ഉടുമ്പന്നൂരിൽ ഗ്രാമവണ്ടിക്ക് ഡബ്ൾ ബെൽ
text_fieldsതൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഗ്രാമവണ്ടി തിങ്കളാഴ്ച മുതൽ സർവ്വീസ് തുടങ്ങി. തദ്ദേശ സ്ഥാപനങ്ങളും കെ.എസ്.ആർ.ടി.സിയും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് ഗ്രാമവണ്ടി. ഇടുക്കി ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഗ്രാമപഞ്ചായത്താണ് ഉടുമ്പന്നൂർ. ബസ് സർവീസ് ഇല്ലാത്തതും യാത്ര സൗകര്യം പരിമിതവുമായ ഗ്രാമീണ റോഡുകളെ ബന്ധിപ്പിച്ച് പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധപ്പെടുത്തിയാണ് സർവീസ്. രാവിലെ എട്ടിന് ഉടുമ്പന്നൂർ പാറേക്കവലയിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനവും ഫ്ലാഗ് ഓഫുംനിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അധ്യക്ഷത വഹിച്ചു.
പൊതുഗതാഗത സംവിധാനം കുറവുള്ള പ്രദേശങ്ങളെ കോർത്തിണക്കിയാണ് ഗ്രാമവണ്ടി സർവീസ് നടത്തുന്നത്. കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന തട്ടക്കുഴ മേഖലയിൽ നിന്നും ഗ്രാമപഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫീസ്, വിവിധ ബാങ്കുകൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ഉടുമ്പന്നൂർ ടൗണിലേക്ക് എത്തിച്ചേരാൻ നിലവിൽ നേരിട്ട് ബസില്ല. ഗ്രാമപഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി ആരംഭിച്ചതിനാലും ലാബോറട്ടറിയിൽ വനിതകളുടെ പരിശോധനകൾ സൗജന്യമാക്കിയതിനാലും ഇവിടേക്ക് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്നും നിരവധി ആളുകൾ പ്രതിദിനം വന്നു പോകുന്നുണ്ട്. ഇവർ അനുഭവിക്കുന്ന യാത്രാ ബുദ്ധിമുട്ടുകൾക്കും ഗ്രാമവണ്ടി വരുന്നതോടെ പരിഹാരമാകും. വണ്ടിയുടെ ഡീസൽ ചെലവ് ഗ്രാമപഞ്ചായത്ത് വഹിക്കും. ഓൺഫണ്ടിൽ നിന്നും സ്പോൺസർഷിപ്പിലൂടെയും ഇതിനാവശ്യമായ പണം കണ്ടെത്തും. മെയിന്റനൻസ്, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവ കെ.എസ്.ആർ.ടി.സി വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

