വിള ഇൻഷ്വറൻസ്; ജില്ലയിൽ ആനുകൂല്യം കാത്ത് കർഷകർ
text_fieldsവേനലിൽ കരിഞ്ഞുണങ്ങിയ ഏലകൃഷി(ഫയൽ
തൊടുപുഴ: വിള ഇൻഷ്വറൻസ് പദ്ധതിയിൽ ജില്ലയിൽ ആനുകൂല്യത്തിനായി കാത്തിരിക്കുന്നത് മൂന്നൂറിലേറെ കർഷകർ. ജില്ലയിലെ വിവിധ കൃഷി ഭവൻ പരിധിയിലാണ് കൃഷി നാശം സംഭവിച്ച 341 കർഷകർ രണ്ട് വർഷത്തോളമായി ആനുകൂല്യത്തിനായി കാത്തിരിക്കുന്നത്. കൃഷിവകുപ്പ് നേരിട്ട് നടത്തുന്ന സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിലാണ് ഇവർ അപേക്ഷ നൽകിയത്. എന്നാൽ, രണ്ട് വർഷത്തോളമായി ആനുകൂല്യം മുടങ്ങിയത് അപേക്ഷകരായ കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്.
അഞ്ച് വർഷം; 900ത്തോളം അപേക്ഷകർ
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കൃഷി നാശത്തിന് ഇൻഷ്വറൻസ് ആനുകൂല്യം തേടി ജില്ലയിൽനിന്ന് 856 കർഷകരാണ് അപേക്ഷ നൽകിയത്. 2021-22ൽ 205 പേരും 2022-23 ൽ 205 പേരും 2023-24 ൽ 178 പേരും അപേക്ഷകൾ നൽകിയതായും ഈ അപേക്ഷകൾ തീർപ്പാക്കിയതായും കൃഷി വകുപ്പ് രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, 2024-25ൽ അപേക്ഷ നൽകിയ 249 പേരിൽ 107 പേരും 2025-26 ലെ അപേക്ഷകരായ 199 പേരുമാണ് നിലവിൽ ആനുകൂല്യത്തിനായി കാത്തിരിക്കുന്നത്. നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയാൽ പരിശോധനകൾ പൂർത്തിയാക്കി ഒരുമാസത്തിനകം ബജറ്റ് വിഹിത ലഭ്യതക്കനുസരിച്ച് അർഹമായ തുക അപേക്ഷകരുടെ മുൻഗണന ക്രമപ്രകാരം നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ആനുകൂല്യ വിതരണത്തിൽ പ്രതിസന്ധിയെന്നാണ് വിവരം.
ആനുകൂല്യം കുറവ്: കർഷകർ കൈവിടുന്നു
പദ്ധതിയിൽ ചേരുന്ന കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യം കുറവായതിനാൽ കർഷകർ രജിസ്റ്റർ ചെയ്യാൻ മടിക്കുകയാണ്. ഉൽപാദന ചെലവുകൾ വെച്ച് നോക്കുമ്പോൾ പദ്ധതിയിലൂടെ കൃഷിനാശത്തിന് ലഭിക്കുന്നത് നാമമാത്ര നഷ്ടപരിഹാരമാണെന്നാണ് കർഷകർ പറയുന്നത്.
എന്നാൽ, അപ്രതീക്ഷിതമായുണ്ടാകുന്ന വിളനാശത്തിൽ പദ്ധതി ഗുണകരമാണെന്ന് അഭിപ്രായമുള്ളവരും കുറവല്ല. ഇക്കാര്യം കൂടുതൽ കർഷകരിലേക്കെത്തിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വൈമനസ്യമാണെന്നും അവർ പറയുന്നു.
തെങ്ങ്, കമുക്, റബർ, കശുമാവ്, വാഴ, മരച്ചീനി, കൈതച്ചക്ക, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, കാപ്പി, തേയില, കൊക്കോ, നിലക്കടല, എള്ള്, പച്ചക്കറി, ജാതി, ഗ്രാമ്പു, വെറ്റില, പയറു വർഗ്ഗങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ, കരിമ്പ്, പുകയില, നെല്ല്, മാവ്, ചെറുധാന്യങ്ങൾ എന്നീ വിളകൾക്കാണ് ഈ പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കുന്നത്. പ്രകൃതിക്ഷോഭത്തിലല്ലാതെ നശിക്കുന്ന വിളകൾക്കും വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും നെൽകൃഷിയിൽ കീടബാധയോ രോഗബാധ മൂലമുള്ള 50 ശതമാനത്തിലധികമുള്ള വിളനാശത്തിനും പദ്ധതിയിൽ സംരക്ഷണം ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

