മങ്ങാട്ടുകവല ബസ്സ്റ്റാൻഡിന്റെ ചുറ്റുമതിൽ പൊളിച്ചതിൽ വിവാദം
text_fieldsമങ്ങാട്ടുകവല ബസ്സ്റ്റാൻഡിന്റെ പൊളിഞ്ഞ് കിടക്കുന്ന ചുറ്റുമതിൽ യു.ഡി.എഫ് നേതാക്കൾ സന്ദർശിക്കുന്നു
തൊടുപുഴ: മങ്ങാട്ടുകവല ബസ്സ്റ്റാൻഡിന്റെ ചുറ്റുമതിൽ പൊളിച്ചതുമായി ബന്ധപ്പെട്ട് വിവാദം. ചില കെട്ടിട ഉടമകളെ സഹായിക്കാൻ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ചുറ്റുമതിൽ പൊളിച്ച് സ്വകാര്യ ഷോപ്പിങ് കോംപ്ലക്സിൽനിന്ന് ബസ്സ്റ്റാൻഡിലേക്ക് പ്രവേശന മാർഗം തുറന്നു കൊടുത്തുവെന്ന ആക്ഷേപവുമായി യു.ഡി.എഫ് കൗൺസിലർമാരും നേതാക്കളുമാണ് രംഗത്തെത്തിയത്. മുനിസിപ്പൽ ചെയർമാനും ഏതാനും കൗൺസിലർമാരും അധികാരം ഉപയോഗിച്ച് പകൽക്കൊള്ള നടത്തുകയാണെന്നും കൗൺസിൽ തീരുമാനവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെപോലും അറിയിക്കാതെയാണ് ഈ നടപടിയെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ദീപക് ആരോപിച്ചു.
ജെസി ആന്റണി ചെയർപേഴ്സനായിരുന്ന കാലത്ത് മുനിസിപ്പൽ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ചതാണ് മങ്ങാട്ടുകവല ബസ്സ്റ്റാൻഡിന്റെ ചുറ്റുമതിൽ. നടപടിക്കെതിരെ ഓംബുഡ്സ്മാൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകും.സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ മുനിസിപ്പൽ ഓഫിസിന് മുന്നിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തുമെന്ന് നേതാക്കളായ ജോസഫ് ജോൺ, എ.എം. ഹാരിദ്, ജാഫർഖാൻ മുഹമ്മദ്, എം.എ. കരീം, വി.ഇ. താജുദ്ദീൻ, എം.എച്ച്. സജീവ്, പി.കെ. മൂസ എന്നിവർ അറിയിച്ചു.
അതേസമയം, ഉപയോഗശൂന്യമായിക്കിടന്ന ഈ സ്ഥലത്ത് ലഹരിമാഫിയ തമ്പടിക്കുന്ന സാഹചര്യമായിരുന്നുവെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. ഉപയോഗമില്ലാതെ കിടന്ന ശുചിമുറി പൊളിക്കണമെന്ന ആവശ്യം കൗൺസിൽ ചേർന്ന് തീരുമാനിച്ചതാണ്. മണ്ണുമന്തി യന്ത്രം ഉപയോഗിച്ച് പൊളിക്കുന്നതിനിടെ മതിൽ പൊളിഞ്ഞു വീഴുകയായിരുന്നുവെന്നും വീണ്ടും അത് പുനഃസ്ഥാപിക്കുമെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

