കണ്ണീരാണ് വിളവ്
text_fieldsതൊടുപുഴ: സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ജില്ലയിലെ കർഷകർ കടന്നുപോകുന്നത്. വിതച്ചും നനച്ചും കാത്തിരുന്നതെല്ലാം കണ്ണീരിെൻറ വിളവായി മാറുന്നു. ഉൽപാദനവും വിലയും ഇടഞ്ഞതിന് പുറമെ മഴക്കെടുതികളും വന്യജീവി ആക്രമണവും വളങ്ങളുടെയും കീടനാശിനികളുടെയും വിലക്കയറ്റവുമെല്ലാം കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകുന്നു. കോവിഡ് പ്രതിസന്ധിയിൽനിന്ന് കൃഷിയിലൂടെ കരകയറാൻ ശ്രമിച്ച പല കർഷകരും ഇപ്പോൾ കടക്കെണിയിൽപ്പെട്ട് ആന്മഹത്യയുടെ വക്കിലാണ്. പിടിച്ചുനിൽക്കാനാവാതെ കൃഷി ഉപേക്ഷിച്ചവരും നിരവധി. കൈപിടിച്ചുയർത്താൻ സർക്കാറിെൻറ അടിയന്തര ഇടപെടലാണ് ആവശ്യം.
മഴയെടുത്തത് 5.58 കോടിയുടെ കൃഷി
തൊടുപുഴ: ജില്ലയിൽ മാർച്ച് ഒന്നിനുശേഷം രണ്ടുഘട്ടങ്ങളിലായി മഴയിൽ നശിച്ചത് 5.58 കോടിയുടെ കൃഷി. മാർച്ച് ഒന്നുമുതൽ ഏപ്രിൽ അവസാനം വരെയുള്ള കാലയളവിൽ 2.73 കോടിയുടെയും മഴ കൂടുതൽ ശക്തിപ്പെട്ട മേയ് മാസത്തിൽ 2.85 കോടിയുടെ കൃഷിയുമാണ് നശിച്ചത്. വളർച്ചയുടെ വിവിധ ഘട്ടത്തിലുള്ളതും വിളവെടുക്കാറായതുമായ കാർഷികോൽപന്നങ്ങൾ മഴയിൽ നശിച്ചത് കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ ശ്രമിച്ച കർഷകർക്ക് കനത്ത തിരിച്ചടിയായി. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ അവസാനം വരെ ജില്ലയിൽ 1261കർഷകരുടെ 100.02 ഹെക്ടറിലെ കൃഷി നശിച്ചതായാണ് കൃഷിവകുപ്പിെൻറ കണക്ക്.
അടിമാലി ബ്ലോക്കിൽ മാത്രം മുന്നൂറോളം കർഷകരുടെ ഒന്നരകോടിയോളം രൂപയുടെ വിവിധ വിളകൾ നശിച്ചു. മേയ് മാസത്തിൽ മാത്രം ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി 37.91 ഹെക്ടറിലെ 320 കർഷകരുടെ 2.85 കോടിയുടെ കൃഷികളാണ് നശിച്ചത്. ഇളംദേശം ബ്ലോക്കിൽ 8.08 ലക്ഷം, ഇടുക്കിയിൽ -2.60 കോടി, കട്ടപ്പന -4.25 ലക്ഷം, തൊടുപുഴ -13.21 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ബ്ലോക്കുകളിലുണ്ടായ നാശത്തിെൻറ കണക്ക്. ഈമാസം ഉണ്ടായ മഴക്കെടുതികളിൽ നശിച്ചവയിൽ കുലച്ച 37460 വാഴകളും ടാപ്പുചെയ്യുന്ന 456 റബർ മരങ്ങളും കായ്ച്ചുതുടങ്ങിയ 5050കുരുമുളക് ചെടികളും 3.200 ഹെക്ടറിലെ പച്ചക്കറികളും രണ്ട് ഹെക്ടറിലെ ഏലവും ഉൾപ്പെടുന്നു. വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകരെയാണ് വേനൽമഴയുടെ ദുരിതം ഏറ്റവും കൂടുതൽ ബാധിച്ചത്. ജില്ലയിലെ കർഷകരിൽനിന്ന് ഹോർട്ടികോർപ് സമാഹരിച്ച പച്ചക്കറിയുടെ വില ഇനിയും പൂർണമായി കൊടുത്തുതീർത്തിട്ടില്ല.
വില തുച്ഛം, അധ്വാനം മിച്ചം
കട്ടപ്പന: ജില്ലയിലെ കർഷകരുടെ പ്രധാന വരുമാനമാർഗങ്ങളായ ഏലവും കുരുമുളകും കാപ്പിയും കടുത്ത വെല്ലുവിളി നേരിടുകയാണ്. വിലയിടിവും ഉൽപാദനക്കുറവും മൂലം കുരുമുളക്, കാപ്പി കർഷകർ വിഷമിക്കുമ്പോൾ കയറ്റുമതിയിലുണ്ടായ തകർച്ച മൂലം വിലയിടിഞ്ഞതാണ് ഏലം കർഷകരെ പ്രതിസന്ധിയിലാക്കിയത്. ഇതിന് പുറമെ തൊഴിലാളി ക്ഷാമവും വളം, കിടനാശിനികളുടെ അമിതവിലയും കർഷകരെ കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്നു.
കിലോക്ക് 495രൂപയാണ് കുരുമുളകിന് ഇപ്പോൾ വില. വർഷങ്ങൾക്ക് മുൻപ് 700വരെ കിട്ടിയിരുന്നു. ഉൽപാദന ചെലവുമായി തട്ടിച്ചുനോക്കിയാൽ നിലവിലെ വില ലാഭകരമല്ല. 600 രൂപയെങ്കിലും കിട്ടിയാലേ കർഷകന് മുന്നോട്ടുപോകാനാവു. ജില്ലയിലെ അരലക്ഷത്തിലധികം കർഷകർ ഏലം കൃഷിയെ മാത്രം ആശ്രയിച്ചാണ് കഴിയുന്നത്. കിലോക്ക് ശരാശരി 600-850 രൂപ മാത്രമാണ് ഇപ്പോൾ വില. രണ്ടുവർഷം മുമ്പ് 7000 രൂപവരെ ഉണ്ടായിരുന്നു. ഏലത്തോട്ടം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവർ മുതൽമുടക്കുപോലും ലഭിക്കാതെ പ്രതിസന്ധിയിലാണ്.
ഹൈറേഞ്ചിലെ കർഷകരുടെ മറ്റ് പ്രധാന കൃഷികൾ ഗ്രാമ്പുവും ജാതിക്കയുമാണ്. ഗ്രാമ്പുവിന് കിലോക്ക് ശരാശരി 725ഉം ജാതിക്ക് 350 ഉം രൂപ മാത്രമാണ് വില. മഞ്ഞൾ കിലോക്ക് 110 രൂപയും ചുക്കിന് 115 രൂപയുമായി ഇടിഞ്ഞു. കാപ്പിക്കുരുവിനും കൊക്കോക്കുമെല്ലാം വില താഴെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.