തൊടുപുഴ നഗരത്തിലെ ചിൽഡ്രൻസ് പാർക്ക് നാശത്തിലേക്ക്
text_fieldsതൊടുപുഴ: നഗരസഭയിൽ കുട്ടികളുടെ പേരിലുള്ള പാർക്കിന്റെ അവസ്ഥ കണ്ടാൽ കഷ്ടം എന്നേ പറയാൻ കഴിയൂ. കളിയുപകരണങ്ങളിൽ പലതും ഉപയോഗ ശൂന്യമായിട്ട് മാസങ്ങളായെങ്കിലും ഇവ നന്നാക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ല. പാർക്കിലെത്തുന്നവർക്കായി ആവശ്യമായ ഇരിപ്പിടം പോലുമില്ലെന്നതാണ് യാഥാർഥ്യം. ഉള്ളവയിൽ പലതും കാലപ്പഴക്കത്താൽ നശിച്ച് തുടങ്ങി.
പാർക്കിലെ ഏക വാട്ടർ ഫൗണ്ടൻ വറ്റി വരണ്ടിട്ട് നാളുകളായെങ്കിലും ഇത് അറ്റകുറ്റപ്പണി നടത്തി പുനരാരംഭിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സന്ദർശകർക്ക് നടക്കുന്നതിനായുള്ള ടൈൽ പാകിയ നടപ്പാത പലയിടത്തും തകർന്നു. അലങ്കാരമത്സ്യങ്ങളെ നിക്ഷേപിച്ചിരിക്കുന്ന കുളത്തിന് ചുറ്റും കാടുമൂടി കിടന്നിട്ടും ഇത് വേണ്ടവിധം ശുചീകരിച്ച് പരിപാലിക്കാൻ പോലും ആർക്കും സമയമില്ല.
നഗരത്തിൽ കുട്ടികൾക്ക് ഓടിച്ചാടി നടക്കാൻ സൗകര്യപ്രദമായ ഏക സ്ഥലമാണ് പരിമിതികളാൽ വീർപ്പുമുട്ടുന്നത്.പാർക്കിലെത്തുന്നവർക്ക് ശാന്തമായി തൊടുപുഴയാറിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഒരുക്കിയിരുന്ന റിവർ ഫ്രണ്ട് വ്യൂ പോയിന്റ് അടച്ച് പൂട്ടിയിട്ട് വർഷങ്ങളായി. പാർക്കിലെ ഏറ്റവും മനോഹരകാഴ്ച നൽകുന്ന ഈ ഭാഗങ്ങൾ എന്തിനാണ് അടച്ചിട്ടിരിക്കുന്നതെന്ന് നഗരസഭക്ക് പോലും നിശ്ചയമില്ല.
കളിയുപകരണങ്ങൾ പലതും കാഴ്ചവസ്തു
പാർക്ക് ആകർഷകമാക്കാനായി വിവിധയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന പക്ഷി- മൃഗാദികളുടെ അലങ്കാര ശിൽപങ്ങൾ കാലപ്പഴക്കം മൂലം നിറംമങ്ങി തിരിച്ചറിയാനാകാത്ത വിധമായി. മനോഹരമായി നിറം നൽകിയാൽ കുട്ടികളെ ഏറെ സന്തോഷിപ്പിക്കാൻ കഴിയുന്ന ശിൽപങ്ങളാണ് പ്രയോജനരഹിതമായി കിടക്കുന്നത്.
പാർക്കിലെ പോരായ്മകളെപ്പറ്റി ചോദിച്ചാൽ ഉടനടി എല്ലാം ശരിയാക്കുമെന്ന പതിവ് പല്ലവി ആവർത്തിക്കുകയല്ലാതെ നഗരസഭ അധികൃതർക്കും ഇതില്ലൊന്നും താൽപര്യമില്ലാത്ത മട്ടിലാണ് കാര്യങ്ങൾ. നഗരത്തിൽ എത്തുന്നവർക്ക് കുട്ടികളുമായി സമയം ചിലവഴിക്കാനുള്ള ഏക പൊതു ഇടമാണ് ചിൽഡ്രൻസ് പാർക്ക്.
നവീകരണ പ്രവർത്തനങ്ങൾ നടത്തിയാൽ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ കഴിയുന്ന ഒന്നിന്റെ അവസ്ഥയാണിത്. പലപ്പോഴും ലക്ഷങ്ങളുടെ ഫണ്ടുകൾ ചിലവഴിച്ച് കളിയുപകരണങ്ങളടക്കം വാങ്ങുമെങ്കിലും അതൊന്നും കൃത്യമായി പരിപാലിക്കുന്നതിലോ പാർക്ക് മനോഹരമാക്കി നില നിർത്തുന്നതിലോ അധികൃതർ വേണ്ടത്ര ജാഗ്രതയും കാണിക്കുന്നിലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

