അരിക്കുഴ പാറക്കടവിൽ കാടിന് തീ പിടിച്ചു; തീയിട്ടതെന്ന് സംശയം
text_fieldsമണക്കാട് പഞ്ചായത്തിലെ അരിക്കുഴ പാറക്കടവിൽ പറമ്പിലുണ്ടായ തീ പിടിത്തം
തൊടുപുഴ: മണക്കാട് പഞ്ചായത്തിലെ അരിക്കുഴ പാറക്കടവിൽ പറമ്പിലെ അടിക്കാടുകൾക്ക് തീ പിടിച്ചു. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. എം. വി.ഐ.പി അധീനതയിലുള്ള ഒന്നരയേക്കർ സ്ഥലത്തും, സമീപത്തുതന്നെയുള്ള സ്വകാര്യ വ്യക്തിയുടെ ഏകദേശം ഒരേക്കർ സ്ഥലത്തുമാണ് തീ പടർന്നത്.
സാമൂഹികവിരുദ്ധർ തീയിട്ടതാണെന്നാണ് അനുമാനിക്കുന്നത്. പ്രദേശം മുഴുവൻ അടിക്കാടുകൾ ഉണങ്ങിക്കിടന്ന അവസ്ഥയിലായിരുന്നതിനാൽ തീ അതിവേഗം ആളിപ്പടർന്നു. പ്രദേശവാസികൾ അണക്കാൻ നോക്കിയെങ്കിലും അവരുടെ നിയന്ത്രണത്തിനും അപ്പുറമായിരുന്നു തീ പടർന്നത്. ഇതോടെ നാട്ടുകാർ അഗ്നി രക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.
ഉടൻതന്നെ തൊടുപുഴയിൽ നിന്ന് സീനിയർ ഫയർ ഓഫിസറുടെ നേതൃത്വത്തിൽ ഒരു യൂനിറ്റ് സേന സ്ഥലത്തെത്തി. തീപിടിച്ച സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള വഴി ഇടുങ്ങിയത് ആയതിനാൽ ഏറെ പ്രയാസപ്പെട്ടാണ് സംഭവസ്ഥലത്ത് എത്തിയത്. തുടർന്ന് ജീവനക്കാർ അരമണിക്കൂറോളം കഠിനമായി പരിശ്രമിച്ച് തീ നിയന്ത്രിക്കുകയായിരുന്നു. ഇതോടെയാണ് പ്രദേശവാസികളുടെ ആശങ്കക്ക് വിരാമമായത്.
സീനിയർ ഫയർ ഓഫിസർമാരായ പി.ജി. സജീവ്, ജോബി കെ. ജോർജ്, ഫയർ ഓഫിസർമാരായ ശരത്. എസ്, ജെയിംസ് നോബിൾ, സച്ചിൻ സാജൻ, ഹോം ഗാർഡ് ബെന്നി. എം.പി എന്നിവരായിരുന്നു അഗ്നിരക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

