മഴയിൽ ചോർന്നൊലിച്ച് ജില്ല ആശുപത്രി; നനയാതിരിക്കാൻ പടുത
text_fieldsജില്ല ആശുപത്രിയുടെ പഴയ ബ്ലോക്കിൽ ചോർച്ച ഒഴിവാക്കാൻ പടുത വിരിച്ചിരിക്കുന്നു
തൊടുപുഴ: പേര് ജില്ല ആശുപത്രിയെന്നൊക്കെയാണെങ്കിലും മഴ പെയ്താൽ ചോർന്നൊലിക്കും. കാരിക്കോട് ജില്ല ആശുപത്രിയിലെ പഴയ ബ്ലോക്ക് മന്ദിരമാണ് ചോരുന്നത്.മേൽക്കൂര ചോരുന്നതിനാൽ ഡോക്ടർമാരും ജീവനക്കാരും രോഗികളും മഴക്കാറുനോക്കി ഓടിനടക്കേണ്ട സ്ഥിതിയാണ്.
ഒ.പി കെട്ടിടത്തിന്‍റെ മേൽക്കൂര കാലപ്പഴക്കം മൂലം തകർന്നതോടെയാണ് ചോർന്നൊലിച്ചു തുടങ്ങിയത്. ചോർച്ച തടയാൻ ഓടുമേഞ്ഞ കെട്ടിടത്തിനു മുകളിൽ പടുത വലിച്ചുകെട്ടിയിരിക്കുകയാണ്. മേൽക്കൂര ചിലയിടത്തൊക്കെ ദ്രവിച്ച് അപകടാവസ്ഥയിലുമാണ്.
പരിശോധന നടത്തുന്ന മുറികളിൽ മേൽക്കൂരയിൽനിന്ന് ചോർന്നൊലിക്കുന്ന വെള്ളം കെട്ടിനിൽക്കാറുണ്ട്. പലപ്പോഴും ജീവനക്കാർ വെള്ളം കോരിക്കളഞ്ഞതിനു ശേഷമാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്. സീലിങ് നിർമിച്ചിരിക്കുന്ന പലകകളും പട്ടികകളും ദ്രവിച്ച് ഏതുനിമിഷവും താഴേക്കുവീഴുന്ന നിലയിലാണ്. രോഗികളുടെ ജീവന് ഭീഷണിയായി മാറിയിട്ടും കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണി നടത്താനൊന്നും ആരും നടപടി സ്വീകരിച്ചിട്ടില്ല.
അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കും വാർഡുകളും ഉൾപ്പെടെ പ്രവർത്തിക്കുന്നതിനായി ഏഴുനില മന്ദിരം നിർമിച്ചിട്ടുണ്ട്. കോവിഡ് വാർഡും പ്രവർത്തിക്കുന്നത് ഇതിലാണ്. കാലപ്പഴക്കം ചെന്ന ഒ.പി മന്ദിരം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. ജില്ല പഞ്ചായത്തും ആരോഗ്യവകുപ്പും നഗരസഭയും ജനപ്രതിനിധികളും ഇടപെട്ട് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

