ഈ നഗരം പൊട്ടിയൊലിക്കുകയാണ് സാറന്മാരേ...!
text_fields1)മുനിസിപ്പൽ ബസ് സ്റ്റാൻഡിൽനിന്ന് കോതായിക്കുന്നിലേക്കുള്ള റോഡിൽ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു 2) കാഞ്ഞിരമറ്റം ബൈപാസ് റോഡിന്റെ തുടക്കത്തിലെ ജലധാര
തൊടുപുഴ: നഗരം നാനാവഴികളിലൂടെ ഇപ്പോൾ പൊട്ടിയൊലിക്കുകയാണ്. ഏത് നാൽക്കവലയിൽ നോക്കിയാലും കുടിവെള്ള പൈപ്പ് പൊട്ടിയൊലിക്കുന്ന കാഴ്ച ഒട്ടും പുതുമയില്ലാത്തതായി കഴിഞ്ഞിരിക്കുന്നു. മാസങ്ങൾ തൊട്ട് ആഴ്ചകളും ദിവസങ്ങളുമായ പൊട്ടലുകളാണ് പലയിടത്തും. കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുന്നതിനിടെയാണ് പല വഴികളിലൂടെ ശുദ്ധജലം ഒഴുകിപ്പരക്കുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്.
പൈപ്പ് പൊട്ടി വെള്ളമൊഴുകുന്ന വിവരം അറിയിച്ചാലും നന്നാക്കാൻ ജല അതോറിറ്റിക്കാർ വരുന്നില്ലെന്ന് ഓരോ കവലയിലും പൊട്ടിയൊഴുകുന്ന പൈപ്പ് നോക്കി നാട്ടുകാർ പരാതി പറയുന്നു. അറ്റകുറ്റപ്പണി നടത്താൻ വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് നാടൊട്ടുക്കും പൊട്ടിയൊലിച്ചിട്ടും തിരിഞ്ഞുനോക്കാൻ കഴിയാത്തതെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. ജലവിഭവ മന്ത്രിയുടെ സ്വന്തം ജില്ലയായിട്ടും വകുപ്പ് വേണ്ടത്ര കാര്യക്ഷമമല്ലെന്ന് ചിലരെങ്കിലും അടക്കം പറയുന്നുണ്ട്.
കോതായിക്കുന്നിലെ ‘കുത്തൊഴുക്ക്’
നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡായ മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ കിഴക്കേയറ്റത്ത് കോതായിക്കുന്നിലേക്കുള്ള കയറ്റത്തിലെത്തുന്നവർക്ക് വിരുന്നായി നല്ലൊരു നീരൊഴുക്കു തന്നെ കാണാം. പൈപ്പ് പൊട്ടി കുടിവെള്ളം ബസുകൾ പാർക്ക് ചെയ്യുന്നിടത്തേക്ക് ഒഴുകിക്കൊണ്ടേയിരിക്കുന്നു.
മാസങ്ങളായി ഈ നീരൊഴുക്ക് തുടരുന്നു. ഓട്ടോറിക്ഷ ഡ്രൈവർമാർ കല്ലും മണ്ണുമൊക്കെയിട്ട് മൂടാൻ ശ്രമിച്ചെങ്കിലും നിലക്കാത്ത ഉറവകണക്കെ റോഡിനടിയിലായ പൈപ്പിന്റെ പൊട്ടിയ വിടവിലൂടെ വെള്ളം കിനിഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതിനും തൊട്ടുമുകളിലായി പാലാ ഭാഗത്തേക്ക് തിരിയുന്നിടത്തും റോഡിന് കിഴക്കുവശത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്.
‘ജലധാര’ അതോറിറ്റി വക
മിനി സിവിൽ സ്റ്റേഷനു സമീപത്തുനിന്നും കാഞ്ഞിരമറ്റം ബൈപാസിലേക്ക് തിരിയുന്നതിന്റെ തുടക്കത്തിൽ തന്നെ പൈപ്പ് പൊട്ടി ‘ജലധാര’ കണക്കെ റോഡിലേക്ക് വെള്ളം ചീറ്റിക്കൊണ്ടിരിക്കുന്നു. റോഡരികിലൂടെ പോകുന്ന കാൽനടക്കാരെയും നനച്ചാണ് വെള്ളം ചീറിയൊഴുകുന്നത്. തൊട്ടടുത്തുള്ള കച്ചവട സ്ഥാപനങ്ങളിലേക്ക് പോകുന്ന പി.വി.സി പൈപ്പാണ് പൊട്ടിയൊഴുകുന്നത്. രണ്ടാഴ്ചയായി ഇവിടെ വെള്ളം പാഴാവുകയാണ്. നന്നാക്കാൻ ഒരു ശ്രമവും നടന്നിട്ടില്ല.
കാഞ്ഞിരമറ്റം ‘വെള്ളച്ചാട്ടം’
തൊടുപുഴ നഗരത്തിന്റെ ഹൃദയമായ മാർക്കറ്റ് റോഡിന്റെ കിഴക്കേ അറ്റത്ത് കാഞ്ഞിരമറ്റം ജങ്ഷനോട് ചേർന്നൊരു കലുങ്കുണ്ട്. കാഞ്ഞിരമറ്റം ബൈപാസിൽനിന്ന് മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് ഈ കലുങ്ക്.
