കുറയാതെ ഗാർഹിക പീഡന കേസുകൾ...
text_fieldsതൊടുപുഴ: ജില്ലയിൽ ഗാർഹിക പീഡന പരാതികൾ കുറയുന്നില്ല. 2025ൽ ജില്ല വിമൻ പ്രൊട്ടക്ഷൻ ഓഫിസിലും ജില്ലയിലെ നാല് സർവിസ് പ്രൊവൈഡിങ് സെന്ററുകളിലും സഖി വൺ സ്റ്റോപ് സെന്ററിലുമായി ആകെ ലഭിച്ചത് 609 പരാതികൾ. ഇതിൽ 71 പേർക്ക് കോടതികളിൽനിന്ന് സംരക്ഷണ ഉത്തരവുകൾ ലഭ്യമായിട്ടുണ്ട്. ജില്ലയിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ഒരുമാസം ശരാശരി 50 പരാതികൾ ലഭിക്കുന്നതായാണ് കണക്ക്. പൊലീസിന് ലഭിക്കുന്ന പരാതികൾ വേറെയും.
ഗാർഹിക പീഡനങ്ങൾക്ക് ഇരകളാകുന്ന സ്ത്രീകളിൽ ഭൂരിഭാഗം പേരും ഇപ്പോൾ പരാതി നൽകാൻ തയാറാകുന്നുണ്ടെന്ന് ജില്ല വിമൻ പ്രൊട്ടക്ഷൻ ഓഫിസർ എ.എസ്. പ്രമീള പറഞ്ഞു. അതേസമയം, ജില്ലയിലെ ട്രൈബൽ മേഖലകളിൽനിന്ന് പരാതികൾ അധികം ഇപ്പോഴും പുറത്തേക്കു വരുന്നില്ല. ജില്ലയിൽ അതീവ ഗൗരവകരമായ പരാതികൾക്ക് പുറമേ കഴമ്പില്ലാത്തവയും ഇടക്ക് ലഭിക്കാറുണ്ട്. ഗാർഹിക അതിക്രമങ്ങളിൽ പങ്കാളിയുടെ മദ്യപാനവും ലഹരി ഉപയോഗവുമാണ്. മൊബൈൽ ഫോൺ ഉപയോഗം, ദമ്പതിമാർക്കിടയിലെ വിശ്വാസമില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയാണ് മറ്റു കാരണങ്ങൾ. സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാർഹിക പീഡന പരാതികൾ പൊതുവേ കുറഞ്ഞിട്ടുണ്ട്.
പരാതി നൽകാം; 24 മണിക്കൂറും സഹായം
ഗാർഹിക അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് വിമൻ പ്രൊട്ടക്ഷൻ ഓഫിസിലോ സഖി വൺ സ്റ്റോപ് സെന്ററിലോ താമസ സ്ഥലത്തിനടുത്തുള്ള സർവിസ് പ്രൊവൈഡിങ് സെന്ററിലോ പരാതി നൽകാം. ജില്ല വിമൻ പ്രൊട്ടക്ഷൻ ഓഫിസ് പൈനാവിൽ എസ്.ബി.ഐ ശാഖക്ക് സമീപമാണ് പ്രവർത്തിക്കുന്നത്. ഇതിനോടു ചേർന്നാണ് സഖി വൺ സ്റ്റോപ് സെന്റർ. തൊടുപുഴ, കുമളി, അടിമാലി, ചെറുതോണി എന്നിവിടങ്ങളിലാണ് സർവിസ് പ്രൊവൈഡിങ് സെന്ററുകൾ ഉള്ളത്.
എല്ലാ സർവിസ് പ്രൊവൈഡിങ് സെന്ററുകളിലും സൗജന്യ നിയമോപദേശവും നിയമ സഹായവും ലഭ്യമാണ്. പ്രൊട്ടക്ഷൻ ഓഫിസിൽനിന്ന് സൗജന്യ നിയമ സഹായം, കൗൺസലിങ്, മെഡിക്കൽ സഹായം, ഷെൽറ്റർ ഹോം സേവനം, പുനരധിവാസ സഹായ നടപടികൾ എന്നിവ ലഭ്യമാകും. സഖി വൺ സ്റ്റോപ് സെന്ററിലും 24 മണിക്കൂറും സഹായം ലഭ്യമാണ്.
താൽക്കാലിക അഭയം ആവശ്യമുള്ളവർക്ക് 20 ദിവസം വരെ ഇവിടെ താമസസൗകര്യവും ഒരുക്കും. ഗാർഹിക പീഡനങ്ങൾ മൂലം വീട് ഉപേക്ഷിച്ചു പോകേണ്ടി വരുന്ന സാഹചര്യങ്ങളിൽ മറ്റെങ്ങും ആശ്രയമില്ലാതെ വരുന്ന സ്ത്രീകൾക്കും അവരോടൊപ്പമുള്ള കുട്ടികൾക്കും ജില്ലയിൽ കട്ടപ്പന, പൈനാവ് (കുയിലിമല)എന്നിവിടങ്ങളിൽ രണ്ടു അഭയ ഭവനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
വിമൻ പ്രൊട്ടക്ഷൻ ഓഫിസ്, പൈനാവ് ഫോൺ: 04862-221722, 8281999056.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

