രണ്ടുമാസത്തിനിടെ കണ്ടെത്തിയത് 17,052 ഗതാഗത നിയമലംഘനങ്ങൾ
text_fieldsതൊടുപുഴ: 2023 ജൂൺ അഞ്ച് മുതൽ ജൂലൈ 30വരെ ജില്ലയിൽ കണ്ടെത്തിയത് 17,052 ഗതാഗത നിയമലംഘനങ്ങൾ. ജില്ലയിൽ സ്ഥാപിച്ചിട്ടുള്ള 38 എ.ഐ കാമറകളിൽനിന്നാണ് രണ്ടുമാസത്തിനിടെ ഇത്രയധികം നിയമലംഘനം കണ്ടെത്തിയത്.
സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഹെൽമറ്റില്ലാതെ സഞ്ചരിക്കുക, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം എന്നീ കുറ്റകൃത്യങ്ങളാണ് കൂടുതൽ കണ്ടെത്തിയത്. ഇവയിൽ പിഴ ഈടാക്കുന്ന നടപടികളടക്കം പുരോഗമിക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
5293 നിയമലംഘനങ്ങൾ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ്. വണ്ടി ഓടിക്കുന്ന ആൾ ഹെൽമറ്റ് ധരിക്കാത്ത 3458 കേസുകളും പിന്നിൽ ഇരിക്കുന്ന ആൾ ഹെൽമറ്റില്ലാതെ സഞ്ചരിച്ചതിന് 1249 നിയമലംഘനകളും കണ്ടെത്തി.
ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്തതിന് 103 നിയമലംഘനങ്ങളും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച 63 കേസുകളും കണ്ടെത്തി. ഒന്നിലധികം നിയമലംഘനങ്ങളിൽ ഏർപ്പെട്ട 2518 പേരെയും കാമറ കണ്ടെത്തി. നിയമ ലംഘനങ്ങൾ ആവർത്തിച്ച് പിടികൂടിയാൽ ലൈസൻസ് റദ്ദാക്കുന്ന നടപടികളടക്കം സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഇരുചക്ര വാഹനങ്ങളിലെ മുന്നിൻ സീറ്റ് യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതും മൂന്നുപേർ യാത്ര ചെയ്യുന്നതും വാഹനം ഓടിക്കുമ്പോൾ ഉള്ള മൊബൈൽ ഫോൺ ഉപയോഗവും ഡ്രൈവറോ യാത്രക്കാരനോ സീറ്റ് ബെൽറ്റ് ധരിക്കാതെ വരുന്നതും കാമറ ഒപ്പിയെടുക്കുന്ന നിയമലംഘനകളിൽ ചിലതാണ്. കൂടാതെ നമ്പർ പ്ലേറ്റ് മറയ്ക്കുക, നമ്പർ വ്യക്തമാകാതിരിക്കുവാനായി കൃത്രിമത്വം കാണിക്കുക, കുട്ടികളെക്കൊണ്ട് വാഹനം ഓടിപ്പിക്കുക പോലുള്ള കുറ്റകൃത്യങ്ങളും പെർമിറ്റ്, രജിസ്ട്രേഷൻ, റോഡ് ടാക്സ്, ഫിറ്റ്നസ് എന്നിവയുടെ സാധുത ഇല്ലാത്ത വാഹനങ്ങൾക്കുകൂടി പിഴ ചുമത്തുന്നതാണ്.
അതേസമയം, കാമറകൾ പ്രവർത്തിക്കുന്നില്ലെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളടക്കം വിശ്വസിച്ച് നിയമംലംഘിച്ച് നിരത്തുകളിൽ ഇറങ്ങുന്നവരുടെ എണ്ണംകൂടി വരുന്നുണ്ടെന്ന് അധികൃതർ പറയുന്നു. എന്നാൽ, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചില വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിൽ കാമറകൾ പ്രവർത്തനക്ഷമമല്ല എന്നും ചെല്ലാനുകൾ വരില്ല എന്നുമുള്ള മിഥ്യാധാരണയോടെ വാഹനം ഓടിക്കുന്ന പ്രവണതയും നിലനിൽക്കുന്നു. പലരും ചെല്ലാനുകൾ ലഭിക്കുമ്പോഴാണ് ഇത് തിരിച്ചറിയുന്നത്.
വാഹനം ഉപയോഗിക്കുന്ന എല്ലാവരും ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി ശ്രദ്ധ പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

