അഭിമാനമാണ് ആ കാലം
text_fieldsതൊടുപുഴ: മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ വളർച്ച തൊടുപുഴ ഉണ്ടപ്ലാവ് ഈന്തുങ്കൽ ഇ.എസ്. ഹമീദ് എന്ന 82കാരന്റെ മനസ്സിൽ സ്വന്തം ജീവിതത്തോടൊപ്പം പച്ചപിടിച്ചുനിൽക്കുന്ന ഓർമകളാണ്. ആവേശത്തോടെ സമ്മേളനങ്ങൾക്ക് പോയത്, വളന്റിയറായി പ്രവർത്തിച്ചത്, പ്രമുഖ നേതാക്കളെ നേരിട്ട് കാണാൻ കഴിഞ്ഞത്... ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അതെല്ലാം മനസ്സിൽ അഭിമാനം നിറക്കുന്നുവെന്ന് ഹമീദ് പറയുന്നു.
ഇപ്പോഴും മുസ്ലിം ലീഗിന്റെ പരിപാടികളിൽ പഴയ ആവേശത്തോടെ ഹമീദ് ഉണ്ടാകും. പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് ചെന്നൈക്ക് പോകാൻ ആഗ്രഹിച്ചെങ്കിലും ആരോഗ്യം അനുവദിച്ചില്ല. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മുസ്ലിം ലീഗ് രാഷ്ട്രീയത്തിനൊപ്പമാണ് തന്റെ മനസ്സ്. പിന്നീട് ശാഖ സെക്രട്ടറിയായൊക്കെ പ്രവർത്തിച്ചു. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ജില്ലയിൽ പാർട്ടി വളർന്നത്. എ.എം. മുഹമ്മദ്കുഞ്ഞ് ലബ്ബയുടെ കർമോത്സുകമായ നേതൃത്വമായിരുന്നു അതിന് പിന്നിൽ. മുഹമ്മദ് കുഞ്ഞ് ലബ്ബയോടൊപ്പം സമ്മേളനങ്ങളിലും മറ്റ് പാർട്ടി പരിപാടികളിലും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ നടന്ന ലീഗ് സമ്മേളനങ്ങളിൽ വളന്റിയറായി പ്രവർത്തിച്ചു. പാലക്കാട് കോട്ടമൈതാനിയിലെ ടിപ്പുസുൽത്താൻ നഗറിൽ നടന്ന മഹാസമ്മേളനത്തിലാണ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിനെ നേരിട്ട് കാണുന്നത്. ലബ്ബ സാഹിബിന്റെ അനുജൻ റഷീദ്, വണ്ണപ്പുറം മമ്മി, വെള്ളിയാമറ്റം തമ്പി എന്നിവരൊക്കെയായിരുന്നു വളന്റിയർ ടീമുകളുടെ ക്യാപ്റ്റൻമാർ.
ഒഴിവുസമയങ്ങളിലായിരുന്നു പാർട്ടി പ്രവർത്തനം. അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ തൊടുപുഴയിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത് ഇപ്പോഴും ഓർമയുണ്ട്. യോഗസ്ഥലത്തുവെച്ച് തങ്ങൾ മുഹമ്മദ്കുഞ്ഞ് ലബ്ബക്ക് ഒരു പച്ചപതാക കൈമാറി. ജീപ്പിന് മുന്നിൽ കൊടി കെട്ടിവെച്ച് ലബ്ബ സാഹിബ് തൊടുപുഴയുടെ പ്രാന്തപ്രദേശങ്ങളിലും ജില്ലയിലെ മലമടക്കുകളിലൂടെയും സഞ്ചരിച്ച് ലീഗിന്റെ സന്ദേശം എത്തിച്ചു.
മുസ്ലിം ലീഗ് സംഘടന രാഷ്ട്രീയം വേണ്ടെന്ന് വെച്ചാൽ മെച്ചപ്പെടുമെന്നായിരുന്നു ചിലരുടെ ഉപദേശം. മുസ്ലിം ലീഗിന് ഒരു പഞ്ചായത്ത് വാർഡിൽപോലും ജയിക്കാൻ കഴിയില്ലെന്ന് ചിലർ പരിഹസിച്ചു. എന്നാൽ, ലബ്ബ സാഹിബ് അതൊന്നും വകവെക്കാതെ മുന്നോട്ടുപോയി. കെ.ആർ. ഗൗരിയമ്മ റവന്യൂ മന്ത്രിയായിരിക്കെ നേരിട്ട് കണ്ട് വണ്ണപ്പുറം ജുമാമസ്ജിദിന് സ്ഥലം സൗജന്യമായി വാങ്ങിയെടുത്തത് ലബ്ബ സാഹിബാണ്.
അന്ന് പാർട്ടിയിൽ ചേരാൻ ആളുകൾക്ക് മടിയായിരുന്നു. സി.എച്ച്. മുഹമ്മദ് കോയ ഉൾപ്പെടെ പ്രമുഖ ലീഗ് നേതാക്കൾ അക്കാലത്ത് തൊടുപുഴ സന്ദർശിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന് ഒരു പഞ്ചായത്ത് മെംബർപോലും ഉണ്ടാകില്ലെന്ന് ആക്ഷേപിച്ച ഒരാൾ അവുക്കാദർ കുട്ടി നഹ പഞ്ചായത്ത് മന്ത്രിയായിരിക്കെ തൊടുപുഴയിൽ എത്തിയപ്പോൾ നേരിട്ട് കണ്ട് നിവേദനം നൽകാൻ വന്നത് ഓർക്കുമ്പോൾ ഇന്നും പാർട്ടിയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് ഹമീദ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.