വേനൽ മഴയിൽ വൈദ്യുതി വകുപ്പിന് നഷ്ടം 46 ലക്ഷം; 11 കെവി ലൈനുകളുടെ 43 പോസ്റ്റുകൾ ഒടിഞ്ഞു
text_fieldsതൊടുപുഴ: വേനൽ മഴയിലും കാറ്റിലും ഒരുമാസത്തിനിടെ ഇടുക്കി ജില്ലയിൽ വൈദ്യുതി വകുപ്പിനുണ്ടായത് 46 ലക്ഷം രൂപയുടെ നഷ്ടം. ഏപ്രിൽ 1 മുതൽ 30 വരെ 11 കെ.വി ലൈനുകളുടെ 43 പോസ്റ്റുകൾ ഒടിഞ്ഞു. വൈദ്യുതി ലൈനുകൾ പൊട്ടി വീണ് പലയിടങ്ങളിലും വൈദ്യുതി തടസ്സം ഈ ദിവസങ്ങളിൽ പതിവാണ്. ട്രാൻസ്ഫോമറുകളിൽനിന്നു വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്ന എൽ.ടി (ലോ ടെൻഷൻ) ലൈനുകളുടെ 188 പോസ്റ്റുകൾ ഒടിഞ്ഞു.
നാല് ട്രാൻസ്ഫോമറുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സെക്ഷനുകളിലായി 30 ഇടങ്ങളിൽ എച്ച്.ടി(11 കെ.വി മുതൽ മുകളിലേക്ക്) ലൈൻ കമ്പികൾ പൊട്ടിവീണു. 859 ഇടങ്ങളിൽ എൽ.ടി ലൈൻ കമ്പികൾ പൊട്ടിവീണു. എല്ലായിടത്തും വൈകാതെതന്നെ തകരാർ പരിഹരിച്ച് വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചതായി അധികൃതർ പറഞ്ഞു.
ഇരട്ടി ദുരിതം പേറി ജനം
വേനൽ മഴ ശക്തമായതോടെ ലൈനുകൾ പൊട്ടി വീണും പോസ്റ്റ് ഒടിഞ്ഞും അടിക്കടിയുള്ള വൈദ്യുതി മുടക്കം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതവും ഇരട്ടിയായി. മഴ പെയ്താലും പെയ്തില്ലെങ്കിലും വൈദ്യുതി പോകുന്ന സ്ഥിതിയാണ്. പല മേഖലകളിലും രാത്രി പോകുന്ന വൈദ്യുതി പിറ്റേന്നാണ് തിരികെയെത്തുന്നത്. അർദ്ധരാത്രിയിലെ വൈദ്യുതി മുടക്കം പലപ്പോഴും മണിക്കൂറുകളോളം നീണ്ടു നിൽക്കും. കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളുടെ കീഴിൽ ടച്ച് വെട്ട് അടക്കം വാർഷിക അറ്റകുറ്റപ്പണികളെല്ലാം നേരത്തെ പൂർത്തിയായതാണ്. എന്നാലും ചെറിയ കാറ്റും മഴയും വന്നാൽ അപ്പോൾ തന്നെ വൈദ്യുതി പോകുന്ന സ്ഥിതിയാണ്.
ദിനംപ്രതിയുള്ള വൈദ്യുതി മുടക്കം മാറ്റമില്ലാതെ തുടരുന്നതിൽ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥരോട് വിളിച്ചു ചോദിച്ചാലും കൃത്യമായ മറുപടിയില്ല. ഹൈറേഞ്ച് മേഖലകളിൽ വൈദ്യുതി പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് തിരികെ വരുന്നത്. പലപ്പോഴും കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും എടുത്താൽ തന്നെ കൃത്യമായ മറുപടി നൽകാറില്ലെന്നും പരാതിയുണ്ട്. വീടുകളിൽ വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പ്രവർത്തിപ്പിക്കാനാകാത്തതും ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. തൊടുപുഴ നഗരത്തിൽ ഇപ്പോൾ പത്ത് തവണയിലധികമാണ് കറണ്ട് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