നഗരത്തിലെ മലിനജലം ഒഴുകുന്ന തോട്ടിലേക്ക് പൊട്ടിയ പൈപ്പിൽനിന്ന് ‘വെള്ളച്ചാട്ടം’ കണക്കെയാണ് കുടിവെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്. മാർക്കറ്റ് ഭാഗത്തേക്ക് കുടിവെള്ളമെത്തുന്ന പ്രധാന പൈപ്പാണിത്. രാവിലെയാണ് വെള്ളമൊഴുക്കിന് ശക്തി കൂടുന്നത്. മൂന്നു മാസത്തിലധികമായി ഇവിടത്തെ ഇരുമ്പ് പൈപ്പ് പൊട്ടി വെള്ളം തോട്ടിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. നാട്ടുകാർ പ്ലാസ്റ്റിക് കവറുകളും ചരടും ഉപയോഗിച്ച് അടക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.
‘ആനച്ചാൽ’
തൊടുപുഴയിൽനിന്നും മൂവാറ്റുപുഴയിലേക്കുള്ള പ്രധാന പാതയിൽ ആനക്കൂട് ജങ്ഷനിൽ മാസങ്ങളായി പൈപ്പ് പൊട്ടിയൊഴുകുന്നു. റോഡിന്റെ വടക്കുവശത്തുള്ള പൊട്ടലിൽനിന്നും അരക്കിലോമീറ്ററോളം ദൂരമാണ് വെള്ളം ഒഴുകി പരന്നുകൊണ്ടിരിക്കുന്നത്.
നല്ലൊരു നീർച്ചാലുപോലെയായിട്ടുണ്ട് ഇവിടത്തെ പൈപ്പ് പൊട്ടൽ. കുറച്ചുകൂടി മുന്നോട്ട് ചെന്നാൽ റോഡിനു നടുവിലായി മറ്റൊരു നീർച്ചോല രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ വീഴുന്ന വാഹനങ്ങൾ റോഡരികിലൂടെ കടന്നുപോകുന്നവരെ ജലാഭിഷേകം ചെയ്യുന്നുമുണ്ട്.
ഭീഷണിയായി ജലജന്യരോഗങ്ങൾ
കോളറയടക്കമുള്ള ജലജന്യരോഗങ്ങൾ തിരികെ വരുന്നതിന്റെ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ശുദ്ധജല പൈപ്പ് പൊട്ടിയൊലിച്ചുകൊണ്ടിരിക്കുന്നത്. ജലവിതരണത്തിലെ സമ്മർദം കുറയുന്ന നേരത്ത് പൊട്ടിയ വിടവിലൂടെ മാലിന്യം പൈപ്പിനുള്ളിൽ പ്രവേശിക്കുകയും കുടിവെള്ളത്തിലൂടെ നേരിട്ട് മനുഷ്യരിൽ എത്തുകയും ചെയ്യുമെന്ന ഭീഷണി കൂടിയുണ്ട് ഈ പൈപ്പ് പൊട്ടലുകൾക്ക്.
വറ്റാത്ത ഉറവ
വേനൽ കനക്കുന്നതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നതിനിടെയാണ് വറ്റാത്ത ഉറവകണക്കെ ജലവിഭവ വകുപ്പിന്റെ ‘അനാസ്ഥ’ പൊട്ടിയൊലിക്കുന്നത്. കാരിക്കോട്, തൊടുപുഴ-പാലാറോഡിന്റെ തുടക്കം, ന്യൂമാൻ കോളജിന് സമീപം, മങ്ങാട്ടുകവല തുടങ്ങി നഗരത്തിലെ 20ഓളം സ്ഥലങ്ങളിലാണ് കുടിവെള്ള പൈപ്പുകൾ പൊട്ടിയൊലിക്കുന്നത്.
പരാതി പറഞ്ഞിട്ട് കാര്യമില്ലെന്ന് നാട്ടുകാർ. പരാതി പറഞ്ഞാലും പരിഹരിക്കാൻ ആളില്ലെന്ന് ജലവകുപ്പ്. കരാർ ജീവനക്കാരെ കൊണ്ടാണ് പൊട്ടിയ ഭാഗം തുരന്ന് പൈപ്പുകൾ അടക്കുന്നത്. കരാർ ജീവനക്കാരെപ്പോലും നിയമിക്കാൻ കാലതാമസമുണ്ടാകുമ്പോഴും നിർബാധം കുടിവെള്ളം ഒഴുകിക്കൊണ്ടേയിരിക്കുന്നു.
റോഡും ‘കുള’മാകും
മിക്കയിടങ്ങളിലും പൈപ്പ് പൊട്ടി ചെറിയ ഉറവപോലെ പ്രത്യക്ഷപ്പെടുന്നത് റോഡിന് നടുവിലാണ്. ക്രമേണ ദ്വാരം വലുതാവുകയും അത്രയും ഭാഗത്തെ റോഡുതന്നെ തകരാൻ കാരണമാവുകയും ചെയ്യും. യഥാസമയം ചോർച്ചയടച്ച് പരിഹാരം കണ്ടില്ലെങ്കിൽ ഉന്നത നിലവാരമുള്ള തൊടുപുഴയിലെ റോഡുകൾ പലയിടത്തും കുഴികളായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

