ഇടുക്കി ജില്ല തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്
text_fieldsഇടുക്കി മണ്ഡലത്തിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് തേടുന്ന റോഷി അഗസ്റ്റിൻ
തൊടുപുഴ: സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയതോടെ ഇടുക്കി ജില്ലയും തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഇടതുമുന്നണി ആദ്യഘട്ട പ്രചാരണത്തില്‍ ഒരു ചുവട് മുന്നിലാണ്. അഞ്ചിടങ്ങളിൽ തൊടുപുഴയിൽ മാത്രമാണ് യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പി.ജെ. ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. കേരള കോണ്‍ഗ്രസ്-എമ്മിന്റെ സിറിയക് ചാഴികാടൻ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കും. ദേവികുളം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി എ. രാജയും എൻ.ഡി.എ സ്ഥാനാർഥിയായി എസ്. രാജേന്ദ്രനും മത്സര രംഗത്തുണ്ട്.
ഇടുക്കി മണ്ഡലത്തിൽ റോഷി അഗസ്റ്റിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം നേരത്തേ തന്നെ നടന്നതിനാൽ പ്രചാരണവും സജീവമായി. സി.പി.എം സ്ഥാനാര്‍ഥികളായ കെ.കെ. ജയചന്ദ്രന്‍ ഉടുമ്പന്‍ചോലയിലും എ. രാജ ദേവികുളത്തും സി.പി.ഐ സ്ഥാനാര്‍ഥിയായ കെ. സലിംകുമാര്‍ പീരുമേട്ടിലും തെരഞ്ഞെടുപ്പ് പര്യടനത്തിന്‍റെ തിരക്കിലാണ്. റോഡ്ഷോ നടത്തിയും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടുമാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണം കൊഴുപ്പിക്കുന്നത്. തൊടുപുഴയില്‍ സിറിയക് ചാഴികാടന്‍ പര്യടനം തുടങ്ങിക്കഴിഞ്ഞു. ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ അദ്ദേഹം വോട്ടഭ്യര്‍ഥിച്ചു. നഗരത്തില്‍ റോഡ്ഷോയും നടത്തി.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അപു ജോണ്‍ ജോസഫ് വ്യാഴാഴ്ച മുതല്‍ പ്രചാരണരംഗത്ത് സജീവമാകും. ബുധനാഴ്ച ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ കേരള കോൺഗ്രസ് സ്ഥാനാർഥികൾ എത്തി പ്രാർഥന നടത്തിയിരുന്നു. പിതാവായ പി.ജെ. ജോസഫിന്‍റെ തട്ടകമെന്ന നിലയില്‍ തൊടുപുഴ നിയോജകമണ്ഡലത്തില്‍ അദ്ദേഹത്തിനുള്ള വ്യക്തിബന്ധങ്ങളും മറ്റും തെരഞ്ഞെടുപ്പുരംഗത്ത് അനുകൂലമാകുമെന്നാണ് അപുവിന്‍റെ പ്രതീക്ഷ. കേരള കോൺഗ്രസിൽനിന്ന് ഇടുക്കി ഏറ്റെടുത്തതിനാൽ കോണ്‍ഗ്രസ് ആദ്യം പുറത്തിറക്കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടുക്കി ഉള്‍പ്പെട്ടില്ല.
അതുകൊണ്ട് തന്നെ കോൺഗ്രസ് മത്സരിക്കുന്ന നാലു നിയോജക മണ്ഡലങ്ങളിലും ചിത്രം വ്യക്തമായിട്ടില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാകാത്തതിനാല്‍ എന്‍.ഡി.എയും പ്രചാരണ രംഗത്ത് സജീവമായിട്ടില്ല. ദേവികുളത്ത് എസ്. രാജേന്ദ്രനും ഉടുമ്പന്‍ചോലയില്‍ സംഗീത വിശ്വനാഥനുമാണ് എന്‍.ഡി.എക്കുവേണ്ടി മത്സരിക്കുന്നത്. ഇടുക്കി, തൊടുപുഴ, പീരുമേട് മണ്ഡലങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

