തൊടുപുഴയിൽ കുടിവെള്ളത്തിന് 82.90 കോടിയുടെ പദ്ധതി
text_fieldsതൊടുപുഴ: നഗരസഭയിൽ കുടിവെള്ളം എല്ലാ മേഖലയിലും സമ്പൂർണമായി എത്തിക്കുന്നതിന് 82.90 കോടിയുടെ ബൃഹത് പദ്ധതിക്ക് അംഗീകാരം. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ യോഗമാണ് അംഗീകാരം നൽകിയത്. 2020ൽ കിഫ്ബി ഫണ്ടിൽനിന്ന് 34 കോടി വിനിയോഗിച്ച് ആദ്യഘട്ടം പൂർത്തിയാക്കിയിരുന്നു. ഈ പണം ചെലവഴിച്ച് കുടിവെള്ള വിതരണത്തിന് കിണർ, ജലശുദ്ധീകരണശാല, മോട്ടോർ, ട്രാൻസ്ഫോർമറുകൾ, 600 എം.എം മുതൽ 100 എം.എം വരെ വ്യാസമുള്ള വലിയ പമ്പിങ് മെയിൻ എന്നിവ സ്ഥാപിച്ചു. രണ്ടാംഘട്ടത്തിൽ നഗരസഭ യിലെ 35 വാർഡുകളിൽ കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിച്ച് എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകും. നഗരസഭയിലെ വിവിധ പ്രദേശങ്ങളെ അഞ്ച് സോണുകളായി തിരിച്ച് എല്ലാ ദിവസവും മുഴുവൻ സമയവും കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
2,11,296 മീറ്റർ ദൂരം പൈപ്പ് ലൈനും 3995 പുതിയ വാട്ടർ കണക്ഷനും
കാഞ്ഞിരമറ്റം, കാരിക്കോട്, വെങ്ങല്ലൂർ, മുതലക്കോടം സോൺ ഒന്നിലും ഒളമറ്റം, തൊടുപുഴ ടൗൺ, കോലാനി എന്നിവ സോൺ രണ്ടിലും പട്ടയംകവല, പഴുക്കാകുളം, ഞറുകുറ്റി, കാരുപ്പാറ ഉൾപ്പെടുന്ന സോൺ മൂന്നിലും കൊന്നക്കാമല, പാറക്കടവ് മേഖലകളെ സോൺ നാലിലും ഉയർന്ന പ്രദേശമായ ഉറവപ്പാറ സോൺ അഞ്ചിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിലവിൽ മേൽ സൂചിപ്പിച്ച അഞ്ച് സോണുകളിൽ ജലവിതരണം നടത്തുന്ന പൈപ്പ്ലൈൻ കൂടാതെ പുതുതായി 2,11,296 മീറ്റർ ദൂരം പൈപ്പ് ലൈൻ സ്ഥാപിക്കും. 3995 പുതിയ വാട്ടർ കണക്ഷൻ നൽകും.
പൈപ്പ് ലൈൻ ഇടുമ്പോൾ മുറിക്കപ്പെടുന്ന റോഡുകൾ നവീകരിക്കാൻ ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. 2050 ആകുമ്പോൾ ഈ പദ്ധതിവഴി 84,118 ആളുകൾക്ക് പ്രതിദിനം 150 ലിറ്റർ ശുദ്ധജലം ലഭ്യമാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

