മത്സ്യാരണ്യകത്തിലുണ്ട്, പിടക്കണ മീൻ
text_fieldsവെള്ളാപ്പാറയിലെ മത്സ്യവിപണനകേന്ദ്രം
തൊടുപുഴ: മായമില്ലാത്ത രുചിയേറും മീനുകള്‍ വേണോ? വരൂ, മത്സ്യാരണ്യകത്തിലേക്ക്... ഇടുക്കി അണക്കെട്ടിലെ ശുദ്ധജലത്തില്‍ വളരുന്ന മീനിന് ആവശ്യക്കാരേറെ. കട്ല, ഗോൾഡ് ഫിഷ്, റോഹു, സിലോപിയ തുടങ്ങിയവയാണ് പ്രധാനമായും ലഭിക്കുന്ന മീനുകൾ. പദ്ധതി ആരംഭിച്ച് അഞ്ചുവർഷമായപ്പോഴേക്കും ലഭിച്ചത് 80 ലക്ഷം രൂപക്ക് മുകളിൽ വരുമാനം.
വർഷത്തിൽ മിനിമം 15 ലക്ഷം രൂപ മത്സ്യം വിറ്റുമാത്രം ഇവർക്ക് ലഭിക്കുന്നുണ്ട്. 2025 ഏപ്രിൽ മുതൽ കഴിഞ്ഞമാസം വരെ ലഭിച്ചത് ഏഴ് ലക്ഷം രൂപയാണ്. കച്ചവടക്കാർക്ക് നേരിട്ട് കൊടുക്കുമ്പോൾ തുച്ഛമായ തുക മാത്രമേ ലഭിക്കാറുള്ളു. ഇപ്പോൾ ജീവിതസാഹചര്യം മാറിയെന്നും പൈസ അക്കൗണ്ടിൽ കിട്ടുന്നതിനാൽ ചെലവാക്കാതെ സൂക്ഷിക്കാൻ പറ്റുന്നുണ്ടെന്നും രവി ആശാനും ഭാര്യ തങ്കമ്മയും പറയുന്നു.
കൊലുമ്പൻ ഉന്നതി ഫിഷർമെൻ സബ് ഗ്രൂപ്പ് എന്ന പേരിൽ 12 പേര് അംഗങ്ങളായുള്ള സംഘമാണ് പൈനാവിന് അടുത്ത് വെള്ളാപ്പാറയിൽ മത്സ്യവിൽപന നടത്തുന്നത്. ഇടുക്കി വന്യജീവിസങ്കേതത്തിന്റെ നേതൃത്വത്തിലാണ് ഇവരുടെ പ്രവർത്തനം. പാറേമാവ് കൊലുമ്പൻ കോളനി നിവാസികളായ രഘു സി. ചെയർമാനായും രതീഷ് പി. ജോയ് സെക്രട്ടറിയുമാണ് സംഘം പ്രവർത്തിപ്പിക്കുന്നത്.
മത്സ്യം വൃത്തിയാക്കി നൽകുന്നതിനും വാട്സ് ആപിലൂടെ ലഭിക്കുന്ന ഓർഡറുകൾക്ക് അനുസരിച്ചു മത്സ്യം നൽകുന്നതിനുമായി ഒരാളെ ഇവർ ജോലിക്ക് വെച്ചിട്ടുണ്ട്. ഇവരുടെ വരുമാനത്തിൽ നിന്നും നിശ്ചിത തുക ഇവർക്ക് നൽകും. മീൻ പിടിക്കാൻ പോകുന്നവർക്ക് ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാസംവിധാനവും വനം വകുപ്പ് ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ലക്ഷ്യം ആദിവാസി സമൂഹത്തിന്റെ ഉന്നമനം
വനത്തെ ഉപജീവനത്തിന് ആശ്രയിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഇടുക്കി വനം വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തില്‍ 2019 ലാണ് മത്സ്യാരണ്യകം പദ്ധതി ആരംഭിച്ചത്. ചെറുതോണി അടുത്ത് വെള്ളാപ്പാറ കേന്ദ്രീകരിച്ചാണ് വില്പന നടത്തുന്നത്.
കൊലുമ്പന്‍ കോളനി നിവാസികള്‍ ഉപജീവനത്തിനായി പതിറ്റാണ്ടുകളായി അണക്കെട്ടില്‍ നിന്നും മീന്‍ പിടിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന മത്സ്യങ്ങള്‍ വിറ്റഴിക്കുമ്പോള്‍ ഇവര്‍ക്ക് കൃത്യമായി പ്രതിഫലം ലഭിക്കാറില്ലായിരുന്നു. അത്തരത്തില്‍ ഈ സമൂഹം അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതിനുമാണ് വനംവകുപ്പ് ഈ പദ്ധതി ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് മായമില്ലാത്ത ഡാം മീന്‍ ലഭ്യതക്കനുസരിച്ചു നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ദിവസവും രാവിലെ വെള്ളാപ്പാറ ഫോറസ്റ്റ് ഓഫിസിനു സമീപത്തുള്ള സ്റ്റാളില്‍നിന്ന് ആവശ്യക്കാര്‍ക്ക് മത്സ്യം വാങ്ങാം. 250 മുതല്‍ 300 രൂപ വരെയാണ് വില. മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിൽ മുൻഗണന ക്രമത്തിലാണ് വിൽപന. ഓര്‍ഡറുകള്‍ തലേദിവസം രാത്രി പ്രത്യേക വാട്സ്ആപ് ഗ്രൂപ്പില്‍ അറിയിക്കാം. മത്സ്യത്തിന്റെ ലഭ്യത അനുസരിച്ച് പിറ്റേദിവസം രാവിലെ മുതല്‍ മത്സ്യം വാങ്ങാവുന്നതാണ്. വാട്സ്ആപ് നമ്പര്‍: 7907499331.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

