ഭൂപ്രശ്നം: ചട്ടമെവിടെ
text_fieldsതൊടുപുഴ: നിർമാണ നിരോധനത്തിന് പരിഹാരമായി നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ഭൂപതിവ് ഭേദഗതി ബിൽ ഗവർണർ ഒപ്പിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ചട്ടം രൂപവത്കരിക്കാത്തതിൽ പ്രതിഷേധം. 2023 സെപ്റ്റംബർ 14ന് നിയമസഭ പാസാക്കിയ ബിൽ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഏഴ് മാസത്തോളം തടഞ്ഞുവെച്ച ശേഷം കഴിഞ്ഞ വർഷം ഏപ്രിലിൽ ഒപ്പിട്ടിരുന്നു.
ഗവർണർ ബില്ലിൽ ഒപ്പിടാൻ കൂട്ടാക്കാത്തതിൽ 2024 ജനുവരി ഒമ്പതിന് രാജ്ഭവനിലേക്ക് എൽ.ഡി.എഫ് മാർച്ച് നടത്തുകയും അന്നേ ദിവസം വ്യാപാരികളുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ തൊടുപുഴയിലെത്തിയതിനെ തുടർന്ന് എൽ.ഡി.എഫ് ഹർത്താൽ ആചരിക്കുകയും ചെയ്തു. എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിക്കുകയും ചെയ്തു.
തുടർ പ്രതിഷേധങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ സി.പി.എം നേതൃത്വത്തിൽ ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷം ഇ-മെയിൽ അയച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ഭൂനിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കിയത് പ്രചാരണ വിഷയമാക്കിയിരുന്നു.
എന്നാൽ, ഒടുവിൽ ഗവർണർ ഒപ്പിട്ട് ഇത്രനാളായിട്ടും ചട്ടം രൂപവത്കരിക്കാൻ സർക്കാർ തയാറായിട്ടില്ല. ജില്ലയിലെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഇത്. ചട്ടം രൂപവത്കരിക്കുന്നതോടെ നിർമാണ നിരോധനം പൂർണമായും ഒഴിവാകുമെന്നായിരുന്നു സർക്കാർ വാദം.
പട്ടയഭൂമിയിലെ വാണിജ്യകെട്ടിടങ്ങൾ മുതൽ പാർട്ടി ഓഫിസുകൾവരെ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ നിയമപരമായ നിർമിതികളാകും. ഭൂമി കാർഷിക ഇതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. 1960ൽ പട്ടം താണുപിള്ള സർക്കാറിന്റെ കാലത്ത് റവന്യൂ ഭൂമി പതിച്ചുനൽകുന്നതിനായി കൊണ്ടുവന്നതാണ് ഭൂപതിവ് നിയമം.
1964ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് ഭൂപതിവ് ചട്ടം പ്രാബല്യത്തിൽ വന്നത്. ഭൂപതിവ് ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമാണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് നിർമാണ നിരോധനത്തിലേക്ക് നയിച്ചത്. 1960ലെ നിയമത്തിന്റെ കീഴിൽ പട്ടയം ലഭിച്ചവർക്ക് നിയന്ത്രണം മറികടന്ന് ഭൂവിനിയോഗം സാധ്യമാക്കുന്ന തരത്തിലാണ് നിയമ ഭേദഗതി വരുത്തിയിരിക്കുന്നത്.
ഭേദഗതി നിയമം നിലവിൽ വരുന്ന അന്നുവരെ പട്ടയം ലഭിച്ച എല്ലാവരുടെയും ഭൂമിയിൽ നടത്തിയ നിർമാണം സാധൂകരിക്കുന്നതിനും ഇതുവരെ നിർമാണം ഒന്നും നടത്താത്തവർക്ക് അതിനുള്ള അനുമതിയും ലഭ്യമാക്കുന്ന തരത്തിലാണ് ബിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് നടപ്പാക്കുന്നതിനുവേണ്ടി ചട്ടങ്ങളിലും ഭേഗഗതി വരുത്തുമെന്നാണ് അറിയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

