ദേവികുളം താലൂക്കിൽ കനത്ത മഴ
text_fieldsബൈസൺവാലിയിൽ ഉരുൾപൊട്ടിയ സ്ഥലം
തൊടുപുഴ: ഹൈറേഞ്ച് മേഖലകളിൽ നാശംവിതച്ച് കാറ്റും മഴയും. മൂന്നാറിലും വട്ടവടയിലും മണ്ണിടിഞ്ഞു.മറയൂരിൽ രണ്ടുദിവസമായി തുടരുന്ന മഴയിൽ പാമ്പാർ കവിഞ്ഞൊഴുകി നാശനഷ്ടങ്ങളുണ്ടായി. വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ദേവികുളത്താണ്. 94.2 മി.മീ. പീരുമേട്- 47.4, ഇടുക്കി- 42.2, ഉടുമ്പൻചോല- 17.2, തൊടുപുഴ 12.8 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ രേഖപ്പെടുത്തിയ മഴ.
കനത്ത മഴക്കൊപ്പം, കാറ്റും ശക്തമായതോടെ നിരവധി മേഖലകളിൽ മരം ഒടിഞ്ഞുവീണു. ബൈസൺവാലിയിൽ സ്കൂട്ടറിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു. തോക്കുപാറയിൽ സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് വീട് അപകടാവസ്ഥയിലായി. തോക്കുപാറ കൊച്ചുവീട്ടിൽ രാജുവിന്റെ വീടാണ് അപകടാവസ്ഥയിലായത്. രാജാക്കാട് മാവറ സിറ്റിയിൽ നിർത്തിയിട്ടിരുന്ന കാറിൽ മരം വീണു.
മാവറ സിറ്റി ഒറ്റപ്ലാക്കൽ വിൻസെന്‍റിന്‍റെ വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിലേക്കാണ് റബർ മരം വീണത്. പാമ്പാടുംപാറ മന്നാകുടി സ്വദേശി കൊടിഞ്ഞുവേലിൽ ബിജുവിന്റെ വീട്ടിലേക്ക് മരം വീണ് ഭാഗികമായി തകർന്നു. പെരുമ്പൻകുത്ത് സ്വദേശി കുട്ടപ്പന്റെ വീടിന് മുകളിലും മരം വീണ് വീട് ഭാഗികമായി തകർന്നു.
ബൈസൺവാലി ജപ്പാൻ കോളനിക്ക് സമീപം ഉരുൾപൊട്ടി
അടിമാലി: ബൈസൺവാലി ജപ്പാൻ കോളനിക്കുസമീപം ഉരുൾ പൊട്ടിയതിനെത്തുടർന്ന് വീടിനകത്ത് കല്ലും മണ്ണും ഒഴുകിയെത്തി കനത്ത നാശനഷ്ടം. ചെമ്മണ്ണാർ - ഗ്യാപ് റോഡിന്‍റെ താഴ്ഭാഗത്തെ മുട്ടുങ്കൽ ശശിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. വ്യാഴാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം.
റോഡിനുമുകളിൽ 100 മീറ്റർ അകലെനിന്നാണ് ഉരുൾപൊട്ടിയൊഴുകിയത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിൻഭാഗത്തെ കതക് തകർത്തെത്തിയ മലവെള്ളം വീടിനകത്ത് പ്രവേശിച്ചു.ഒരു മീറ്ററോളം ഉയരത്തിൽ ചളിയും കല്ലുകളും നിറഞ്ഞു. ബൈസൺവാലിയിൽ മറ്റൊരു വീട്ടിൽ താമസിക്കുന്ന ശശിയും കുടുംബവും രണ്ടുമാസം മുമ്പാണ് ഈ വീടിന്‍റെ നിർമാണം പൂർത്തിയാക്കിയത്. പ്രദേശത്ത് അരയേക്കറോളം സ്ഥലത്തെ ഏലം കൃഷിയും ഉരുളെടുത്തു.
മാങ്കുളം പഞ്ചായത്തിലും മഴ കനത്ത നാശമാണ് വിതച്ചത്. വേലിയാംപാറയിൽ ഒരു വീട് തകർന്നു. വേലിയാംപാറ എടാട്ട് കടവിൽ തമ്പിയുടെ വീട് തകർന്നു. വ്യാഴാഴ്ച ഉണ്ടായ കാറ്റിൽ മരം ഒടിഞ്ഞുവീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. വൈദ്യുതി മുടങ്ങി.
പൊന്മുടി ഡാം തുറന്നു
തൊടുപുഴ: പന്നിയാർ ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ പൊന്മുടി ജലസംഭരണിയിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതിനാൽ ജലവിതാനം നിയന്ത്രിക്കാൻ ഡാമിന്റെ മൂന്ന് ഷട്ടർ 60 സെ.മീ. ഉയർത്തി 130 ക്യുമെക്സ് ജലം വ്യാഴാഴ്ച വൈകീട്ട് മുതൽ തുറന്നുവിട്ടു. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഗർഡുകൾ ഒഴുകിപ്പോയി
മറയൂർ: മറയൂരിൽ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ പാമ്പാർ കവിഞ്ഞൊഴുകി. പാലത്തിന്റെ മുകളിൽ വെള്ളംകയറി തെങ്കാശ്ശിനാഥൻ ക്ഷേത്രത്തിൽ അഞ്ചടി ഉയരം വെള്ളം കയറി വിഗ്രഹങ്ങൾ മുങ്ങി.പുതിയ പാലം നിർമാണത്തിന് ഘടിപ്പിച്ചിരുന്ന ഗർഡുകൾ ഒഴുകിപ്പോയി.
പ്രദേശത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. ബുധനാഴ്ച വൈകീട്ട് മുടങ്ങിയ വൈദ്യുതി വ്യാഴാഴ്ച വൈകിയും പുനഃസ്ഥാപിച്ചില്ല മറയൂർ മൂന്നാർ റോഡിൽ എട്ടുമയിൽ ഭാഗത്ത് പോസ്റ്റ് ഒടിഞ്ഞു.മറയൂർ -മൂന്നാർ റോഡിൽ മറയൂർ മുസ്ലിം പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന അക്ബർ അലിയുടെ കാറിൽ ഉച്ചക്ക് ഒന്നോടെ മരം വീണ് പൂർണമായും തകർന്നു.
നീരൊഴുക്ക് കൂടി; ഒറ്റപ്പെട്ട് 15 കുടുംബം
മറയൂർ: തലയാർ മലനിരകളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് പാമ്പാറ്റിൽ നീരൊഴുക്ക് കൂടിയതോടെ മറുകര കടക്കാൻ കഴിയാതെ പതിനഞ്ചോളം കുടുംബം ഒറ്റപ്പെട്ടു. മറയൂർ പള്ളനാട് കൊല്ലംപാറയിൽ താമസിക്കുന്ന കുടുംബങ്ങളാണ് വ്യാഴാഴ്ച കുടുങ്ങിയത്. ആറ്റിലെ വെള്ളം കൃഷിയിടത്തിൽ കയറിയിരിക്കുന്നതിനാൽ കൃഷിനാശവും സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

