കൊക്കോ വിലയിൽ ഇടിവ് വ്യാപാരികളും കർഷകരും പ്രതിസന്ധിയിൽ
text_fieldsതൊടുപുഴ: കൊക്കോ വിലയിൽ ഇടിവ് തുടരുന്നത് കർഷകരെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നു.
2024 മേയ് തുടക്കത്തിൽ 1000-1075 രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില നിലവിൽ 250-300 രൂപയാണ്. 270 രൂപ വരെ വില ലഭിച്ചിരുന്ന പച്ച കൊക്കോയ്ക്ക് 40 രൂപയായും വില താഴ്ന്നു. ഇതോടെ വലിയ നഷ്ടമാണ് കൊക്കോ സംഭരിച്ച വ്യാപാരികളും കർഷകരും നേരിടുന്നത്. 400 രൂപ വില ഉണ്ടായിരുന്ന സമയത്ത് ടൺ കണക്കിന് ഉണങ്ങിയ കൊക്കോ പരിപ്പാണ് ഇടുക്കിയിലെ പല വ്യാപാരികളും സംഭരിച്ചത്.
ഇടക്കാലത്ത് അണ്ണാൻ, മരപ്പട്ടി ശല്യവും കീടബാധയും മൂലം ഇടുക്കിയിൽ കർഷകർ വ്യാപകമായി കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ ഉൽപാദനം ഇടിയുകയും വില കുതിച്ചു കയറുകയുമായിരുന്നു. ഇതോടെ കർഷകർ തങ്ങളുടെ കൊക്കോ ചെടികൾക്ക് മികച്ച രോഗ പരിചണവും വളപ്രയോഗവും നടത്തി. ഇതോടെ ഉൽപാദനം നേരിയ തോതിൽ ഉയർന്നിരുന്നു. കട്ടപ്പന, അണക്കര, വണ്ടിപ്പെരിയാർ, അടിമാലി, കുമളി എന്നീ കമ്പോളങ്ങളിലാണ് ഹൈറേഞ്ചിൽ പ്രധാനമായും കൊക്കോ ശേഖരിക്കുന്നത്. മേയ് മുതൽ സെപ്റ്റംബർ വരെയാണ് ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ കൂടുതലായി കൊക്കോ എത്തുന്നത്. ഹൈറേഞ്ചിലെ വ്യാപാരികളിൽ നിന്നും പാൽ ഉൽപ്പന്നങ്ങളും ചോക്ലേറ്റും നിർമിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്പനികളുടെയും ഏജൻസികൾ കൊക്കോ ശേഖരിച്ച് ഗുജറാത്ത്, ബോംബെ, ഡൽഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് കയറ്റി അയക്കുന്നത്.
നിലവിൽ കുത്തനെയുള്ള വിലയിടിവിന് ചോക്ലേറ്റ് കമ്പനികൾക്കും ചെറുകിട വ്യാപാരികൾക്കും ഇടനില നിൽക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

