'ഉണർന്നിരിക്കൂ' മക്കളെ, 'ശ്രദ്ധ'യോടെ ഒപ്പമുണ്ടാകും
text_fieldsതൊടുപുഴ: സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ചും വിദ്യാർഥികൾക്കിടയിലും ലഹരിമാഫിയ വലവിരിക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പും വിമുക്തി മിഷനും ചേർന്ന് സമഗ്ര കർമപദ്ധതി തയാറാക്കുന്നു. ലഹരിക്കെതിരായ നടപടി കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം.
നേർക്കൂട്ടം, ശ്രദ്ധ സമിതികൾ എല്ലാ മെഡിക്കൽ കോളജ്, പ്രഫഷനൽ കോളജുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഇതിെൻറ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് സമിതികൾ രൂപവത്കരിക്കുക.
എല്ലാ തദ്ദേശഭരണ സ്ഥാപനത്തിലെയും വാർഡ് തലത്തിൽ വിമുക്തി കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനം നടത്തുന്നുണ്ട്. ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സയും കൗൺസലിങ്ങും നൽകുന്നു. വാർഡ് കമ്മിറ്റികൾ കൂടുമ്പോൾ ലഭിക്കുന്ന ലഹരിവസ്തുക്കളുടെ ദുരുപയോഗം സംബന്ധിച്ച പരാതികൾ പരിശോധിച്ച് കേസുകൾ കണ്ടെത്തും.
വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ക്ലബുകളുമുണ്ട്. കോളജ് തലത്തിൽ അധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ, തദ്ദേശഭരണ പ്രതിനിധികൾ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി കാമ്പസുകളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനാണ് 'നേർക്കൂട്ടം' പേരിലും ഹോസ്റ്റലുകളിൽ 'ശ്രദ്ധ' പേരിലും കമ്മിറ്റികൾ രൂപവത്കരിക്കുന്നത്.
കോളജുകളിലെയും സ്കൂളുകളിലെയും ഹോസ്റ്റലുകൾ ഉള്ള സ്ഥലങ്ങളിൽ അവിടുത്തെ കുട്ടികളുടെ ശീലങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കുകയാണ് നേർക്കൂട്ടം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ജില്ലയിലെ അഞ്ച് സ്കൂളിൽ; ഉണർവ് പദ്ധതി
തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ അടിസ്ഥാന കായിക സൗകര്യം വികസിപ്പിക്കുകയും അതുവഴി കുട്ടികളിലെ ശാരീരികവും മാനസികവുമായ ഉന്നമനവുമാണ് മറ്റൊരു പദ്ധതിയായ ഉണർവിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി സ്കൂളുകളിലും കോളജുകളിലും കായിക വിനോദങ്ങൾക്ക് പ്രോത്സാഹനം നൽകും.
കായികരംഗത്തുള്ള ഇടപെടൽ ഉണ്ടാകാതെ ഒറ്റപ്പെട്ട മനഃസ്ഥിതിയും സാഹചര്യവുമൊക്കെയാണ് പലരെയും ലഹരി ഉപയോഗങ്ങളിലേക്ക് വീഴ്ത്തുന്നതെന്ന നിരീക്ഷണത്തിലുമാണ് ഉണർവ് ആവിഷ്കരിച്ചത്. ഷട്ടിൽ കോർട്ട്, വോളിബാൾ കോർട്ട് തുടങ്ങിയ കളിയിടങ്ങൾ ഒരുക്കുന്നതടക്കം പദ്ധതിയുടെ ഭാഗമാണ്.
ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിൽ നാല് സ്കൂളുകളിൽ പദ്ധതി നടപ്പാക്കും. കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പദ്ധതി നടപ്പാക്കാൻ അഞ്ചുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ ജില്ലയിലെ പത്തോളം സ്കൂളുകളിൽ പെൺകുട്ടികളുടെ സ്വയം പ്രതിരോധത്തിന് കരാട്ടേ പരിശീലനം സംഘടിപ്പിക്കുന്നുണ്ട്.
സ്കൂളിലും സമൂഹത്തിലും ലഹരിയുടെ സാന്നിധ്യവും അവ ഏതൊക്കെ തരത്തിൽ സമൂഹത്തെ സ്വാധീനിക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങളിൽ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകളെ ഉൾപ്പെടുത്തി വിമുക്തി മിഷെൻറ നേതൃത്വത്തിൽ സർവേ നടത്തിയിരുന്നു. ഈ സർവേ റിപ്പോർട്ടടക്കം കണക്കിലെടുത്താണ് പദ്ധതി തയാറാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.