മാറിമറിഞ്ഞ് കാലാവസ്ഥ വിടാതെ പനി
text_fieldsതൊടുപുഴ: അടിക്കടി മാറിമറിയുന്ന കാലാവസ്ഥയിൽ പനിപിടിച്ച് ജില്ല. മിക്ക ആശുപത്രികളിലും ഒ.പിയിൽ പനിക്കേസുകൾ കൂടിവരുന്നു.
വൈറൽ പനിയാണ് വ്യാപകം. പനി മാറിയാലും ആഴ്ചകളോളം വിട്ടുമാറാത്ത ചുമ പലരെയും അലട്ടുകയാണ്. കോവിഡാനന്തര അസ്വസ്ഥതകൾ അനുഭവിക്കുന്നവർ ഒട്ടേറെയുണ്ട്. ഇതിനൊപ്പം ഡെങ്കിപ്പനി കേസുകളും കൂടിവരുന്നുണ്ട്. വിദ്യാർഥികളിൽ മാസത്തിൽ ഒന്നിലേറെ തവണ പനി ബാധിക്കുന്നതായും കാണുന്നു. ഈമാസം 18 ദിവസത്തിനിടെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ചെത്തിയവരുടെ എണ്ണം 4106 ആണ്. തിങ്കളാഴ്ച മാത്രം പനിക്ക് ചികിത്സ തേടിയവർ 283 പേരാണ്.
മൂന്ന് ഡെങ്കി കേസും തിങ്കളാഴ്ച സ്ഥിരീകരിച്ചു. ഈമാസം 13 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി ഈമാസം ഒന്ന് മാത്രമാണ്. ഡെങ്കിപ്പനി സംശയിക്കുന്ന 63 കേസ് ഉണ്ടെന്നാണ് വിവരം. പകലും പറന്നുനടക്കുന്ന ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകു പരത്തുന്ന രോഗമാണ് ഡെങ്കി. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ മൂന്നു മുതൽ 14 വരെ ദിവസം നീളുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
കടുത്തതും ഇടവിട്ടതുമായ പനി, ശരീരവേദന, കണ്ണു ചുവന്നുതടിക്കുക, കണ്ണുകൾക്കു പിന്നിൽ വേദന, കൈകാൽ കഴപ്പ്, സന്ധികളിൽ വേദന, തൊലിപ്പുറത്തുള്ള ചുവന്ന പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ.
കൊച്ചുകുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗമുള്ളവർ എന്നിങ്ങനെയുള്ളവർക്ക് ഡെങ്കി സാധ്യത വളരെ കൂടുതലാണ്. ഇടവിട്ട് മഴ തുടരുന്നതിനാൽ കൊതുക് സാന്ദ്രത കൂടാൻ സാധ്യതയുണ്ട്. മഴ തുടരുന്നത് എലിപ്പനി സാധ്യതയും കൂട്ടുകയാണ്. മഴക്ക് പിന്നാലെ വെള്ളക്കെട്ടുകൾ കൂടുന്നതാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നത്. നഗരങ്ങളിൽ കാനകളിലും ഗ്രാമങ്ങളിൽ പറമ്പുകളിലുമാണ് എലികൾ കൂടുതലായി കാണുന്നത്. പനിയുണ്ടായാൽ സ്വയം ചികിത്സക്ക് നിൽക്കാതെ എത്രയും വേഗം ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.