മണി മുഴങ്ങാൻ നാലു നാൾ; അധ്യയന വർഷത്തെ വരവേൽക്കാനൊരുങ്ങി സ്കൂളുകൾ
text_fieldsസ്കൂൾ തുറക്കലിന് മുന്നോടിയായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂളിൽ നടക്കുന്ന പെയിന്റിങ് ജോലി
തൊടുപുഴ: പുത്തൻ അധ്യയന വർഷത്തെ വരവേൽക്കാനായി ഇടുക്കി ജില്ലയിലെ വിദ്യാലയങ്ങൾ ഒരുങ്ങി. രണ്ട് മാസത്തെ മധ്യവേനലവധിക്ക് വിടനൽകി ഇനി വിദ്യാലയമുറ്റത്തേക്ക് കളിയും ചിരിയും പഠനവുമായി കുരുന്നുകളെത്തും. ജില്ലയിലെ 484 വിദ്യാലയങ്ങളും പുതിയ അധ്യയന വർഷത്തെ വരവേൽക്കാനായുള്ള ഒരുക്കത്തിലാണ്.
ഇതിന്റെ ഭാഗായി സ്കൂളുകളെല്ലാം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. സ്കൂളുകളിലേക്ക് പരമാവധി വിദ്യാർഥികളെ ചേർക്കുന്ന പരിപാടികളും നടന്നുവരുന്നു. പരിസര ശുചീകരണവും ഫിറ്റ്നസിനായുള്ള നടപടിക്രമങ്ങളുമെല്ലാം പൂർത്തിയാക്കി. അധ്യാപകരും രക്ഷിതാക്കളും വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളുമെല്ലാം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ജില്ലതല പ്രവേശനോത്സവം ശാന്തിഗ്രാമിൽ
ഇത്തവണത്തെ ജില്ലതല പ്രവേശനോത്സവം നടക്കുന്നത് കട്ടപ്പന ശാന്തിഗ്രാം സ്കൂളിലാണ്. ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം വിദ്യാർഥികളോടൊപ്പം ചടങ്ങിൽ പങ്കെടുക്കും. ഇതോടൊപ്പം വിവിധ പഞ്ചായത്ത് തലങ്ങളിലും നഗരസഭ തലങ്ങളിലും സ്കൂൾ പ്രവേശനോത്സവം ആഘോഷിക്കും.
നവാഗതരെ വരവേൽക്കാനായി അവസാന വട്ട ഒരുക്കത്തിലാണ് ജില്ലയിലെ വിദ്യാലയങ്ങൾ. ഘോഷയാത്രകൾ, മധുരപലഹാര വിതരണം, കലാപരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും അരങ്ങേറും.
മാനദണ്ഡങ്ങളിലെ അവ്യക്തത; ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി കാത്തിരിപ്പ്
തൊടുപുഴ: മാനദണ്ഡങ്ങളിലെ അവ്യക്തതമൂലം അധ്യയന വർഷമാരംഭിക്കാൻ നാല് ദിനം മാത്രം ശേഷിക്കേ ജില്ല സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ലഭിച്ചില്ല. സ്കൂളുകളിലെ വൈദ്യുതീകരണ നടപടികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലെ അവ്യക്തതയാണ് ഫിറ്റ്നസ് ലഭിക്കുന്നത് വൈകാൻ കാരണം. ഇതോടെ പ്രവേശനോത്സവം പടിവാതിൽക്കലെത്തി നിൽക്കെ പ്രധാനാധ്യാപകരും രക്ഷിതാക്കളും അടക്കം ആശങ്കയിലായി. ഓരോ വർഷവും സ്കൂൾ അധ്യയനം ആരംഭിക്കുന്നതിന് മുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നേടണമെന്നാണ് സർക്കാർ നിർദേശം. വിവിധ വകുപ്പുകൾ സ്കൂളുകളിൽ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് നൽകുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയർമാർക്കാണ് ഇതിന്റെ ചുമതല. ഇതേ തുടർന്ന് ഇത്തവണയും സ്കൂളുകളിലെ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ഫിറ്റ്നസ് ചോദ്യാവലിയിൽ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് സ്കൂളുകൾക്ക് കുരുക്കായത്. ഇതിന് ഉത്തരം നൽകാൻ പ്രയാസമാണെന്നാണ് സ്കൂളധികൃതരുടെ വിശദീകരണം. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയാലേ ഫിറ്റ്നസ് ലഭിക്കൂവെന്നതിനാൽ ഈ ചോദ്യങ്ങൾ ഇക്കാര്യത്തിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പ്രശ്നത്തിൽ അടിയന്തര പരിഹാരം തേടി ജില്ലയിൽനിന്നടക്കം വിദ്യാഭ്യാസ വകുപ്പ് അധികൃതർ സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ തുടർച്ചയായ രണ്ട് അവധി ദിനങ്ങൾ വരുന്നതിനാൽ ഇത് പ്രതിസന്ധിയായിട്ടുണ്ട്. സ്കൂൾ തുറക്കും മുന്നേ പ്രതിസന്ധികൾ മറികടക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

