സൗകര്യങ്ങളില്ലാതെ വലഞ്ഞ് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ്; യാത്രക്കാർക്ക് ഭീഷണിയായി ഗുണ്ടാവിളയാട്ടവും
text_fields1. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ് 2. മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ നിലം കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കമ്പി പുറത്തായ നിലയിൽ 3. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിനു മുന്നിലെ കെണി
തൊടുപുഴ: ‘ഇതുവഴി പോകുന്നതൊക്കെ കൊള്ളാം... സൂക്ഷിച്ചും കണ്ടു നടന്നോണം...’ എന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞാൽ ഉറപ്പാണ്, നിങ്ങൾ തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിലായിരിക്കും. ലക്ഷ്യസ്ഥാനത്തേക്കുള്ള ബസ് പിടിക്കാൻ സ്റ്റാൻഡിലൂടെ തലങ്ങും വിലങ്ങും പായുമ്പോൾ ഒന്നു സൂക്ഷിച്ചോണം. സ്റ്റാൻഡിലെ കുഴികളിൽ നിന്ന് ഇരുമ്പ് കമ്പികൾ തുറിച്ചു നോക്കിയിരിപ്പുണ്ട്. അതിലെങ്ങാനും പെട്ടാൽ മുറിവു പറ്റാം. കാലൊടിയാം. കരണം, യാത്രക്കാരെ വീഴ്ത്താൻ പാകത്തിൽ സ്റ്റാൻഡിനുള്ളിൽ വാരിക്കുഴികൾ ധാരാളമുണ്ട്. മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ നിലം കോൺക്രീറ്റ് ചെയ്തതാണ്. പക്ഷേ, പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ പുറത്തുചാടിയ നിലയിലാണ്. ഈ കുഴിയിൽ പെടുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. യാത്രക്കാർക്ക് പരിക്കുമേൽക്കുന്നു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും അടക്കം ഏറ്റവും തിരക്കേറിയ സ്റ്റാൻഡിലാണ് ഈ ഗതികേട്.
ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിലും യാത്രക്കാരെ കാത്ത് കെണിയൊരുക്കി വെച്ചിട്ടുണ്ട്. സ്റ്റാൻഡിനു മുന്നിലെ ഓട മറയ്ക്കാൻ ഇരുമ്പ് പാനലാണ് ഇട്ടിരിക്കുന്നത്. ഇതിന്റെ വിടവിൽ പെട്ട് യാത്രക്കാരുടെ കാലിന് പരിക്കേറ്റ സംഭവങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. ഒരിക്കൽ ഫയർഫോഴ്സുകാർ എത്തിയാണ് കാൽ കുടുങ്ങിയയാളെ രക്ഷിച്ചത്. കുട്ടികളുടെ കാൽ ഇതിന്റെ വിടവിൽ കുടുങ്ങാൻ സാധ്യതയുള്ളതിനാൽ രക്ഷിതാക്കൾ കരുതലോടെയാണ് ഇതുവഴി പോകുന്നത്.
എവിടെ ഒന്നിരിക്കും...?
ഇടുക്കി ജില്ലയുടെ ഒട്ടുമിക്ക പ്രദേശത്തേക്കും ബസുകൾ സർവീസ് നടത്തുന്ന ബസ് സ്റ്റാൻഡാണ് തൊടുപുഴയിലേത്. പക്ഷേ, ബസ് കാത്തു നിൽക്കുന്നവർക്ക് ഒന്നിരിക്കാനുള്ള സൗകര്യമാകട്ടെ വളരെ പരിമിതവും. ഏതാനും പേർക്ക് ഇരിക്കാവുന്ന ഒരു കുടുസ്സ് സംവിധാനം മാത്രമാണിവിടെ ഉള്ളത്. പ്രായമായവരും രോഗികളുമെല്ലാം ബസ് കാത്തുനിന്ന് കാൽകഴയ്ക്കുന്ന അവസ്ഥയാണിപ്പോൾ. ഏതാനും ഇരിപ്പിടങ്ങൾ കൂടി സജ്ജീകരിച്ചാൽ ഈ പ്രശ്നത്തിന് താൽകാലിക പരിഹാരമാകും.
എല്ലാ പണിയും പൂർത്തിയായിട്ടും ഇനിയും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാതെ അടച്ചുപൂട്ടിയിട്ടിരിക്കുകയാണ് ബസ് സ്റ്റാൻഡിലെ ശൗചാലയം. തൊട്ടപ്പുറത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന ശൗചാലയമാകട്ടെ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ളതാണ്.
ഗുണ്ടാവിളയാട്ടം
പൊതു ജനങ്ങളുടെ സ്വൈര്യമായ യാത്രയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ ഗുണ്ടാവിളയാട്ടം പതിവാണിവിടെ. ബസ് ജീവനക്കാർ തമ്മിലുള്ള ഏറ്റുമുട്ടലുകളുമുണ്ട്. ഇതിനൊക്കെ പരിഹാരം കാണാൻ വേണ്ടത്രയും പൊലീസുകാരെ വിന്യസിക്കാനോ കാര്യക്ഷമാമയ നിലയിൽ ഔട്ട്പോസ്റ്റ് സ്ഥാപിക്കാനോ കഴിയാത്തതും പ്രശ്നമാണ്.കോതായി കുന്നിൽ സ്ഥിതി ചെയ്യുന്ന മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും പണി പൂർത്തിയായിട്ടും അടച്ചിട്ടിരിക്കുന്ന ശൗചാലയം ജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്നും പുതുതായി ചുമലയേറ്റ മുനിസിപ്പൽ ചെയർമാൻ കെ. ദീപക് സത്യപ്രതിജ്ഞ ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ ഉറപ്പു നൽകിയിരുന്നു. പുതിയ ചെയർമാന്റെ വാക്കും പാഴ്വാക്കാകുമോ എന്ന് കണ്ടറിയണമെന്ന് അടക്കം പറയുന്നുണ്ട് നാട്ടുകാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.