ചികിത്സയും മരുന്നും ലഭിക്കുന്നില്ല; മന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ തൊടുപുഴ ജില്ല ആശുപത്രിയിൽ സംഘർഷാവസ്ഥ
text_fieldsതൊടുപുഴ ജില്ല ആശുപത്രിയിൽ ഉപരോധം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസ് തമ്മിലുണ്ടായ ഉന്തും തള്ളും
തൊടുപുഴ: ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ തൊടുപുഴ ജില്ല ആശുപത്രി സന്ദർശനത്തിന് പിന്നാലെ സംഘർഷവും ഉപരോധവും. ആശുപത്രി സൂപ്രണ്ടിനെയും ഡി.എം.ഒ.എയെയും ആശുപത്രിയിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. രോഗികൾക്ക് ചികിത്സയും മരുന്നും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം. വിഷയത്തിൽ സൂപ്രണ്ട് ചർച്ചക്ക് തയാറാകണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ ഓഫിസിലേക്ക് തള്ളിക്കയറുകയായിരുന്നു.
ആശുപത്രിയിലെത്തിയ മന്ത്രി സൂപ്രണ്ടിന്റെ കാബിനിൽ ഡി.എം.ഒ ഉൾപ്പെടെയുള്ളവരുമായി ആശുപത്രി വികസനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെ അത്യാഹിത വിഭാഗത്തിൽ പനിയും ശ്വാസംമുട്ടലും ബാധിച്ചെത്തിയ കുട്ടിയെ കോട്ടയത്തേക്ക് റഫർ ചെയ്തിരുന്നു. കുട്ടിക്ക് വേണ്ട വിധത്തിലുള്ള ചികിത്സ ലഭിച്ചില്ലെന്ന പരാതിയും ഇതോടെ ഉണ്ടായി.
ചർച്ചക്കുശേഷം പുറത്തിറങ്ങിയ മന്ത്രിയോട് ഈ വിഷയത്തിൽ പ്രതികരണം ചോദിച്ചെങ്കിലും സൂപ്രണ്ടിനോട് സംസാരിക്കാൻ പറഞ്ഞ ശേഷം മടങ്ങി. ഇതിനിടെ പൂച്ചയുടെ കടിയേറ്റ കുട്ടിയുമായി മൂന്നാംതവണ പ്രതിരോധ കുത്തിവെപ്പിനെത്തിയ കരിമണ്ണൂർ സ്വദേശിനിയായ യുവതി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നതായ പരാതി ഉന്നയിച്ചു. ഇതിനൊപ്പം മരുന്നിനെത്തിയ മറ്റു ചിലരും ഡോക്ടർമാരുടെ അഭാവം ചൂണ്ടിക്കാട്ടി പ്രതിഷേധമറിയിച്ചു.
ഇതിനിടെ ആശുപത്രിയിൽ പൊതിച്ചോർ വിതരണത്തിനെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലേക്ക് തള്ളിക്കയറുകയായിരുന്നു. ഈ സമയം സൂപ്രണ്ടും ഡി.എം.ഒയുമാണ് സ്ഥലത്തുണ്ടായിരുന്നത്. വിഷയത്തിൽ വിശദീകരണം വേണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ ഉപരോധം തുടങ്ങിയതോടെ പൊലീസെത്തി. സമരക്കാരെ നീക്കം ചെയ്യാൻ തുടങ്ങിയെങ്കിലും പ്രവർത്തകരുമായി സംഘർഷാവസ്ഥലായി. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചക്കൊടുവിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
തങ്ങൾ ഉന്നയിച്ച രണ്ടുവിഷയങ്ങളും പരിശോധിക്കുമെന്ന് ഉറപ്പുനൽകിയതിനാൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഡി.വൈ.എഫ്.ഐ ജില്ല ട്രഷറർ എം.എസ്. ശരത് പറഞ്ഞു. മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരക്കുണ്ടായിരുന്നെങ്കിലും ചികിത്സയിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും സമരക്കാർ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കുമെന്നും സൂപ്രണ്ട് സാം പോളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

