ഇല്ലിചാരി മലയിൽ അണയാതെ തീ
text_fieldsഇല്ലിചാരി മലയിൽ ശനിയാഴ്ച രാത്രി തീപിടിച്ചപ്പോൾ
തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മലയിൽ വൻ തീപിടുത്തം. രണ്ടു ദിവസമായി ഇവിടെ തീ പടരുന്ന സാഹചര്യമാണ്. ശനിയാഴ്ച വൈകിട്ടോടെ തീ നിയന്ത്രണ വിധേയമാക്കി അഗ്നിരക്ഷാ ഉദ്യോഗസ്ഥർ മടങ്ങിയെങ്കിലും വീണ്ടും തീ പടർന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി ഒട്ടേറെ പ്രദേശങ്ങളിലാണ് തീ പടർന്നത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമത്തിലാണ്. ശനിയാഴ്ച രാവിലെ പത്തോടെയാണ് തീ കണ്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും എത്തി ആദ്യം തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ ഇവർ മടങ്ങിയ ശേഷവും തീ പടർന്നു തുടങ്ങി.
ഒരു മലയുടെ മുകൾഭാഗം മുഴുവൻ കത്തി തീർന്ന ശേഷം കാട്ടോലി ഭാഗത്തേക്കും അമ്പലം പടി ഭാഗത്തേക്കും തീ പടർന്നു. ഞായറാഴ്ച പുലരുവോളം നാട്ടുകാർ നടത്തിയ പരിശ്രമത്തിലൂടെ തീ അണച്ചു. എന്നാൽ വെയിൽ കനത്തതോടെ കനലുകളിൽ നിന്ന് വീണ്ടും തീ പടർന്നു. അഗ്നിരക്ഷാ സംവീധാനങ്ങൾ മലയുടെ അടിവാരത്ത് എത്തിയെങ്കിലും വെള്ളം പമ്പ് ചെയ്യാൻ പറ്റാത്ത അകലെയാണ് തീപിടിത്തം.
കന്നാരതോട്ടങ്ങളിൽ ഉപയോഗിക്കുന്ന നീളം കൂടിയ ഓസുകൾ നാട്ടുകാർ എത്തിച്ചാണ് തീയണയ്ക്കാൻ ശ്രമം നടത്തിയത്. ഞായറാഴ്ച ഉച്ചയോടെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കനത്ത ചൂടും വീശിയടിക്കുന്ന കാറ്റും തീ ഇനിയും ആളിപ്പടരാൻ സാധ്യത ഉണ്ട്. തൊടുപുഴ തഹസിൽദാരും ദുരന്തനിവാരണ ഇൻസിഡന്റ് കമാൻഡറും കൂടിയായ എ.എസ് .ബിജിമോൾ, ഡെപ്യൂട്ടി തഹസിൽദാർ വി.എ.സുനി, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് തോമസ്, വാർഡ് അംഗങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് തിങ്കളാഴ്ച കലക്ടർക്ക് കൈമാറുമെന്ന് തഹസിൽദാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

