തൊടുപുഴ നഗരസഭയില്‍ മാലിന്യ നീക്കം നിലച്ചു
text_fieldsപാറക്കടവിലെ മാലിന്യ നിക്ഷേപ കേന്ദ്രം
തൊടുപുഴ: നഗരസഭയില്‍ ഖര മാലിന്യ നീക്കം നിലച്ചു. വര്‍ഷങ്ങളായി തൊടുപുഴയിലെ ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം നഗരസഭ നീക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇത് നിലച്ചതോടെയാണ് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നഗരത്തിൽ വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. വര്‍ഷങ്ങളായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, പച്ചക്കറിക്കടകൾ തുടങ്ങിയവയിൽ നിന്നുള്ള മാലിന്യം വാഹനത്തിലെത്തി ശേഖരിച്ച് നഗരസഭ പാറക്കടവ് ഡമ്പിങ്ങ് യാർഡിൽ സംസ്കരിച്ചു വരികയായിരുന്നു. മുന്നറിയിപ്പില്ലാതെയാണ് മാലിന്യ ശേഖരണം നഗരസഭ നിര്‍ത്തലാക്കിയത്. ഇത് പ്രതിഷേധത്തിനുമിടയാക്കി.
പാറക്കടവിലെ ഡമ്പിങ്ങ് യാര്‍ഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നഗരസഭയുടെ നടപടിയെന്നാണ് അധികൃതർ പറയുന്നത്. ഇവിടെ ബയോ മൈനിങ് നടക്കുന്നതിനാല്‍ ആറു മാസം മാലിന്യം നിക്ഷേപിക്കാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്താതെ അപ്രതീക്ഷിതമായി മാലിന്യം ശേഖരിക്കേണ്ടെന്ന് നഗരസഭ തീരുമാനിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
ഹോട്ടലും റെസ്റ്റാറന്റും അടക്കമുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ദിവസം മാലിന്യങ്ങള്‍ ശേഖരിക്കാനോ സംസ്കരിക്കാനോ ഉള്ള സംവിധാനമില്ലെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. പല ഹോട്ടലുകാരും പണം മുടക്കിയാണ് സ്വകാര്യ ഫാം നടത്തിപ്പുകാര്‍ക്കും മറ്റും മാലിന്യം കൈമാറുന്നത്. എന്നാല്‍, ചെറുകിട റെസ്റ്റാറന്റുകളിലും കൂള്‍ ബാറുകളിലും ജൂസ് പാര്‍ലറുകളിലും തള്ളപ്പെടുന്ന മുട്ടത്തോട്, ഉള്ളിത്തൊലി, മരച്ചീനിയുടെ തൊലി, നാരങ്ങാതൊലി, പൈനാപ്പിള്‍ തൊലി എന്നിവയും മറ്റും ഫാം നടത്തിപ്പുകാര്‍ കൊണ്ടു പോകാറില്ല. ഇതു സംസ്കരിക്കാനാണ് ഇപ്പോള്‍ സ്ഥാപന നടത്തിപ്പുകാര്‍ പാടു പെടുന്നത്. ഇക്കാര്യത്തില്‍ നഗരസഭ അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ പല സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടി വരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റാറന്റ് അസോസിയേഷന് യൂണിറ്റ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. അസോസിയേഷന് ഭാരവാഹികള്‍ പി.ജെ.ജോസഫ് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്മാന്, നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കെ.എച്ച്.ആര്.എ ഭാരവാഹികള്‍ ബുധനാഴ്ച മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ പാറക്കടവ് ഡമ്പിങ്ങ്യാർഡ് അടക്കം സന്ദർശിച്ചിരുന്നു.
ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ള കോലാനി ഗവ.പൗള്‍ട്രി ഫാം വളപ്പിലോ മലങ്കരയിലെ എം.വി.ഐ.പി സ്ഥലത്തോ നഗരസഭയുടെ നേതൃത്വത്തില്‍ മാലിന്യം നിക്ഷേപിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിച്ചെങ്കിലും തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

