വീട്ടുമുറ്റത്ത് സ്ട്രോബറി വിളവെടുത്ത് ധാരണി
text_fieldsധാരണി തന്റെ കൃഷിയിടത്തിലെ സ്ട്രോബറി ചെടികള്‍ പരിപാലിക്കുന്നു
(ഫയല്‍ ചിത്രം)
തൊടുപുഴ: ശീതകാല പച്ചക്കറികളുടെയും പഴങ്ങളുടെയും നാടായ വട്ടവടയില്‍ സ്ട്രോബറി കൃഷിയില്‍ മാതൃകയായി ധാരണിയെന്ന വീട്ടമ്മ.
അഞ്ചുവര്‍ഷം മുമ്പ് വീട്ടുമുറ്റത്ത് ആരംഭിച്ച ധാരണിയുടെ സ്ട്രോബറി തോട്ടത്തില്‍ ഇന്ന് ആയിരത്തോളം തൈകളാണുള്ളത്. കുടുംബശ്രീയുടെയും ഹോര്ട്ടികോര്പ്പിന്റെയുമൊക്കെ ഇടപെടല്‍കൂടിയാണ് ഈ വീട്ടമ്മക്ക് കാര്‍ഷിക വിജയഗാഥ രചിക്കാന്‍ സഹായകമായത്.
പുണയില്‍ നിന്നെത്തുന്ന വിന്റര്‍ ഡോണ്‍, നബിയൂല, ഇനങ്ങളില്‍പ്പെട്ട ഹൈബ്രിഡ് തൈകളാണ് ഇവിടെ കൃഷിചെയ്യുന്നത്. ആഗസ്റ്റ് മുതല്‍ നിലമൊരുക്കി, ബെഡൊരുക്കി സെപ്റ്റംബര്‍, ഒക്ടോബറില്‍ കൃഷി ആരംഭിക്കും. സൂര്യപ്രകാശവും വെള്ളവും സ്ട്രോബറി കൃഷിക്ക് പ്രധാനമാണ്. ജൂണ്‍വരെ മികച്ച വിളവും ലഭിക്കും.
വിനോദസഞ്ചാര സീസണുകളില്‍ ഫാം സന്ദര്‍ശനത്തിന് നിരവധി ആളുകളാണ് വട്ടവടയിലെ സ്ട്രോബറി തോട്ടങ്ങളില്‍ എത്തുന്നത്. ഗുണനിലവാരം അനുസരിച്ച് പഴങ്ങള്‍ക്ക് കിലോക്ക് 500 രൂപവരെ വിലലഭിക്കാറുണ്ട്. ഉല്പാദനം കൂടുതലുള്ള സമയങ്ങളില്‍ മൂല്യവര്‍ധിത ഉല്പന്നങ്ങളായ സ്ട്രോബറി പ്രിസര്‍വ്, സ്ട്രോബറി ജാം, സ്ട്രോബറി സ്ക്വാഷ് മുതലായവയും നിർമിക്കുന്നുണ്ട്. പുതിയ സീസണില്‍ കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് ഈ വീട്ടമ്മയിപ്പോള്‍. ഭര്‍ത്താവും രണ്ടുമക്കളും അടങ്ങുന്നതാണ് ധാരണിയുടെ കുടുംബം.
ഹോര്‍ട്ടികോര്‍പ് കൃഷിഭവന് മുഖേനയും തൈകള്‍ ലഭ്യമാക്കിയതും കുടുംബശ്രീയില്‍നിന്ന് ലഭിച്ച സഹകരണവും മേല്നോട്ടവുമെല്ലാം കൃഷി നടത്തിപ്പിന് കൂടുതല്‍ കരുത്തേകി. കോവിഡ് കാലത്തെ പ്രതിസന്ധിയെ അതിജീവിച്ചതും കുടുംബശ്രീയുടെ സഹകരണം കൊണ്ടാണെന്നും ഈ സഹകരണമാണ് ഓരോ വര്‍ഷവും കൂടുതല്‍ കരുത്തോടെ കൃഷി ആരംഭിക്കാന്‍ സഹായിക്കുന്നതെന്നും വീട്ടമ്മ പറയുന്നു. കുടുംബശ്രീയുടെ റിവോള്‍വിങ് ഫണ്ടായ 10,000 രൂപയും കാര്‍ഷിക സഹായമായി ലഭിച്ചിരുന്നു. വട്ടവടയിലെ സ്ട്രോബറി കൃഷിക്ക്കൂടുതല് പ്രോത്സാഹനം നല്‍കുന്നതിനും മൂല്യവർധിത ഉല്പന്നങ്ങള് വിപണിയില്‍ എത്തിക്കുന്നതിനും കുടുംബശ്രീയുടെ സഹകരണത്തോടെ കര്‍ഷകരെ ഉള്‍പ്പെടുത്തി പുതിയ യൂനിറ്റുകള്‍ ആരംഭിക്കാനും പദ്ധതിയൊരുങ്ങുന്നു. കുടുംബശ്രീകളുടെ വാല്യു അഡീഷനല്‍ ഗ്രൂപ്പുകളായി രൂപവത്കരിച്ച് കൂടുതല്‍ ഉല്പന്നങ്ങള് വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. പഴങ്ങള്‍ക്ക് പുറമേ മൂല്യവർധിത ഉല്പന്നങ്ങളായ ജാം, സ്ക്വാഷ് തുടങ്ങി വിവിധ ഉല്പന്നങ്ങള് പൊതുമാര്‍ക്കറ്റുകളില്‍ എത്തിക്കാന്‍ ഇതുവഴി സാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.