം
ജില്ലയിൽ റെഡ് അലർട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലതലത്തിൽ ജില്ല അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിലും കൺട്രോൾ റൂമുകൾ തുറന്നു. ഫോൺ നമ്പറുകൾ ചുവടെ:ജില്ല അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം (ഡി.ഇ.ഒ.സി) 9383463036, 7034447100, 04862 233111, 04862 233130.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

