മഴ: അതീവ ജാഗ്രത; മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസ്സം
text_fieldsനാളിയാനി-കുളമാവ് റോഡിൽ മണ്ണിടിഞ്ഞപ്പോൾ
തൊടുപുഴ: കാലവർഷത്തിന്റെ ഭാഗമായി വീണ്ടുമെത്തിയ കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. ബുധനാഴ്ച ഉച്ചമുതൽ പെയ്ത മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശംവിതച്ചത്. ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയർന്നതിന് പുറമെ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഗതാഗത തടസ്സവുമുണ്ടായി. തൊമ്മൻകുത്ത് ചപ്പാത്ത് കനത്ത മഴയിൽ മുങ്ങി.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമുകളുടെ ഷട്ടർ തുറന്നതോടെയാണ് പുഴകളിൽ വെള്ളമുയർന്നത്. മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിൽ മരം വീണ് പലയിടങ്ങളിലും ഗതാഗത-വൈദ്യുത തടസ്സവും കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തൊടുപുഴ, പീരുമേട്, ഇടുക്കി, ദേവികുളം താലൂക്കുകളിലെല്ലാം മഴ ദുരിതം വിതച്ചിട്ടുണ്ട്. നേരത്തേ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ വ്യാഴാഴ്ച റെഡ് അലർട്ടായിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജില്ലയിലെ മലയോര പ്രദേശങ്ങളിലെ രാത്രിയാത്രക്കും ടൂറിസം കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി. ഇതോടൊപ്പം വെള്ളിയാഴ്ചയും പ്രഫഷനൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.
തൊടുപുഴ താലൂക്കിലും മഴ ദുരിതം
കനത്ത മഴ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതം വിതച്ചു. തൊടുപുഴയാർ കരകവിഞ്ഞതിനെ തുടർന്ന് മുതലിയാർമഠം കോളനിയിൽ നാല് വീടുകളിൽ വെള്ളം കയറി. ഇവർക്കായി ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയെങ്കിലും ഉച്ചയോടെ മഴ ശമിച്ചതിനെ തുടർന്ന് വെള്ളമിറങ്ങി.
ഇതോടൊപ്പം കുമാരമംഗലം തോട് കരകവിഞ്ഞതിനെ തുടർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറുമെന്ന് ഭീതിയുയർന്നെങ്കിലും ഒഴിഞ്ഞു. സെൻട്രൽ ജുമാമസ്ജിദിന്റെ താഴത്തെ നിലയിലും വെള്ളം കയറി. മഴ ശമിച്ചതിനെ തുടർന്ന് അധിക നഷ്ടമുണ്ടായില്ല.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ സെല്ലാറിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടെ പാർക്ക് ചെയ്തിരുന്ന ടൂവീലറുകൾ അടക്കം മാറ്റണമെന്ന് ആവശ്യപ്പെട്ട് രാവിലെ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഉച്ചയോടെ വെള്ളമിറങ്ങി. കനത്ത മഴയിൽ താലൂക്കിൽ രണ്ട് വീടുകൾക്ക് ഭാഗിക നാശം സംഭവിച്ചിട്ടുണ്ട്. അറക്കുളം, കുമാരമംഗലം വില്ലേജുകളിലാണിത്.
കൂടുതൽ മഴ പീരുമേട്ടിൽ
ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ശരാശരി പെയ്ത മഴ 111.66 മില്ലീമീറ്ററാണ്. ദുരന്ത നിവാരണ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ കൂടുതൽ മഴ പെയ്തത് പീരുമേട് താലൂക്കിലാണ്.148.1 മില്ലിമീറ്ററാണ് ഇവിടെ പെയ്തത്. 131.2 മി.മീ. മഴ പെയ്ത തെടുപുഴ താലൂക്കാണ് തൊട്ടുപിന്നിൽ.
ഇടുക്കി- 120.4, ദേവികുളം- 111.6, ഉടുമ്പൻചോല- 45.00 എന്നിങ്ങനെയാണ് പെയ്ത മഴ. ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലുമെല്ലാം ജനനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ മഴക്ക് ശമനമായെങ്കിലും വൈകീട്ട് വീണ്ടും ശക്തിപ്രാപിച്ചു.
മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിൽ
തൊടുപുഴ: നഗരസഭ 12ാം വാർഡിൽ കുന്നം കോളനിക്ക് സമീപം കളരിക്കൽ സലീമിന്റെ വീടിന് മുൻവശത്തെ മൺതിട്ട ശക്തമായ മഴയിൽ ഇടിഞ്ഞു. 30 അടിയോളം ഉയരമുള്ള മൺതിട്ടയാണ് ഇടിഞ്ഞത്. ഇവിടെ സംരക്ഷണഭിത്തി പണിയാൻ മൈനർ ഇറിഗേഷൻ വകുപ്പ് നാലുവർഷം മുമ്പ് ഫണ്ട് അനുവദിച്ചെങ്കിലും ഒരു നടപടിയുമായിട്ടില്ല.
മുൻഭാഗം ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിലുമായി. രോഗികളായ ഭാര്യയും ഭർത്താവും ഉൾപ്പെടെയുള്ളവരാണ് വീട്ടിൽ താമസിക്കുന്നത്. വരുംദിവസങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ കൂടുതൽ ഭാഗം ഇടിയാൻ സാധ്യതയുള്ളതിനാൽ താൽക്കാലിക സംവിധാനം ഉണ്ടാക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
കട്ടപ്പന: വ്യാഴാഴ്ച ഉച്ചക്ക് ഉണ്ടായ ശക്തമായ മഴയിൽ കുന്തളംപാറയിൽ രാമനാട്ട് സനോയിയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. സമീപത്തെ വീടിന് കേടുപാട് സംഭവിച്ചു. സനോയിയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് സമീപത്തെ വീട്ടിലേക്ക് വീഴുകയായിരുന്നു.
സമീപവാസിയായ കവിയിൽ സിബിയുടെ വീടിനാണ് കേടുപാട് സംഭവിച്ചത്. നഗരസഭ ചെയർപേഴ്സൻ ബീന ടോമി, കൗൺസിലർ ജോയി വെട്ടിക്കുഴി, വില്ലേജ് ഓഫിസർ ലക്ഷി ഗോപാൽ എന്നിവർ സ്ഥലം സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തി. അഗ്നിരക്ഷാസേന എത്തി സമീപത്തെ അപകടഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റി.
മണ്ണിടിച്ചിൽ; നാളിയാനി-കുളമാവ് റോഡിൽ ഗതാഗതം നിലച്ചു
മൂലമറ്റം: പന്നിമറ്റം-നാളിയാനി-കുളമാവ് റോഡിൽ കോഴിപ്പള്ളിയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ ആറോടെയാണ് മണ്ണും കൂറ്റൻ പാറയും ഇടിഞ്ഞുവീണ് പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടത്.
സമീപത്ത് നീർച്ചാൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റോഡ് പൂർണമായി മണ്ണിനടിയിലായിരിക്കുകയാണ്. മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി എടുത്തതായി പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി പറഞ്ഞു. തൊടുപുഴയുടെ കിഴക്കൻ പ്രദേശങ്ങളിലുള്ള പഞ്ചായത്തുകളിൽനിന്ന് കുളമാവിൽ എത്താൻ ഏറെ എളുപ്പമുള്ള റോഡാണിത്. ഗോത്രവർഗ മേഖലയായ ഇവിടെ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
പീരുമേട്: താലൂക്കിന്റെ വിവിധ മേഖലകളിൽ രണ്ടാം ദിവസവും കനത്ത മഴ തുടരുന്നു. ഏലപ്പാറ ചിന്നാറിൽ അയ്യാദുരൈയുടെ വീടിന്റെ മുന്നിലെ സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. പാമ്പനാർ റാണികോവിലിലെ പഞ്ചായത്ത് റോഡിലേക്ക് കൂറ്റൻ പാറ ഉരുണ്ടുവീണു. പെരുവന്താനം ഗവ. യു.പി സ്കൂളിന്റെ സംരക്ഷണഭിത്തിയും തകർന്നു. പീരുമേട്ടിൽ 148.2 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

