ഉണർവിലാണ് പഴം വിപണി
text_fieldsതൊടുപുഴ നഗരത്തിലെ പഴം വിപണിയിൽ നിന്ന്
തൊടുപുഴ: റമദാൻ മാസത്തിന് തുടക്കം കുറിച്ചതോടെ പഴ വിപണി സജീവം. ഇത്തവണ വേനൽ കടുത്തതോടെ പഴം വിപണി ഉഷാറിലായിരുന്നു. റമദാൻ കൂടി വന്നതോടെ വിപണി കൂടുതൽ ഉണർവിലേക്ക് എത്തുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
നോമ്പുതുറകൾക്ക് ഭൂരിഭാഗം പേരും പഴങ്ങൾ ഉപയോഗിക്കുന്നതിനാൽ പഴക്കടകളിൽ തിരക്കേറുന്ന കാഴ്ചയാണ്. കടകൾക്ക് പുറമെ വഴിയോരങ്ങളിലും വാഹനങ്ങളിലും വിവിധ ഇനം പഴങ്ങളുട കച്ചവടം തകൃതിയാണ്. വൈകുന്നേരമാകുന്നതോടെ പല കടകളിലും തിരക്കേറുന്നു. തണ്ണിമത്തൻ തന്നെയാണ് വിപണിയിലെ പ്രിയങ്കരൻ.
മഞ്ഞ നിറമുള്ള തണ്ണിമത്തനടക്കം വൻ ഡിമാൻഡാണ്. ഇത്തവണ ചൂട് കൂടുതലായതിനാൽ പലരും തണ്ണിമത്തൻ നോമ്പുതുറയിലെ പ്രധാന ഇനമാക്കി മാറ്റിയിട്ടുണ്ട്. ഇതുകൂടാതെ ഓറഞ്ച്, കൈതച്ചക്ക, മാമ്പഴം, മുന്തിരി, ആപ്പിൾ എന്നിവക്കും ആവശ്യക്കാർ ഏറെയാണ്.
ജ്യൂസുണ്ടാക്കാനായും വീടുകളിലേക്ക് ഷമാം, ചിക്കു, ആപ്പിൾ, മാങ്ങ, അനാർ എന്നിവയും വാങ്ങുന്നവരുണ്ട്. ചിലതിനൊക്കെ വില ചൂടിനൊപ്പം ഉയർന്നെങ്കിലും ചിലതിന്റെ വില ഇപ്പോഴും തണുപ്പനാണ്. തണ്ണിമത്തൻ 30 മുതൽ 40 വരെയാണ് വില. എങ്കിലും ആവശ്യക്കാർ ഏറെയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. ആപ്പിൾ കിലോക്ക് 180 മുതൽ വില തുടങ്ങുന്നു. ഇനങ്ങളുടെ വ്യത്യസ്തതയനുസരിച്ച് മാറ്റം വരും. 350 രൂപ വരെ വിലയുള്ള ആപ്പിൾ വിപണിയിലുണ്ട്. മുന്തിരി 120 മുതൽ 150 വരെ വിലയുണ്ട്. ഞാലിപ്പൂവൻ പഴത്തിന് വില 55നും 60 നും ഇടയിലാണ് വിൽപന. ചെറുനാരങ്ങ വിലയും വർധിച്ച് 150 ലെത്തി. ഓറഞ്ച് 70 രൂപയാണ് വില. വ്രതകാലമായതിനാലും ചൂട് കൂടിയതിനാലും പഴം വിപണി ഇത്തവണ ഉഷാറാണെന്ന് വ്യാപാരികളും പറയുന്നു.

