മല കയറുമ്പോൾ മറക്കരുതേ...അനധികൃത ട്രക്കിങ്ങിനെതിരെ നടപടി കർശനമാക്കാൻ വനംവകുപ്പ്
text_fieldsതൊടുപുഴ: ട്രക്കിങ്ങുമായി ബന്ധപ്പെട്ട അപകടങ്ങൾ പതിവാകുമ്പോൾ ജില്ലയിൽ വനമേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത ട്രക്കിങ്ങിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. മലകളും വനവുമുള്ള വിസ്തൃതപ്രദേശം ആയതിനാൽ പലരും ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ ട്രക്കിങ്ങിനായി എത്തുന്നുണ്ട്. അനധികൃത ട്രക്കിങ് നിരോധിച്ച് കലക്ടറുടെ ഉത്തരവ് നേരത്തേ ഇറങ്ങിയിട്ടുണ്ടെങ്കിലും വനം വകുപ്പിന്റെയടക്കം കണ്ണുവെട്ടിച്ചാണ് ഭൂരിഭാഗം ട്രക്കിങ്ങും. അപരിചിതമായതും ഒറ്റപ്പെട്ടതുമായ പ്രദേശങ്ങളിൽപോലും സാഹസിക ട്രക്കിങ്ങിനായി ചെറുസംഘങ്ങളായി പലരും എത്തുന്നത് പതിവാണ്. ജൈവ വൈവിധ്യങ്ങളാലും പുൽമേടുകളാലും പ്രകൃതിസൗന്ദര്യത്താലും നിറഞ്ഞ പ്രദേശങ്ങളാണ് ജില്ലയിൽ പലയിടങ്ങളും. അനുമതിയോടുകൂടി മാത്രമേ പോകാൻ പാടുള്ളൂ എങ്കിലും സാഹസികതയുടെ പേരിൽ വിലക്കുകൾക്ക് വിലകൽപിക്കാറില്ല പലരും.
കാഴ്ചയിൽ മനോഹരമാണെങ്കിലും അപകടസാധ്യതയേറിയ പ്രദേശമാണ് പലതും. കാൽതെറ്റിയാൽ ഒരുപക്ഷേ പതിക്കുന്നത് കൊക്കയിലേക്കാകും. എല്ലാ മാർഗനിർദേശങ്ങളോടുംകൂടി പ്രവർത്തിക്കുന്നവരുണ്ടെങ്കിലും അതിലേറെയാണ് അനധികൃത ട്രക്കിങ്ങുമായി രംഗത്തുള്ളവർ. പലപ്പോഴും അപകടത്തിൽപെടുന്നത് നിയമം ലംഘിച്ച് പോകുന്നവർ തന്നെയാണ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ചിത്രങ്ങൾ കണ്ട് സ്ഥലത്തെക്കുറിച്ച് ഒരു ധാരണയില്ലാത്തവർപോലും ജില്ലക്കകത്തുനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ട്രക്കിങ്ങിനായി എത്തുന്നുണ്ട്. ഒരാഴ്ച മുമ്പ് മൂന്നാർ കരടിപ്പാറ വ്യൂ പോയന്റില്‍ കൊക്കയിലേക്ക് വീണ് യുവാവ് മരണപ്പെട്ടിരുന്നു. കോതമംഗലം ചേലാട് സ്വദേശി ഷിബിനാണ് (25) മരിച്ചത്. വിനോദസഞ്ചാരത്തിനായാണ് ഷിബിന്‍ അടക്കമുള്ള 17 അംഗ സംഘം മൂന്നാര്‍ കരടിപ്പാറയിലെത്തിയത്. കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്റടിച്ച് കഴിയുകയായിരുന്നു. രാവിലെ അടുത്തുള്ള മലയിലേക്ക് ട്രക്കിങ് നടത്തുന്നതിനിടെ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.
2019ൽ വാഗമണ്ണിലേക്ക് ട്രക്കിങ്ങിന് പോകവേ ഗുജറാത്ത് സ്വദേശിയായ ദീപക് സിങ് മരണപ്പെട്ടിരുന്നു. അനധികൃതമായി ട്രക്കിങ് നടത്തുന്നവരെക്കുറിച്ച് വിവരം ലഭിച്ചാൽ സ്ഥലത്തെത്തി കേസെടുക്കുന്നുണ്ടെന്ന് വനം വകുപ്പ് പറയുന്നു. പലപ്പോഴും ഇവർക്കെതിനെ നടപടി എടുക്കുമ്പോൾ നാട്ടുകാരും രാഷ്ട്രീയ പാർട്ടികളടക്കമുള്ളവരുമാണ് എതിർപ്പുമായി എത്തുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ചൊക്രമുടിയിലടക്കം വനം വകുപ്പ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ വനം വകുപ്പിന്റെ നിരീക്ഷണം തുടരുകയാണെന്നും അധികൃതർ പറഞ്ഞു. ട്രക്കിങ്ങിനെത്തുന്നവർ അംഗീകൃത ട്രക്കിങ് ആണോയെന്ന് ഉറപ്പുവരുത്തുക, ലൊക്കേഷൻ മാപ്പുകൾ കരുതുക, റോപ്വേ പോലുള്ള സുരക്ഷ സാമഗ്രികൾ കരുതുക, ലോക്കേഷൻ മാപ്പ് കരുതുക, എമർജൻസി മാസ്റ്റർ പ്ലാൻ ഉണ്ടായിരിക്കുക എന്നീ കാര്യങ്ങൾ പാലിക്കണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.